പി.ബി അംഗം മുഖ്യമന്ത്രിയാകണമെന്നില്ല; വി.എസിന് ഉറപ്പുനല്‍കിയിട്ടില്ല -യെച്ചൂരി

ന്യൂഡല്‍ഹി: പാര്‍ട്ടി വിജയിച്ചാല്‍ പി.ബി അംഗംതന്നെ മുഖ്യമന്ത്രിയാകണമെന്ന് പൊതുതത്ത്വമില്ളെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതേസമയം, മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് വി.എസ്. അച്യുതാനന്ദന് എന്തെങ്കിലും ഉറപ്പ് നേതൃത്വം നല്‍കിയിട്ടില്ളെന്നും യെച്ചൂരി വ്യക്തമാക്കി. പി.ബി അംഗം പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും ഒന്നിച്ചുമത്സരിക്കവെ, മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ച സജീവമായിരിക്കെയാണ് യെച്ചൂരി ഏഷ്യാനെറ്റ് അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞത്. 
മുഖ്യമന്ത്രിയെ പോളിറ്റ്ബ്യൂറോ തീരുമാനിക്കുമെന്ന് യെച്ചൂരി പറഞ്ഞു. അതിന് പ്രത്യേക ഫോര്‍മുല ഇല്ല. മുതിര്‍ന്ന നേതാക്കളില്‍നിന്നാണ് മുഖ്യമന്ത്രിയെ നിശ്ചയിക്കുക. പാര്‍ട്ടിയിലെ സ്ഥാനം മാത്രമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് ബാധകം. പ്രവര്‍ത്തനപരിചയവും ഭരണശേഷിയും പരിഗണിക്കും. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇടതുമുന്നണിയുടെ അഭിപ്രായവും പരിഗണിക്കും. 
വി.എസിനെ മത്സരിപ്പിക്കുന്നതില്‍ ഇക്കുറിയും പാര്‍ട്ടിയില്‍ എതിരഭിപ്രായം ഉണ്ടായിരുന്നതായി യെച്ചൂരി വെളിപ്പെടുത്തി. അതുള്‍പ്പെടെ പരിഗണിച്ചശേഷമാണ് വി.എസും പിണറായിയും മത്സരിക്കട്ടെയെന്ന് പോളിറ്റ്ബ്യൂറോ തീരുമാനിച്ചതെന്നും യെച്ചൂരി പറഞ്ഞു. വി.എസ്. അച്യുതാനന്ദനുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഇത് മുതിര്‍ന്നനേതാക്കളുടെ അഭിപ്രായമെടുക്കാനാണ്. അല്ലാതെ, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉടമയും തൊഴിലാളിസംഘടനകളും തമ്മിലുള്ളതുപോലെയുള്ള ബന്ധമല്ല ഉള്ളത്. ആരും അവരുടെ ആവശ്യങ്ങളുമായല്ല നേതൃത്വത്തെ സമീപിക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കില്‍ ആദ്യം പാര്‍ട്ടി ജയിക്കണം. അത് ജനമാണ് തീരുമാനിക്കേണ്ടത്. ജനം തെരഞ്ഞെടുക്കുന്നവരില്‍നിന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വരേണ്ടത്. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍െറ തത്ത്വത്തിന് വിരുദ്ധമാണ്. വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമായി തെരഞ്ഞെടുപ്പിനെ മാറ്റുന്നത് ഭരണഘടനയില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന അവകാശത്തിന് വിരുദ്ധമാണ്. ‘അതുകൊണ്ടാണ് ഞങ്ങള്‍ പറയുന്നത്, എല്ലാ തീരുമാനവും തെരഞ്ഞെടുപ്പിനുശേഷം ഉണ്ടാകുമെന്ന്’ -യെച്ചൂരി വ്യക്തമാക്കി.
പ്രായം ഒരു ഘടകമാണ്. എന്നാല്‍, ജനം വി.എസിനോട് കാണിക്കുന്ന ഒരു താല്‍പര്യമുണ്ട്. അതിനെ പാര്‍ട്ടി അംഗീകരിക്കുന്നു. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പുസഖ്യമോ ധാരണയോ പാടില്ല എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെന്ന് പശ്ചിമബംഗാളിലെ സാഹചര്യം വിശദീകരിച്ച് യെച്ചൂരി പറഞ്ഞു. അതില്‍ മാറ്റമില്ല, ഇത് പശ്ചിമബംഗാള്‍ സംസ്ഥാനഘടകത്തോടും പറഞ്ഞിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.