വിധി പറയുന്ന മതമേലധ്യക്ഷന്മാർക്ക് യോഗ്യതയുണ്ടോ എന്ന് ചിന്തിക്കണം -ജസ്റ്റിസ് കെമാൽപാഷ

കോഴിക്കോട്: മതമേലധ്യക്ഷന്മാർ വിധികൾ പറയുമ്പോൾ തങ്ങൾക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് കൂടി ചിന്തിക്കണമെന്ന് ഹൈകോടതി ജസ്റ്റിസ് ബി. കെമാൽപാഷ. വിധികൾ പറയുന്നവർക്ക് അതിനുള്ള യോഗ്യതയുണ്ടോയെന്ന് ജനങ്ങളും ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം വ്യക്തി നിയമത്തില്‍ സ്ത്രീകളുടെ നേര്‍ക്ക് കടുത്ത വിവേചനമാണ് നിലനില്‍ക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, വ്യക്തിനിയമത്തില്‍ കൂടുതല്‍ പരിഗണന കിട്ടുന്നത് പുരുഷന്‍മാര്‍ക്കാണെന്നും ഇങ്ങനെയുളള പുരുഷാധിപത്യത്തിന് വഴിയൊരുക്കിയത് മതമേലധ്യക്ഷന്‍മാരാണെന്നും ആഞ്ഞടിച്ചു. ഖുർആനില്‍ പറയുന്ന അവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്നും ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു. ഗാർഹിക പീഡന നിരോധ നിയമം വിഷയത്തിൽ പുനർജ്ജനി വനിത അഭിഭാഷക സമിതി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ത്വലാഖ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുസ് ലിം സ്ത്രീകളോട് വിവേചനം കാട്ടുന്നു. പുരുഷന്മാർക്ക് ഒരേ സമയം നാല് ഭാര്യമാരാകാമെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ട് നാല് ഭർത്താക്കൻമാരായിക്കൂടെ എന്ന് ജസ്റ്റിസ് കെമാൽപാഷ ചോദിച്ചു.

വിവാഹം കഴിച്ചെത്തുന്ന വീടിനുമേൽ പെൺകുട്ടിക്കുള്ള അവകാശം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായ നിർവചനമില്ലാതെ ഗാർഹിക പീഡന നിരോധ നിയമത്തിന് പൂർണമായ ഫലപ്രാപ്തിയുണ്ടാകില്ല. ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് രക്ഷ നേടണമെങ്കില്‍ സ്ത്രീകള്‍ തന്നെ മുന്നോട്ടിറങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.