സര്‍ക്കാര്‍ സര്‍വിസില്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയത് പുന:പരിശോധിക്കും

തിരുവനന്തപുരം: 2006 ഒക്ടോബറിനുശേഷം സംസ്ഥാന സര്‍ക്കാര്‍ സര്‍വിസിലോ സര്‍ക്കാര്‍ നിയന്ത്രണ സ്ഥാപനങ്ങളിലോ സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ നിയമനം പുന:പരിശോധിക്കുന്നു. ഇതിന് മുന്നോടിയായി മുഴുവന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്കും ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി പ്രത്യേകം കുറിപ്പ് അയച്ചു. ചില വകുപ്പുകളില്‍നിന്ന് സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക നിയമനങ്ങളുടെ ഫയല്‍ ധനവകുപ്പ് വിളിപ്പിക്കുകയും ചെയ്തതായാണ് വിവരം.
താല്‍ക്കാലികക്കാരെയും ഡെപ്യൂട്ടേഷനിലുള്ളവരെയും സ്ഥിരപ്പെടുത്തരുതെന്നും ഇത് സുപ്രീംകോടതിവിധിയുടെ ലംഘനമാണെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ കുറിപ്പിലുണ്ട്. 2006ലെ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ നിയമവകുപ്പിന്‍െറ അഭിപ്രായംകൂടി ചേര്‍ത്താണ് അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍ മുതല്‍ സ്പെഷല്‍ സെക്രട്ടറിമാര്‍ക്കുവരെ നിര്‍ദേശം നല്‍കിയത്. ഇതേതുടര്‍ന്ന് ജനുവരി മുതല്‍ മന്ത്രിസഭ തീരുമാനമെടുത്ത താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിറക്കുന്നത് സെക്രട്ടറിമാര്‍ തടഞ്ഞു.

2006 ഏപ്രില്‍ 10ലെ സുപ്രീംകോടതിവിധിയാണ് ധനവകുപ്പും നിയമവകുപ്പും പൊടിതട്ടിയെടുത്തത്. വിധി വന്ന് ആറ് മാസംവരെ 10 വര്‍ഷം താല്‍ക്കാലികമായി ജോലിചെയ്തവരെ ഒറ്റത്തവണ പദ്ധതി എന്ന നിലയില്‍ സ്ഥിരപ്പെടുത്താനായിരുന്നു നിര്‍ദേശം. ഇത് ഒറ്റത്തവണ പദ്ധതിയായിരുന്നെന്നും പിന്നീട് ഇത്തരത്തില്‍ സ്ഥിരപ്പെടുത്തരുതെന്നും  നിര്‍ദേശമുണ്ട്. സുപ്രീംകോടതി നല്‍കിയ ആറ് മാസക്കാലാവധി 2006 ഒക്ടോബര്‍ ഒമ്പതിന് അവസാനിച്ചിരുന്നു. മന്ത്രിസഭ തീരുമാനമെടുത്താല്‍പോലും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സുപ്രീംകോടതിവിധിയുടെ ലംഘനമാണെന്നാണ് നിയമ, ധനവകുപ്പുകളുടെ അഭിപ്രായം.
സുപ്രീംകോടതിവിധിയില്‍ ഡെപ്യൂട്ടേഷന്‍കാരെക്കുറിച്ച് പരാമര്‍ശമില്ളെങ്കിലും കുറിപ്പില്‍ അവരെ സ്ഥിരപ്പെടുത്തുന്നത് തടയാന്‍ നിര്‍ദേശമുണ്ട്. വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ ഒട്ടേറെപേരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും ഉത്തരവിറക്കേണ്ടെന്നാണ് ഉദ്യോഗസ്ഥതല തീരുമാനം.

സംസ്ഥാന സാക്ഷരതാമിഷന്‍, ഐ.എച്ച്.ആര്‍.ഡി, മൂന്നാര്‍ എന്‍ജിനീയറിങ് കോളജ്, പാങ്ങപ്പാറ സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ മെന്‍റലി ചലഞ്ച്ഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍10വര്‍ഷം പൂര്‍ത്തിയാക്കിയവരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും ഉത്തരവിറക്കിയിട്ടില്ല. തദ്ദേശ സ്വയംഭരണവകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹികക്ഷേമ വകുപ്പ് തുടങ്ങിയവയിലും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനമുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് എല്‍.ബി.എസില്‍ 117 പേരെ ഒന്നിച്ച് സ്ഥിരപ്പെടുത്തിയതും പുന$പരിശോധിച്ചേക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.