ഇനിയില്ല, പ്രതീക്ഷയുടെ ഫേസ്ബുക് കുറിപ്പുകള്‍

കൊച്ചി: ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കാനും ജീവിതത്തിലേക്കും സിനിമയിലേക്കും തിരിച്ചുവരുമെന്ന് കുറിപ്പിടാനും ഇനി ജിഷ്ണുവില്ല. മരുന്നും വേദനയും ഇല്ലാത്ത ലോകത്തേക്ക് ജിഷ്ണു ഇത്തവണ തനിച്ചാണ് യാത്ര പോയത്. പ്രതീക്ഷകളുടെ, പോസിറ്റീവ് ചിന്തകളുടെ കുറിപ്പുകള്‍ക്കും ഇതോടെ വിരാമം. 2016ലെ മലയാള സിനിമയുടെ നഷ്ടത്തിന്‍െറ പട്ടികയിലേക്ക് ഒരു യുവതാരകത്തിന്‍െറ പേര് കൂടി ചേര്‍ക്കപ്പെട്ടു.

പലരും മറച്ചുവെക്കുന്ന രോഗാവസ്ഥയെ എല്ലാവരെയും അറിയിച്ചുകൊണ്ടാണ് ജിഷ്ണു എതിരേറ്റത്. വിട്ടുമാറാത്ത തൊണ്ടവേദനയായിരുന്നു തുടക്കം. വിദഗ്ധ പരിശോധനയില്‍ തൊണ്ടയില്‍ അര്‍ബുദ ബാധ സ്ഥിരീകരിച്ചു. നാവിലേക്കുവരെ അര്‍ബുദം എത്തിയിരുന്നു. ശസ്ത്രക്രിയയല്ലാതെ മറ്റുമാര്‍ഗമില്ളെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ചുറ്റും നിന്നവര്‍ തളര്‍ന്നപ്പോഴും നിശ്ചയദാര്‍ഢ്യത്തോടെ ജിഷ്ണു വിധിയെ നേരിടാനുറച്ചു. ആദ്യഘട്ടത്തിലെ ചികിത്സകള്‍ വിജയകരമായതിനത്തെുടര്‍ന്ന് സിനിമയിലേക്ക് തിരിച്ചുവന്നു.
നിദ്ര, ഓര്‍ഡിനറി, റെബേക്ക ഉതുപ്പ് കിഴക്കേമല, ഞാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തു. ട്രാഫിക്കിന്‍െറ ഹിന്ദി പതിപ്പിലും അഭിനയിച്ചു. തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. രോഗം ഭേദമാകുന്നതായുള്ള സൂചനകള്‍ ലഭിച്ചെങ്കിലും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലായി ജിഷ്ണു. ഒരുപക്ഷേ ആരും വീണുപോകുന്ന നിമിഷം. എന്നാല്‍, സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദങ്ങളോട് സംവദിച്ച് ജിഷ്ണു ജീവിതത്തില്‍ നല്ല പ്രതീക്ഷകള്‍ പുലര്‍ത്തി.

രോഗവും ചികിത്സയും ആശുപത്രിയുമൊക്കെ നിത്യസംഭവമായപ്പോള്‍ ഐ.സി.യു തന്‍െറ രണ്ടാം വീടാണെന്നായിരുന്നു ജിഷ്ണുവിന്‍െറ ഫേസ്ബുക് സ്റ്റാറ്റസ്. രോഗത്തിന്‍െറ തീവ്രത പേറുന്ന ചിത്രങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്തതിനൊപ്പം എപ്പോഴും ചിരിച്ചുകൊണ്ട് ജീവിതത്തെ നേരിടണമെന്ന ആഹ്വാനമായിരുന്നു വാക്കുകളില്‍ നിറഞ്ഞുനിന്നിരുന്നത്. ചികിത്സിക്കാനത്തെുന്ന ഡോക്ടര്‍മാര്‍ക്ക് പകരം നല്‍കാന്‍ നിറഞ്ഞ പുഞ്ചിരി ജിഷ്ണു സൂക്ഷിച്ചിരുന്നതും അതിനാലാണ്.

ജീവിതത്തിന്‍െറ അവസാന നാളുകളില്‍പ്പോലും ആരോഗ്യ സ്ഥിതിയെക്കുറിച്ച് സുഹൃത്തുക്കളോട് അറിയിച്ചിരുന്നു. തൊണ്ടയില്‍നിന്നും അര്‍ബുദരോഗ കോശങ്ങള്‍ ശ്വാസകോശം വരെയത്തെിയപ്പോഴും ഒട്ടും പതറിയില്ല. തികച്ചും പോസിറ്റീവായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ക്ഷീണിച്ച് രൂപമാകെ മാറിയ അവസ്ഥയിലും ക്രിക്കറ്റ് കളിക്കാനും മാതാപിതാക്കള്‍ക്കൊപ്പം തനിക്കെന്നും ഇഷ്ടപ്പെട്ട തട്ടുകടയിലെ ഭക്ഷണം കഴിക്കാനുമൊക്കെ സമയം കണ്ടത്തെി. വിശേഷങ്ങളും ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കലാഭവന്‍ മണിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ മണിക്കൊപ്പം തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ പോയ വിശേഷമാണ് പോസ്റ്റ് ചെയ്തത്. മാര്‍ച്ച് എട്ടിന് ലോക വനിതാ ദിനത്തിലായിരുന്നു ജിഷ്ണുവിന്‍െറ അവസാന പോസ്റ്റ്. തന്‍െറ എല്ലാ വിജയത്തിനുപിന്നിലെയും പ്രേരണ അമ്മയാണെന്നായിരുന്നു അന്നത്തെ കുറിപ്പുകളുടെ ഉള്ളടക്കം. കളിയും കാര്യവുമൊക്കെ പരസ്പരം പങ്കുവെച്ച്, തിരിച്ചുവരുമെന്ന വാക്കുകള്‍ ആവര്‍ത്തിച്ച ജിഷ്ണുവിന്‍െറ പൊടുന്നനെയുള്ള വേര്‍പാട് സിനിമ ലോകത്തിനൊപ്പം ആരാധകരെയും സാമൂഹികമാധ്യമങ്ങളിലെ സൗഹൃദങ്ങളെയും കണ്ണീരിലാഴ്ത്തി.

ആദരമര്‍പ്പിച്ച് സാംസ്കാരിക ലോകം
കൊച്ചി: കൊച്ചി അമൃത ആശുപത്രിയിലും രവിപുരം ശ്മശാനത്തിലുമായി ജിഷ്ണുവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഒഴുകിയത്തെിയത് നൂറുകണക്കിനാളുകള്‍. രാവിലെ 11.30 മുതല്‍ വൈകീട്ട് അഞ്ചുവരെ മൃതദേഹം ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വെച്ചു.  അഭിനേതാക്കളായ മമ്മൂട്ടി, സിദ്ദിഖ്, ജയറാം, ജഗദീഷ്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ഇന്ദ്രജിത്ത്, നന്ദു പൊതുവാള്‍, കുഞ്ചന്‍, നിഷാന്ത് സാഗര്‍, ക്യാപ്റ്റന്‍ രാജു, മധു വാര്യര്‍, സിദ്ധാര്‍ഥ് ഭരതന്‍, മനുകുമാര്‍, കൈലാസ്, പൂര്‍ണിമ ഇന്ദ്രജിത്ത്, ഗീതു മോഹന്‍ദാസ്, സരയൂ, ബീന ആന്‍റണി സംവിധായകരായ കമല്‍, രഞ്ജിത്ത്, മേജര്‍ രവി, വിനയന്‍, സിദ്ധാര്‍ഥ് ശിവ, കലാഭവന്‍ അന്‍സാര്‍, നിര്‍മാതാവ് ആന്‍േറാ ജോസഫ്, മന്ത്രി കെ. ബാബു, ഹൈബി ഈഡന്‍ എം.എല്‍.എ, മുന്‍ എം.പി പി. രാജീവ് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. സിനിമ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കൊപ്പം സമൂഹത്തിന്‍െറ നാനാതുറയില്‍പ്പെട്ട ആളുകള്‍ ജിഷ്ണുവിനെ അവസാനമായി ഒരു നോക്കുകാണാനത്തെി.

അനുശോചിച്ചു
തിരുവനന്തപുരം: യുവനടന്‍ ജിഷ്ണു രാഘവന്‍െറ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അനുശോചിച്ചു. അനുഗൃഹീത കലാകാരനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.കാന്‍സറിനെതിരായ പോരാട്ടത്തിന്‍െറ പ്രതീകമായിരുന്നു അന്തരിച്ച നടന്‍ ജിഷ്ണുവെന്ന് ആഭ്യന്തര  മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എത്ര മാരകമായ  രോഗത്തെയും മന$സാന്നിധ്യംകൊണ്ട് നേരിടാമെന്ന് ഈ ചെറുപ്പക്കാരന്‍ നമുക്ക് കാണിച്ചുതന്നുവെന്നും പറഞ്ഞു. ജിഷ്ണുവിന്‍െറ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ അനുശോചിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.