മെത്രാന്‍ കായല്‍ നികത്താന്‍ മന്ത്രിസഭയില്‍ അനുമതി തേടിയത് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കുമരകത്ത് മെത്രാന്‍ കായല്‍ നികത്താനുള്ള ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തെങ്കിലും വിവാദം കത്തുന്നു. കായലിലെ ടൂറിസം പദ്ധതിക്ക് അനുമതി തേടി ഫെബ്രുവരി 25ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ വിഷയം ഉന്നയിച്ചത് രമേശ് ചെന്നിത്തലയാണെന്ന് വ്യക്തമായി. ഇക്കാര്യത്തില്‍ ചീഫ്സെക്രട്ടറി ജിജി തോംസണും മന്ത്രിയും തമ്മില്‍ തര്‍ക്കവുമുണ്ടായി. മന്ത്രി എ.പി. അനില്‍കുമാറും ചെന്നിത്തലയെ പിന്തുണച്ചു. പദ്ധതി നിയമവിരുദ്ധമാണെന്നും പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടില്ളെന്നും പ്രമോട്ടര്‍മാര്‍ക്ക് വിശ്വാസ്യതയില്ളെന്നും ചീഫ്സെക്രട്ടറി ചൂണ്ടിക്കാണിച്ചു. ഇതിനെ എതിര്‍ക്കാന്‍ മന്ത്രിക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് തത്ത്വത്തില്‍ അനുമതി നല്‍കാമെന്ന സമവായ നിര്‍ദേശം മുഖ്യമന്ത്രിയില്‍നിന്നുണ്ടായി. അങ്ങനെയാണ് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിനും പാരിസ്ഥിതിക അനുമതിക്കും വിധേയമായി അനുമതി നല്‍കാമെന്ന് ഉത്തരവിറക്കിയത്. അതോടെ റവന്യൂ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ തീരുമാനത്തിന് വഴങ്ങിയെന്നാണ് അറിയുന്നത്.
അടിയന്തരപ്രാധാന്യമുള്ള വിഷയമാണെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായം തേടിയിട്ടില്ളെന്ന കുറിപ്പോടെയാണ് മന്ത്രിസഭ ഫയല്‍ പരിഗണിക്കേണ്ടത്. എന്നാല്‍, ഇങ്ങനെയൊരു കുറിപ്പോ ഫയലോ ഉത്തരവിറക്കിയ റവന്യൂവകുപ്പ് മന്ത്രിസഭക്ക് കൈമാറിയിട്ടില്ളെന്നാണ് ആക്ഷേപം.
അതേസമയം, മെത്രാന്‍ കായല്‍ നികത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിനെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പദ്ധതിക്ക് കഴിഞ്ഞ സര്‍ക്കാറാണ് അനുമതി നല്‍കിയതെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് അനുമതി നല്‍കിയെങ്കില്‍ എന്തിനാണ് ഈ സര്‍ക്കാര്‍ അനുമതി നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഉത്തരവ് പിന്‍വലിച്ച് വിവാദം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.