മെത്രാന്‍ കായല്‍; വിവാദ ഉത്തരവ് പിന്‍വലിച്ചേക്കും

തിരുവനന്തപുരം: മെത്രാന്‍ കായലുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതിക്ക് അനുമതി നല്‍കിയ ഉത്തരവ് പിന്‍വലിച്ചേക്കും.
കെ.പി.സി.സി പ്രസിഡന്‍റ് അടക്കം നിരവധിപേര്‍ വിമര്‍ശവുമായി മുന്നോട്ട് വന്നതിനത്തെുടര്‍ന്നാണ് തീരുമാനം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിന് മൂന്നു ദിവസം മുമ്പ് കുമരകത്തെ മെത്രാന്‍ കായല്‍ നികത്താന്‍ റവന്യൂവകുപ്പ് അനുമതി നല്‍കിയതാണ് വിവാദമായത്. ഫെബ്രുവരി 25ന് നടന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. റവന്യൂമന്ത്രി അറിയാതെയാണ് ഫയല്‍ മന്ത്രിസഭായോഗത്തിന്‍െറ പരിഗണനക്കത്തെിയതെന്നും സൂചനയുണ്ട്.

അതേസമയം പദ്ധതിക്ക് ആദ്യം അനുമതി നല്‍കിയത് ഇടത് സര്‍ക്കാറാണെന്ന പൊതുഭരണ വകുപ്പിന്‍െറ 2010 ജൂലൈ 17ലെ  ഉത്തരവിന്‍െറ പകര്‍പ്പ് (നമ്പര്‍- 248/2010) പുറത്തുവന്നു. 2010ല്‍ മന്ത്രിസഭ അംഗീകരിച്ചശേഷമായിരുന്നു പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. കോട്ടയം കലക്ടറുടെ റിപ്പോര്‍ട്ടിന്‍െറയും പൊതുഭരണവകുപ്പിന്‍െറ ഉത്തരവിന്‍െറയും പിന്‍ബലത്തിലാണ് പുതിയ ഉത്തരവ്.  എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ നാലാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷത്തെ കര്‍മപദ്ധതികള്‍ മന്ത്രിസഭായോഗം അംഗീകരിച്ചതില്‍ മെത്രാന്‍ കായല്‍ ടൂറിസ്റ്റ് റിസോര്‍ട്ട് വില്ളേജും ആറന്മുള വിമാനത്താവളവുമുണ്ട്.
മെത്രാന്‍ കായലില്‍ 3,000 കോടിയുടെ ടൂറിസംപദ്ധതി ആരംഭിക്കുമെന്നാണ് വ്യവസായ വകുപ്പ് അന്ന് അറിയിച്ചിരുന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം പാസാക്കിയ സര്‍ക്കാര്‍ തന്നെയാണ് മെത്രാന്‍ പദ്ധതിയും ആദ്യം അംഗീകരിച്ചത്.

മെത്രാന്‍ കായലില്‍ ശേഷിക്കുന്നത് 13 ഏക്കര്‍ മാത്രം
കോട്ടയം: കുമരകത്തെ മെത്രാന്‍ കായല്‍ പാടശേഖരത്തില്‍ ഇനി ശേഷിക്കുന്നത് 13 ഏക്കര്‍ മാത്രം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വിദേശത്തുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്കായി ബിനാമി പേരില്‍ ഇവിടെയുള്ള മുഴുവന്‍ ഭൂമിയും വില്‍പന നടത്തിക്കഴിഞ്ഞു. എന്നാല്‍, ഭൂമികച്ചവടം മുതല്‍ രജിസ്ട്രേഷന്‍ വരെയുള്ള കാര്യങ്ങള്‍ പലര്‍ക്കും ഇപ്പോഴും അറിയില്ല. ചെങ്ങളം സ്വദേശി കരുണാകരനും കുമരകം സ്വദേശിയായ മറ്റൊരാള്‍ക്കും മാത്രമാണ് മെത്രാന്‍ കായലില്‍ ഇനി ഭൂമിയുള്ളത്. ഏക്കറിന് 50 ലക്ഷം വരെ ഏറ്റവും ഒടുവില്‍ വില പറഞ്ഞെങ്കിലും വില്‍പനക്ക് തയാറല്ളെന്ന് അറിയിച്ചതോടെ ചിലര്‍ ഭീഷണിപ്പെടുത്തിയതായും ഇവര്‍ക്ക് പരാതിയുണ്ട്. എന്തൊക്കെ ഭീഷണി ഉയര്‍ന്നാലും എത്ര കോടി വാഗ്ദാനം ചെയ്താലും കൈവശമുള്ള ഭൂമി വില്‍ക്കില്ളെന്നും ഇവര്‍ പറഞ്ഞു.

മുഹമ്മയിലെ വ്യവസായിയാണ് ഭൂമി ഇടപാടുകള്‍ക്ക് പിന്നിലെന്നും ഇയാള്‍ ഇടനിലക്കാരനായാണ് നാമമാത്ര വിലയ്ക്ക് ഭൂമികച്ചവടം വ്യാപകമായി നടന്നതെന്നും നാട്ടുകാര്‍ പറയുന്നു. കുമരകത്ത് വന്‍കിട റിസോര്‍ട്ടുകളും ഹോട്ടലുകളും ആരംഭിക്കാനാണ് കായല്‍ ഭൂമി വാങ്ങിക്കൂട്ടുന്നത്. യു.എ.ഇയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്‍െറ പേരില്‍ നടക്കുന്ന ഭൂമികച്ചവടത്തിന് പിന്നില്‍ ഇതര സംസ്ഥാനങ്ങളില്‍ വ്യവസായം നടത്തുന്ന ഏതാനും മലയാളികളും ഉണ്ടെന്നും നാട്ടുകാര്‍ വെളിപ്പെടുത്തി.

സര്‍ക്കാര്‍തലത്തില്‍ ഉന്നത സ്വാധീനമുള്ള ഇവര്‍ക്കായി സര്‍ക്കാര്‍ മെഷീനറി പോലും അവിഹിതമായി പ്രവര്‍ത്തിച്ചുവെന്നും ആക്ഷേപം ശക്തമാണ്. ഭൂമി ഇടപാടിനെ എതിര്‍ത്ത ഏതാനും ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനവും ഉണ്ടായി. നിലവിലെ എല്ലാ നിയമവും വ്യവസ്ഥകളും കാറ്റില്‍പറത്തി ഇറക്കിയ ഉത്തരവിന് പിന്നില്‍ ഗുരുതര അഴിമതി ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യസ്ഥാപനത്തിന്‍െറ ടൂറിസം പദ്ധതിക്കായി ഇറക്കിയ ഉത്തരവ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതിനാല്‍ പിന്‍വലിക്കുന്ന കാര്യവും പരിഗണനയിലാണ്. മൊത്തം 3000 കോടിയുടെ പദ്ധതികളാണ് ലക്ഷ്യമിട്ടിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.