വിമാനത്തിന് നേരെ ലേസര്‍ പ്രയോഗിച്ചത് പരപ്പനങ്ങാടി ഭാഗത്തു നിന്ന്

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്‍െറ കോക്പിറ്റിലേക്ക് ലേസര്‍ പ്രയോഗം വന്നത് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ കണ്ടത്തെി. ബുധനാഴ്ച രാത്രി 10.40ന് കോഴിക്കോട് നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്സ്പ്രസിന്‍െറ ഐ.എക്സ് 343 വിമാനത്തിന് നേരെയാണ് ലേസര്‍ പ്രയോഗം ഉണ്ടായത്. പൊലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു.
പരപ്പനങ്ങാടിയിലെ തീരപ്രദേശത്ത് നിന്നാണെന്ന് കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തില്‍ മേഖലയില്‍ ബോധവത്കരണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഗൗരവമറിയാതെ ലേസര്‍ ഉപയോഗിച്ചതാകുമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് വര്‍ഷം മുമ്പ് കരിപ്പൂരിലേക്ക് വിമാനം വരുന്നതിനിടെയും ലേസര്‍ പ്രയോഗം നടന്നിരുന്നു.
 അതീവ ഗുരുതര സംഭവമായതിനാല്‍ ഗൗരവമായാണ് വിഷയത്തെ അധികൃതര്‍ കാണുന്നത്. ഇതിന്‍െറ ഭാഗമായാണ് മേഖലയില്‍ ശക്തമായ ബോധവത്കരണം നടത്താന്‍ തീരുമാനിച്ചത്. വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് ഏഴ് എയ്റോനോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് സംഭവം നടന്നത്. എട്ട് എയ്റോ നോട്ടിക്കല്‍ മൈലാണ് അറബികടലിലേക്കുള്ള ദൂരം.
സംഭവം നടക്കുമ്പോള്‍ 2,500 അടി ഉയരത്തിലായിരുന്നു വിമാനം. 16,000 അടി ഉയരത്തില്‍ വരെ ലേസര്‍ പ്രയോഗിക്കാനാകുമെന്ന് പൊലീസ് പറഞ്ഞു.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പൈലറ്റ് കോഴിക്കോട് വിമാനത്താവളത്തിലെ വ്യോമയാന ഗതാഗത നിയന്ത്രണ കേന്ദ്രത്തെ (എ.ടി.സി) വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറി. രാജ്യന്തര എയര്‍ ക്രാഫ്റ്റ് നിയമമനുസരിച്ച് വ്യോമയാന ഗതാഗത മേഖലയില്‍ ലേസര്‍ പ്രയോഗം നിരോധിച്ചിട്ടുണ്ട്. ലേസര്‍ രശ്മികളെ പിന്തുടര്‍ന്ന് ആയുധപ്രയോഗം കൃത്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.