സീറ്റ് ചര്‍ച്ചക്ക് തുടക്കമിടാന്‍ യു.ഡി.എഫ് ഏകോപനസമിതി ഇന്ന്

തിരുവനന്തപുരം: സീറ്റ്വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ യു.ഡി.എഫ് ഏകോപനസമിതി ബുധനാഴ്ച യോഗം ചേരും. രാത്രി ഏഴിന് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലാണ് യോഗം. മുസ്ലീം ലീഗ് ഒഴികെ ഘടകകക്ഷികളെല്ലാം കൂടുതല്‍ സീറ്റ് വേണമെന്ന നിലപാടിലായതിനാല്‍ സീറ്റ്വിഭജനം ഇത്തവണയും കടമ്പകള്‍ നിറഞ്ഞതാവും. അതിനാല്‍ ഉഭയകക്ഷി ചര്‍ച്ചക്ക് തീയതി നിശ്ചയിച്ച് ബുധനാഴ്ചയിലെ യോഗം പിരിയാനാണ് സാധ്യത.

സീറ്റിന്‍െറ പേരില്‍ തര്‍ക്കത്തിനില്ളെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ചില സീറ്റുകള്‍ വെച്ചുമാറണമെന്ന ആഗ്രഹം അവര്‍ക്കുണ്ട്. അക്കാര്യം ഇന്നത്തെ യോഗത്തില്‍ അറിയിക്കും. സീറ്റിന്‍െറ പേരില്‍ തര്‍ക്കത്തിനില്ളെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മൂന്നാംകക്ഷിയായ മാണിഗ്രൂപ്പിന് അധികം സീറ്റ് നല്‍കിയാല്‍ രണ്ടാമത്തെ കക്ഷിയായ ലീഗിനേയും പരിഗണിക്കേണ്ടി വരും. മാണിഗ്രൂപ് 20 സീറ്റ് വരെ വേണമെന്ന നിലപാടിലാണ്. പാര്‍ട്ടിക്കുള്ളിലെ ഭിന്നത തീര്‍ക്കാന്‍ കൂടുതല്‍ സീറ്റ്കിട്ടിയേ തീരൂവെന്ന നിലപാടിലാണ് അവര്‍. മാണിഗ്രൂപ് ഉന്നമിടുന്ന സീറ്റുകളില്‍ പലതും കോണ്‍ഗ്രസിന്‍േറതുമാണ്. ജെ.ഡി.യുവിന് 10ഉം ആര്‍.എസ്.പിക്ക് എട്ടും സീറ്റ് വേണമെന്നാണ് ആഗ്രഹം. കേരള കോണ്‍ഗ്രസ് -ജേക്കബ്ഗ്രൂപ്  പിറവം, അങ്കമാലി അല്ളെങ്കില്‍ മൂവാറ്റുപുഴ ഉള്‍പ്പെടെ നാല്സീറ്റുകളാണ് ആവശ്യപ്പെടുന്നത്.

ജെ.എസ്.എസും കേരള കോണ്‍ഗ്രസ്-ബിയും മുന്നണിയിലില്ലാത്തത് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നതാണ്. ജെ.എസ്.എസ് പ്രസിഡന്‍റ് കെ.കെ. ഷാജു കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.  അടൂര്‍ അല്ളെങ്കില്‍ മാവേലിക്കരയില്‍ അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചനയുണ്ട്. മറ്റൊരു ജെ.എസ്.എസ് നേതാവായ അഡ്വ. രാജന്‍ ബാബുവിനെ വെള്ളാപ്പള്ളി നടേശനുമായുള്ള ബന്ധത്തിന്‍െറ പേരില്‍ യു.ഡി.എഫ്  മാറ്റിനിര്‍ത്തിയിരിക്കുകയുമാണ്. അതിനാല്‍ അവര്‍ക്ക്  സീറ്റ് നല്‍കേണ്ടി വരില്ല. സി.പി ജോണ്‍ നയിക്കുന്ന സി.എം.പിക്കും സീറ്റ് നല്‍കേണ്ടതില്ളെന്ന അഭിപ്രായം കോണ്‍ഗ്രസിലുണ്ട്. എന്നാല്‍, മുന്നണിയില്‍ ഉറച്ചുനില്‍ക്കുന്ന അവരെ ഒഴിച്ചുനിര്‍ത്തുന്നത് ശരിയല്ളെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

ബുധനാഴ്ചയിലെ യു.ഡി.എഫ് യോഗത്തില്‍ സീറ്റിന്‍െറ കാര്യത്തില്‍ ഏതെങ്കിലും ധാരണ ഉണ്ടാകാന്‍ ഇടയില്ല. പകരം ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയശേഷം ഉഭയകക്ഷിചര്‍ച്ചക്ക് തീരുമാനമെടുക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം വരുന്നതിനൊപ്പം ചര്‍ച്ചകളും ആരംഭിച്ച് സീറ്റ്വിഭജനം പൂര്‍ത്തീകരിക്കാനാണ് മുന്നണി നേതൃത്വം ആഗ്രഹിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.