ഒന്നേകാല്‍ ലക്ഷം പേരെ നീക്കി; ഏപ്രില്‍ 29വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം

തിരുവനന്തപുരം: മരിച്ചവരും ഇരട്ടിപ്പ് വന്നവരുമായി ഒന്നേകാല്‍ ലക്ഷത്തോളം പേരെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഇ.കെ. മാജി.
ഇരട്ട വോട്ട് വന്ന 38399 പേരും മരിച്ച  82016 പേരും അടക്കം 120415 പേരെയാണ് സൂക്ഷ്മപരിശോധനക്കുശേഷം ഒഴിവാക്കിയത്. പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഏപ്രില്‍ 29വരെ അപേക്ഷ നല്‍കാം. തരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വോട്ടര്‍പട്ടികയെക്കുറിച്ചുള്ള പരാതിയെ തുടര്‍ന്നാണ് പരിശോധന. 25627620 വോട്ടര്‍മാരാണ് പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 12326185 പുരുഷന്മാരും 13301435 വനികളുമാണ്. 25 ലക്ഷത്തോളമാണ് പുതിയ വോട്ടര്‍മാര്‍. വീണ്ടും പേര് ചേര്‍ക്കുമ്പോള്‍ എണ്ണത്തില്‍ മാറ്റമുണ്ടാവും. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളില്‍ 14 എണ്ണം പട്ടികജാതിക്കാര്‍ക്കും രണ്ടെണ്ണം പട്ടികവര്‍ഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.  21498 പോളിങ് സ്റ്റേഷനുകളാണുള്ളത്.  35946 ബാലറ്റ് യൂനിറ്റുകളും 27004 കണ്‍ട്രോള്‍ യൂനിറ്റുകളുമടങ്ങുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് സജ്ജീകരിക്കുന്നത്. പത്ത് ജില്ലകളിലെ 12 മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്തുവെന്ന്  വോട്ടര്‍ക്ക് മാത്രം ബോധ്യപ്പെടുന്നവിധം പ്രദര്‍ശിപ്പിക്കുന്ന യന്ത്രങ്ങള്‍ ഏര്‍പ്പെടുത്തും. രാജ്യത്ത് ആദ്യമായാണിത്.  ഒന്നര ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണ് പോളിങ് ജോലികള്‍ക്ക് വിന്യസിക്കുക. 64 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഉണ്ടാവും.
പോളിങ് സ്റ്റേഷനുകളില്‍ വോട്ടര്‍മാര്‍ക്ക് സഹായകേന്ദ്രം ഏര്‍പ്പെടുത്തും. സ്ളിപ്പുകള്‍ വിതരണം ചെയ്യും. അംഗപരിമിതര്‍, ഗര്‍ഭിണികള്‍, കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് വോട്ടു ചെയ്യാന്‍ മുന്‍ഗണന നല്‍കും. ബൂത്തുകളില്‍ യന്ത്രങ്ങളിലെ ബാലറ്റിന്‍െറ മാതൃകയില്‍ പേപ്പര്‍ ബാലറ്റുകള്‍ പതിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.