രാജ്യദ്രോഹിയെന്ന മുദ്രകുത്തല്‍ വര്‍ഗീയ അജണ്ട –മേധാപട്കര്‍

തിരുവനന്തപുരം: ദേശീയതയും വികസനവും ചര്‍ച്ചചെയ്യുന്നവരെ രാജ്യദ്രോഹിയെന്ന് മുദ്രകുത്തുന്നത് നരേന്ദ്ര മോദിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗമാണെന്ന് നാഷനല്‍ അലയന്‍സ് ഓഫ് പീപ്ള്‍സ് മൂവ്മെന്‍റ് (എന്‍.എ.പി.എം) നേതാവ് മേധാപട്കര്‍. ലെനിന്‍ ബാലവാടിയില്‍ സി.അച്യുതമേനോന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ‘സുസ്ഥിരവികസനം-കേരളത്തിനുവേണ്ടി ഒരു മാര്‍ഗരേഖ’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മോദി സര്‍ക്കാര്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെല്ലാം ലംഘിക്കുന്നു. ഇതിനെതിരെ ജെ.എന്‍.യുവില്‍നിന്ന് ഉയരുന്നത് ബുദ്ധിജീവികളായ വിദ്യാര്‍ഥികളുടെ യുവശബ്ദമാണ്. അതിന്‍െറ പ്രതിനിധിയാണ് കനയ്യ കുമാര്‍. വിദേശകുത്തകകളുമായി ധാരണാപത്രം ഒപ്പിടുകയാണ് പ്രധാനമന്ത്രിയുടെ പ്രധാന ജോലി. കുത്തക കമ്പനികള്‍ക്കുവേണ്ടി ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയാണ് ഏറ്റെടുക്കുന്നത്. മോദി ഗുജറാത്തില്‍ പിന്തുടര്‍ന്നതും ഇതേ നയമായിരുന്നു. കേരളത്തിനായി സി.പി.ഐ കാര്‍ഷിക വികസന അജണ്ടയുണ്ടാക്കണം. മുതലാളിത്തത്തിനും നവമുതലാളിത്തത്തിനും ബദലായി ഇത് പ്രായോഗികമാക്കണമെന്നും അവര്‍  ആവശ്യപ്പെട്ടു.
സി.പി.ഐ ദേശീയസമിതി അംഗം ബിനോയ് വിശ്വം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ.ഇ. ഇസ്മാഈല്‍, ഡോ.പി. സുരേഷ്കുമാര്‍, ഡോ. ബി. ദീപ എന്നിവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.