പ്രവാസി വോട്ട്: ഇത്തവണയും ഫലം നിരാശ

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് നാട്ടില്‍വന്ന് വോട്ടുചെയ്യാന്‍ നിലവിലുള്ള സൗകര്യം മാത്രമേ ലഭ്യമാവുകയുള്ളൂവെന്ന തെരഞ്ഞെടുപ്പ് കമീഷന്‍െറ അറിയിപ്പ് പ്രവാസികള്‍ക്ക് തിരിച്ചടിയായി. ഇ-വോട്ട് ഈ തെരഞ്ഞെടുപ്പിലും യാഥാര്‍ഥ്യമാകില്ളെന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സെയ്ദി അറിയിച്ചത്.

ഇതോടെ വോട്ടുചെയ്യാനുള്ള പ്രവാസികളുടെ കാത്തിരിപ്പ് നീളുമെന്ന് വ്യക്തമായി. പ്രവാസിസമൂഹത്തിന് തെരഞ്ഞെടുപ്പില്‍ ഭാഗഭാക്കാകാന്‍ അവസരം ഒരുക്കണമെന്ന് സുപ്രീംകോടതി ഒന്നര വര്‍ഷം മുമ്പ് നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇത് പ്രാവര്‍ത്തികമാകാന്‍ സാധ്യതയില്ളെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. സംസ്ഥാന ഭരണം നിര്‍ണയിക്കുന്നതില്‍ പ്രവാസി വോട്ട് സുപ്രധാന ഘടകമാകുന്ന സാഹചര്യത്തിലാണ് പ്രവാസി വോട്ടിന് വേണ്ടിയുള്ള മുറവിളികള്‍ തുടങ്ങിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്രസര്‍ക്കാറും ഈ ആവശ്യം അംഗീകരിക്കുകയും സുപ്രീംകോടതി ശരിവെക്കുകയും ചെയ്തതോടെ പ്രവാസി വോട്ട് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ അടുത്തകാലംവരെയുണ്ടായിരുന്നു. 

ഇലക്ട്രോണിക് തപാല്‍ വോട്ടുവഴി വോട്ടുചെയ്യാമെന്നായിരുന്നു പ്രവാസികളുടെ പ്രതീക്ഷ. വിദേശത്തുള്ള ഒരു വോട്ടര്‍ അപേക്ഷിച്ചാല്‍ ബന്ധപ്പെട്ട പ്രദേശത്തെ റിട്ടേണിങ് ഓഫിസര്‍ സുരക്ഷാ കോഡ് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ ഇന്‍റര്‍നെറ്റ് വഴി അയച്ചുകൊടുക്കുകയാണ് ആദ്യപടി.  ഇതിന് ഇ-മെയില്‍ വിലാസം നേരത്തെ നല്‍കണം. മൊബൈല്‍ ഫോണിലേക്ക് റിട്ടേണിങ് ഓഫിസര്‍ അയച്ചുകൊടുക്കുന്ന രഹസ്യകോഡ് ഉപയോഗിച്ചെങ്കിലേ കമ്പ്യൂട്ടറില്‍നിന്നും ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയൂ.

ഇങ്ങനെ ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍െറടുത്താണ് വോട്ട് രേഖപ്പെടുത്തുക. ഫെബ്രുവരി ആദ്യവാരത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ തിരുവനന്തപുരത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി നടത്തിയ യോഗത്തിലും പ്രവാസി വോട്ട് സാധ്യമാകില്ളെന്ന് സൂചിപ്പിച്ചിരുന്നു.
പ്രവാസികളുടെ പ്രതിനിധികള്‍ക്ക് വോട്ടുചെയ്യാനുള്ള പ്രോക്സി വോട്ട് സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ശിപാര്‍ശ നിയമമന്ത്രാലയത്തിന്‍െറ പരിഗണനയിലാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷന്‍ അന്ന് പറഞ്ഞത്. ഈ നിയമം പാസാകുന്ന മുറക്ക് നടപ്പാക്കുമെന്നും കമീഷന്‍ വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.