എസ്.ഐ.ഒ മാര്‍ച്ചിനുനേരെ പൊലീസ് ലാത്തി വീശി; 25 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥി വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ കോഴിക്കോട്ട് നടത്തിയ പ്രകടനത്തിനു നേരെ പൊലീസ് അതിക്രമം. ഒമ്പത് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്കും നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാലു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 25 പേരെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.
എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് നഈം ഗഫൂര്‍, യൂനുസ് ഓമശ്ശേരി, ടി.കെ. സയ്യാഫ്, ലബീബ് മുഹമ്മദ്, ഷക്കീല്‍ വാണിമേല്‍, ഷഹീന്‍ അബ്ദുല്ല, റമീസ് കുണ്ടുങ്ങല്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബീച്ച്-മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കസബ, ടൗണ്‍ സ്റ്റേഷനുകളിലെ രണ്ടു വീതം പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ പത്തരയോടെ മാനാഞ്ചിറക്കു സമീപത്തെ ഹെഡ് പോസ്റ്റ് ഓഫിസിലേക്കാണ് നൂറോളം വരുന്ന എസ്.ഐ.ഒ പ്രവര്‍ത്തകര്‍ പ്രകടനമായത്തെിയത്. പോസ്റ്റ് ഓഫിസിന്‍െറ മുഖ്യകവാടത്തില്‍ പ്രകടനക്കാരെ പൊലീസ് തടഞ്ഞു. ഇതോടെ, പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ ഉന്തും തള്ളുമായി. നേതാക്കളും പൊലീസുമായി ചര്‍ച്ച നടത്തുന്നതിനിടെ പ്രതിഷേധക്കാര്‍ക്കുനേരെ ലാത്തിവീശാന്‍ തുടങ്ങി. സമരക്കാരില്‍ ചിലര്‍ ചിതറിയോടി. പ്രതിഷേധ സ്ഥലത്ത് നിലയുറപ്പിച്ച ജില്ലാ സെക്രട്ടറിമാരായ സഈദ് കടമേരി, വാഹിദ് കുന്ദമംഗലം, സജീര്‍ എടച്ചേരി, ജില്ലാ സമിതിയംഗങ്ങളായ ടി.കെ. സയ്യാഫ്, മുജാഹിദ് മേപ്പയൂര്‍, ഫാറൂഖ് കോളജ് യൂനിറ്റ് വൈസ് പ്രസിഡന്‍റ് ഷഹീം അബ്ദുല്ല, ഷക്കീല്‍ കോട്ടപ്പള്ളി തുടങ്ങി 19 പേരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ ഇവരെ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ടൗണ്‍ സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസീര്‍ ഇബ്രാഹിം, സെക്രട്ടറിമാരായ അംജദ് അലി, എ. ആദില്‍, ഷമീര്‍ കൊടുവള്ളി തുടങ്ങി ആറുപേരെയും അറസ്റ്റ് ചെയ്തു.
പ്രകടനം തുടങ്ങി മിനിറ്റുകള്‍ക്കകം പൊലീസ് നടപടിയാരംഭിച്ചതിനാല്‍ ഉദ്ഘാടന ചടങ്ങും നടന്നില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ സംഗമം സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള ഉദ്ഘാടനം ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.