കണ്ണൂര്‍: പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയില്‍ വ്യാഴാഴ്ച രാത്രി ഇരുനിലവീട് തകര്‍ന്നടിയുകയും ഒട്ടേറെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്ത സ്ഫോടനത്തിനിടയാക്കിയത് അനധികൃത പടക്കശേഖരം. ഉത്സവങ്ങളും വിഷുവിപണിയും ലക്ഷ്യമിട്ട് നിര്‍മിച്ച പടക്കശേഖരം പൊട്ടിത്തെറിച്ചത് നാല്‍പത്തഞ്ചോളം വീട്ടുകാരെയാണ് കണ്ണീരിലാഴ്ത്തിയത്. സ്ഫോടനമുണ്ടായ ഇരുനിലവീട് വാടകക്കെടുത്ത് താമസിക്കുന്ന പന്ന്യേന്‍പാറ ചാക്കാട്ട് പീടിക സ്വദേശി അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
വ്യാഴാഴ്ച രാത്രി 11.45ഓടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. സംഭവ സമയത്ത് അനൂപും ഭാര്യയെന്ന് നാട്ടുകാരോട് പറഞ്ഞ റാഹിലയും വീട്ടിലുണ്ടായിരുന്നില്ല. റാഹിലയുടെ മകള്‍ ഹിബ (13) മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 40 ശതമാനത്തോളം പൊള്ളലേറ്റ ഹിബ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കനത്ത സ്ഫോടനം മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം സൃഷ്ടിച്ചു. ഇതിന്‍െറ ഫലമായി 45 വീടുകള്‍ക്ക് നാശം നേരിട്ടു. ഇതില്‍ അഞ്ചുവീടുകള്‍ പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതിനുപുറമെ 25 വീടുകള്‍ക്ക് ചെറിയ തോതിലും നാശനഷ്ടമുണ്ടായെന്നാണ് കണ്ണൂര്‍ അഡീഷനല്‍ തഹസില്‍ദാര്‍ കെ.കെ. അനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ റവന്യൂസംഘം നടത്തിയ പരിശോധനയില്‍ കണ്ടത്തെിയത്. ടി. ബാലന്‍, ഇ. നാരായണന്‍, അഴീക്കോട് ഹൈസ്കൂള്‍ അധ്യാപിക സന്ധ്യ, എം. നാരായണന്‍, കൊയിലി പ്രഭാകരന്‍ എന്നിവരുടെ വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. കോടികളുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. യഥാര്‍ഥ കണക്കുകള്‍ വരുംദിവസങ്ങളിലേ വ്യക്തമാവുകയുള്ളൂവെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ സംഭവ സ്ഥലവും നാശനഷ്ടം നേരിട്ട വീടുകളും സന്ദര്‍ശിച്ചു. വീട്ടുകാരില്‍നിന്ന് അദ്ദേഹം വിവരങ്ങള്‍ അന്വേഷിച്ചു.
വീടുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പി.ഡബ്ള്യു.ഡി അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പി.ഡബ്ള്യു.ഡി അധികൃതര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത വീട്ടുകാരെ മാറ്റിത്താമസിപ്പിക്കാന്‍ കലക്ടര്‍ റവന്യൂ അധികൃതരോട് നിര്‍ദേശിച്ചു. വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് സ്ഫോടനത്തില്‍ തകര്‍ന്ന അനൂപിന്‍െറ വീടിന്‍െറ അവശിഷ്ടങ്ങള്‍ നീക്കംചെയ്യാന്‍ തുടങ്ങിയത്.
എക്സ്കവേറ്ററും കട്ടറും ഉപയോഗിച്ചാണ് ഇവ നീക്കുന്നത്. അവശിഷ്ടങ്ങള്‍ക്കിടയിലും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട അനൂപിന്‍െറ തകര്‍ന്ന കാറിലും സ്ഫോടക വസ്തുക്കളുണ്ടെന്ന സംശയത്തില്‍ ഫയര്‍ ഫോഴ്സ് വെള്ളിയാഴ്ചയും സ്ഥലത്ത് ക്യാമ്പ്ചെയ്ത് വെള്ളം പമ്പ് ചെയ്യുന്നുണ്ടായിരുന്നു.
നഷ്ടപരിഹാരം: തെരഞ്ഞെടുപ്പ് കമീഷന് കത്തെഴുതി –കലക്ടര്‍
കണ്ണൂര്‍: പൊടിക്കുണ്ട് രാജേന്ദ്രനഗറില്‍ സ്ഫോടനത്തെ തുടര്‍ന്ന് നഷ്ടം സംഭവിച്ച വീട്ടുകാര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതിക്ക് കത്തെഴുതിയതായി ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍. സ്ഫോടനത്തില്‍ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമീഷന്‍ നിയന്ത്രണത്തില്‍ ഇളവ് കിട്ടിയാല്‍ നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിന്‍െറ പശ്ചാത്തലത്തില്‍ ജില്ലയില്‍ വ്യാപക പരിശോധന തുടങ്ങി. ഇത്തരത്തില്‍ അനധികൃത പടക്കനിര്‍മാണമോ സൂക്ഷിപ്പോ ഉണ്ടെങ്കില്‍ കണ്ടത്തൊനാണ് സമഗ്രാന്വേഷണം നടത്തുന്നത്.
ഞെട്ടല്‍ വിട്ടുമാറാതെ രാജേന്ദ്ര നഗര്‍ കോളനിവാസികള്‍
കണ്ണൂര്‍: പൊടിക്കുണ്ടിലെ രാജേന്ദ്ര നഗര്‍ കോളനിയില്‍ ഇരുനില വീടിനകത്ത് ഉഗ്രസ്ഫോടനമുണ്ടായ സംഭവത്തില്‍ ഞെട്ടല്‍ വിട്ടുമാറാതെ സമീപവാസികള്‍. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് നാടിനെ നടുക്കിയ ഉഗ്രസ്ഫോടനം നടന്നതെന്നും സംഭവം നടന്നയുടന്‍ എന്താണ് സംഭവിക്കുന്നതെന്നുപോലും തിരിച്ചറിയാതെ ഭയാശങ്കയിലായതായും കോളനിയിലെ താമസക്കാരനായ പ്രഭാകരന്‍ പറഞ്ഞു. ഇദ്ദേഹത്തിന്‍െറ വീടിനോട് ചേര്‍ന്നുള്ള മയ്യിലിലെ ജ്യോത്സനയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സ്ഫോടനം നടന്നത്. രാത്രി 11.30ഓടെ പ്രഭാകരനും കുടുംബവും ഉറങ്ങാന്‍ കിടക്കവേയാണ് ഉഗ്രസ്ഫോടന ശബ്ദമുയര്‍ന്നത്. ഉടന്‍ ഭാര്യ സിന്ധുവിനെയും മകള്‍ ദേവീനന്ദയെയും കൂട്ടി പുറത്തേക്ക് ഓടുകയായിരുന്നു. സ്ഫോടനത്തിന്‍െറ പ്രകമ്പനത്തില്‍ വീടിന്‍െറ ജനല്‍ചില്ലുകള്‍ പൊട്ടിത്തെറിച്ച് പ്രഭാകരന്‍െറയും ഭാര്യ സിന്ധുവിന്‍െറയും കണ്ണിന് പരിക്കേറ്റു. ഉടന്‍ വീടിന് പുറത്തിറങ്ങി നിലവിളിക്കുമ്പോഴേക്കും അയല്‍വാസികളെല്ലാം ഓടിക്കൂടി. വെടിമരുന്നിന്‍െറയും പാചകവാതകത്തിന്‍െറയും ഗന്ധം പടര്‍ന്നെങ്കിലും എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നിമിഷങ്ങള്‍ കഴിയവേയാണ് അയല്‍പക്കത്തെ അനൂപിന്‍െറ വീട്ടില്‍ നിന്നും തീഗോളങ്ങള്‍ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
അപ്പോഴേക്കും വീടിന് പുറത്തുണ്ടായിരുന്ന, അനൂപിനൊപ്പം താമസിച്ചുവന്ന റാഹില തന്‍െറ മകള്‍ വീട്ടിനുള്ളിലുണ്ടെന്നറിയിച്ചത്. ഉടന്‍ നാട്ടുകാരില്‍ ചിലര്‍ വീടിനകത്തത്തെി മകള്‍ ഹിബയെ രക്ഷപ്പെടുത്തി. ഉത്സവപറമ്പുകളിലും മറ്റും ഉപയോഗിക്കുംവിധത്തിലുള്ള വെടുമരുന്നുകളാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്.
പ്രഭാകരന്‍െറയും സഹോദരി നളിനിയുടെയും ഉള്‍പ്പെടെ അഞ്ചോളം വീടുകള്‍ താമസയോഗ്യമല്ലാത്തവിധം തകര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.