അനുമതിക്ക് മറയാക്കുന്നത്  ‘പൊതു ആവശ്യം’ വ്യവസ്ഥ

കൊച്ചി: തണ്ണീര്‍ത്തടങ്ങളും കായലും വയലും നികത്തിയുള്ള ഏത് പദ്ധതിക്കും അനുമതി ലഭിക്കാം; അത് പൊതുജനതാല്‍പര്യ പദ്ധതിയെന്ന് ഭരിക്കുന്നവരെ ബോധ്യപ്പെടുത്തിയാല്‍. പൊതു ആവശ്യം (പബ്ളിക് പര്‍പ്പസ്) പദ്ധതികള്‍ നടപ്പാക്കുന്നതിന് തണ്ണീര്‍ത്തടങ്ങളും നെല്‍വയലുമെല്ലാം നികത്താന്‍ അനുമതി നല്‍കാമെന്ന് 2008ലെ ‘നെല്‍വയല്‍-തണ്ണീര്‍ത്തടസംരക്ഷണ നിയമ’ത്തില്‍ വ്യവസ്ഥയുണ്ട്. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന പദ്ധതികളും ഈ വ്യവസ്ഥയുടെ പരിധിയില്‍പെടുമെന്നും വ്യക്തമാക്കുന്നുണ്ട്. ഇതിന്‍െറ മറവിലാണ് പല സ്വകാര്യ പദ്ധതികള്‍ക്കും അനുമതി നല്‍കുന്നത്. 
നിയമത്തിലെ 14ാം ഖണ്ഡികയില്‍ ‘പൊതു ആവശ്യം’ എന്താണെന്ന് നിര്‍വചിക്കുന്നുണ്ട്. ‘കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഏറ്റെടുത്തതോ പണം മുടക്കുന്നതോ ആയ പദ്ധതികള്‍, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പദ്ധതികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ എന്നിവ കൂടാതെ സര്‍ക്കാര്‍ കാലാകാലം നിശ്ചയിക്കുന്ന പദ്ധതികള്‍’ എന്നിവ പൊതു ആവശ്യത്തില്‍പെടും. എറണാകുളം കടമക്കുടിയിലെ ആരോഗ്യ-വിനോദസഞ്ചാര പദ്ധതിയായ ‘കൊച്ചി മെഡിസിറ്റി’ക്ക്  140 ഏക്കര്‍ സ്ഥലം നികത്താന്‍ അനുമതി നല്‍കിയതും ഈ വ്യവസ്ഥയുടെ മറവിലാണ്. 
ഖത്തര്‍ ആസ്ഥാനമായ 30 പ്രവാസി മലയാളി സംരംഭകര്‍ ചേര്‍ന്നാണ് ഹെല്‍ത്ത് ടൂറിസം പദ്ധതിക്ക് 140 ഏക്കര്‍ വാങ്ങിയത്. ഇവിടെ 1300 കോടിയുടെ വന്‍കിട ഹെല്‍ത്ത് കെയര്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. കടമക്കുടി നെല്‍വയല്‍-തണ്ണീര്‍ത്തടസംരക്ഷണ നിയമത്തിന്‍െറ പരിധിയില്‍ വരുന്നതിനാല്‍ അനുമതിക്കായി സര്‍ക്കാറിനെ സമീപിച്ചു. എന്നാല്‍, പരിസ്ഥിതി പ്രശ്നങ്ങള്‍ പറഞ്ഞ് ഇടത് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. പിന്നീട്, യു.ഡി.എഫ് അധികാരത്തിലേറിയതോടെ വീണ്ടും അപേക്ഷയുമായി സര്‍ക്കാറിനുമുന്നിലത്തെി. 
മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്ത് കലക്ടറടക്കമുള്ളവരില്‍നിന്ന് റിപ്പോര്‍ട്ട് ശേഖരിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് അനുമതി നല്‍കുകയായിരുന്നു. മുന്‍ സര്‍ക്കാര്‍ നിഷേധിച്ച ശേഷം എന്തുമാറ്റമാണ് പദ്ധതിയില്‍ വരുത്തിയതെന്ന ചോദ്യത്തിന് ‘പൊതു ആവശ്യം’ എന്ന വ്യവസ്ഥ പരിഗണിച്ച് അനുമതി നല്‍കുകയായിരുന്നു എന്നാണ് പ്രമോട്ടര്‍മാര്‍ വിശദീകരിക്കുന്നത്. 
ആശുപത്രിയിലെയും ആരോഗ്യ ടൂറിസം പദ്ധതിയിലെയും അലക്കുജോലികള്‍ പോലുള്ളവ കടമക്കുടിയിലുള്ളവര്‍ക്ക് പുറംകരാറായി നല്‍കുമെന്നതും ‘പൊതുജന താല്‍പര്യം’ ആയി പരിഗണിക്കുന്നുണ്ട്. നേരത്തേ നടത്തിയ ‘എമര്‍ജിങ് കേരള’ പരിപാടിയില്‍ അവതരിപ്പിച്ച പദ്ധതികള്‍ക്ക് ആവശ്യമായ ഭൂമി കണ്ടത്തെുന്നതിന് നെല്‍വയല്‍-തണ്ണീര്‍ത്തടസംരക്ഷണ നിയമം ഭേദഗതിചെയ്യണമെന്ന് മന്ത്രിസഭയില്‍ ആവശ്യമുയര്‍ന്നിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി ഈ ആവശ്യം തള്ളുകയായിരുന്നു. നെല്‍വയല്‍ വിസ്തൃതി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഇത്തരം ഇളവുകള്‍ താല്‍പര്യത്തിന് ദോഷകരമാകുമെന്നായിരുന്നു ഉന്നതതല സമിതി വിലയിരുത്തല്‍. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.