കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുകീഴില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങും


കണ്ണൂര്‍: മുഖം മിനുക്കാനും മുടി മുറിക്കാനും ഇനി തടവുകാരും രംഗത്ത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോടനുബന്ധിച്ച് ബ്യൂട്ടി പാര്‍ലര്‍ ആരംഭിക്കുന്നു. തളിപ്പറമ്പ് റുഡ്സെറ്റിന്‍െറ സഹകരണത്തോടെ ഒരു മാസത്തോളമായി തടവുകാര്‍ക്ക് ബ്യൂട്ടിഷ്യന്‍ കോഴ്സില്‍ പരിശീലനം നല്‍കി. പരിശീലനം പൂര്‍ത്തിയാക്കിയവരെ ഉപയോഗിച്ച് ജയിലിന് പുറത്തുള്ള കെട്ടിടത്തിലാണ് ബ്യൂട്ടി പാര്‍ലര്‍ ആരംഭിക്കുക.
ഇവിടെ പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഹെയര്‍ കട്ടിങ്, ഫേഷ്യല്‍, ഷേവിങ്, ഹെന്ന എന്നീ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഉടന്‍ നടപടി ആരംഭിക്കുമെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് അറിയിച്ചു. ബ്യൂട്ടിഷ്യന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ 30 അന്തേവാസികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജയില്‍ ഡി.ഐ.ജി ശിവദാസ് തൈപറമ്പില്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ, പി.വി. സുരേന്ദ്രന്‍, കെ.വി. മുകേഷ് എന്നിവര്‍ സംസാരിച്ചു.
ജയിലില്‍ കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിന് പ്രത്യേക യൂനിറ്റ് ആരംഭിക്കും. അന്തേവാസികള്‍ വരച്ച ചുവര്‍ചിത്രങ്ങളും ഗ്ളാസ്, മരം എന്നിവയില്‍ തയാറാക്കിയ കരകൗശല വസ്തുക്കളും ജയിലിന് പുറത്ത് പ്രദര്‍ശിപ്പിച്ച് വില്‍പന നടത്താനും പദ്ധതിയുണ്ട്. ഇതിന് ഒരുക്കങ്ങള്‍ ആരംഭിച്ചതായി വെല്‍ഫെയര്‍ ഓഫിസര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.