പറശ്ശിനിക്കടവ്: ഇണയെ കിട്ടാന്‍ സ്നേക് പാര്‍ക്കിലെ രണ്ട് ആണ്‍ രാജവെമ്പാലകള്‍ തമ്മിലെ പോരാട്ടം അവസാനിക്കുന്നു. 15 വയസ്സ് പ്രായവും മൂന്നര മീറ്റര്‍ നീളവുമുള്ള പെണ്‍ രാജവെമ്പാലക്കുവേണ്ടിയാണ് 20, 25 വയസ്സും അഞ്ചുമീറ്റര്‍ നീളവുമുള്ള ആണ്‍ രാജവെമ്പാലകള്‍ ഏറ്റുമുട്ടിയത്. ഇതില്‍ 25കാരന്‍ ഏതാണ്ട് പരാജയം സമ്മതിച്ച മട്ടിലാണ്. എങ്കിലും ഇടക്കിടെ ഇരുവരും തമ്മില്‍ ചെറിയ ഏറ്റുമുട്ടലുണ്ട്. ഇന്നലെ ചെറിയ തോതില്‍ ഏറ്റുമുട്ടലുണ്ടായി. 20 വയസ്സുള്ള ആണ്‍, ഇണയോടൊപ്പമുണ്ടാകുമ്പോള്‍ രണ്ടാമത്തെ ആണും ഇവിടെ എത്തുമ്പോഴാണ് ഏറ്റുമുട്ടലുണ്ടാകുന്നത്. എന്നാല്‍, ഇതിന് പഴയ ഉശിരില്ല. ഏതാനും ദിവസത്തിനകം ഇതും അവസാനിക്കും.
അതേസമയം, വിജയത്തിലേക്ക് നീങ്ങുന്ന ആണും ഇണയും തമ്മില്‍ അടുപ്പമുണ്ടായെങ്കിലും ഇണചേരുന്ന ഘട്ടത്തിലത്തെിയിട്ടില്ല. രാജവെമ്പാലകളുടെ ഇണചേരലിനുശേഷം സാധാരണ രണ്ടുമൂന്നു മാസത്തിനകം മുട്ടയിടും. ഒരുതവണ 20 മുതല്‍ 30 വരെ മുട്ടകളുണ്ടാകാറുണ്ട്. പരമാവധി 50. എന്നാല്‍, പറശ്ശിനിക്കടവിലെ പെണ്‍ രാജവെമ്പാലക്ക് പ്രായം കുറവായതിനാല്‍ മുട്ടകളുടെ എണ്ണം കുറവായിരിക്കുമെന്നാണ് കരുതുന്നത്. 60 മുതല്‍ 90 വരെ ദിവസത്തിനകം മുട്ടവിരിയും. കൂടുകൂട്ടി മുട്ടയിടുന്ന ഏക പാമ്പാണ് രാജവെമ്പാല.
രാജവെമ്പാലയുടെ പ്രജനനത്തിന് മുന്നോടിയായുള്ള ഈ ഏറ്റുമുട്ടലിന്‍െറ ഓരോ നിമിഷവും ഒപ്പിയെടുക്കാന്‍ അത്യാധുനിക കാമറകളുമായി നാഷനല്‍ ജ്യോഗ്രഫിക് ചാനല്‍ (ഇന്ത്യ), ഡിസ്കവറി ചാനല്‍ സംഘങ്ങള്‍ സ്നേക് പാര്‍ക്കില്‍ എത്തിയിരുന്നു. കൂട്ടിനകത്തും പുറത്തും കാമറ സ്ഥാപിച്ചാണ് മുഴുസമയ ചിത്രീകരണം നടത്തിയത്. പോരാട്ടത്തിന് ചൂട് കുറഞ്ഞതോടെ ചാനല്‍ സംഘങ്ങള്‍ മടങ്ങി. എങ്കിലും പാമ്പുകളുടെ പെരുമാറ്റത്തിലെ മാറ്റങ്ങള്‍ പഠനവിധേയമാക്കാന്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇനി ഇണചേരാനുള്ള സാധ്യത വളരെ കൂടുതലാകുന്ന ഘട്ടത്തില്‍ ഇവര്‍ വീണ്ടും എത്തുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.