ജയിലില്‍ ദുല്‍ഖറാണ് താരം....

തിരുവനന്തപുരം: പൊള്ളുന്നചൂടില്‍ കാത്തുനിന്ന തടവുകാര്‍ക്കിടയിലേക്ക് ആവേശം നിറച്ചായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍െറ വരവ്. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ പുരസ്കാരം നേടിയതിന് പിന്നാലെ തടവറയിലെ ആഘോഷ നിമിഷങ്ങളില്‍ സംബന്ധിക്കാനത്തെിയ താരത്തിന് ലഭിച്ചത് ഹൃദ്യമായ വരവേല്‍പ്.
 പൂജപ്പുര സെന്‍ട്രല്‍ ജയില്‍ദിനാഘോഷത്തില്‍ പങ്കെടുക്കാനത്തെിയതായിരുന്നു ദുല്‍ഖര്‍. കൈയടിയോടെയായിരുന്നു സ്വീകരണം. പിന്നെ, തടവുകാരില്‍ ചിലരുടെ ഹസ്തദാനം. വിനയ് ഫോര്‍ട്, വിനായകന്‍, ബാലചന്ദ്രന്‍ എന്നിവരും ചടങ്ങിന് മാറ്റുകൂട്ടാനത്തെിയിരുന്നു.
പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന മന്ത്രി രമേശ് ചെന്നിത്തല തിരക്കുകാരണം ഒരുമണിക്കൂര്‍ വൈകിയാണ് എത്തിയത്. ‘സൂപ്പര്‍ താരം മമ്മൂട്ടിയെ പലതവണ ജയിലില്‍ കണ്ടിട്ടുണ്ട്. പക്ഷേ, അത് സിനിമയിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍െറ മകനെ ജയിലില്‍ കണ്ടത് നേരിട്ടും....’ -മന്ത്രിയുടെ വാക്കുകള്‍ സദസ്സില്‍ ചിരിപടര്‍ത്തി.
 മികച്ച നടനുള്ള പുരസ്കാരത്തിന് അര്‍ഹനായ ദുല്‍ഖറിനെ മന്ത്രി പൊന്നാടയണിയിച്ചു. ജയില്‍വകുപ്പിന്‍െറ വകയായിരുന്നു ആദരം. ‘..വാപ്പച്ചിയുടെ വാക്കുകളിലൂടെ മാത്രം കേട്ടറിഞ്ഞ ജയില്‍ നേരിട്ട് കണ്ടറിയാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്..’ -ദുല്‍ഖര്‍ ജയിലനുഭവം പങ്കുവെച്ചു. ‘..വാപ്പച്ചിയുടെ വാക്കുകളിലൂടെ അറിഞ്ഞ ജയിലിന് എന്തെങ്കിലും പരിഷ്കാരം വേണമെങ്കില്‍ അറിയിക്കണം..’- ദുല്‍ഖറിന്‍െറ വാക്കുകള്‍ക്ക് മന്ത്രിയുടെ പ്രതികരണം ഇതായിരുന്നു.  ഇതോടെ സദസ്സ് ചിരിയില്‍ മുങ്ങി.
സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് കുറച്ചുദിവസം സെന്‍ട്രല്‍ ജയിലില്‍ ഉണ്ടാകുമെന്ന് ദുല്‍ഖര്‍ അറിയിച്ചതോടെ തടവുകാരും ആവേശത്തിലായി.
മന്ത്രിക്ക് ജയില്‍ വകുപ്പിന്‍െറ ഉപഹാരമായി ലക്ഷ്മിഗണപതി വിഗ്രഹം സൂപ്രണ്ട് എ.ജി. സുരേഷ് സമ്മാനിച്ചു. ഐ.ജി എച്ച്. ഗോപകുമാര്‍, ഡി.ഐ.ജി ബി. പ്രദീപ്, ചീഫ് വെല്‍ഫെയര്‍ ഓഫിസര്‍ കെ.എ. കുമാരന്‍, റീജ്യനല്‍ വെല്‍ഫെയര്‍ ഓഫിസര്‍ കെ.ഇ. ഷാനവാസ് എന്നിവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.