കോഴിക്കോട്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ്പോസ്റ്റ് ഓഫിസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് 15 പേരെ കോഴിക്കോട് ഏഴാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത അഞ്ചു വിദ്യാര്‍ഥികള്‍ക്കും മൂന്നു വിദ്യാര്‍ഥിനികള്‍ക്കും ജാമ്യമനുവദിച്ചു. പ്രായപൂര്‍ത്തിയാവാത്ത പ്രവര്‍ത്തകര്‍ക്ക് ജുവനൈല്‍ കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രില്‍ രണ്ടുവരെയാണ് ജാമ്യം. മറ്റുള്ളവരെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
ശനിയാഴ്ച രാവിലെ 11ഓടെ അറസ്റ്റ് ചെയ്ത പ്രായപൂര്‍ത്തിയാവത്തവരടക്കമുള്ളവരെ രാത്രി വൈകി 12ഓടെയാണ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. എസ്.ഐ.ഒ ജില്ലാ സെക്രട്ടറിമാരായ ടി.കെ. സഈദ്, അബ്ദുല്‍ വാഹിദ്, സെക്രട്ടേറിയറ്റംഗങ്ങളായ സയ്യാഫ് മുഹമ്മദ്, സജീര്‍ എടച്ചേരി, മറ്റു പ്രവര്‍ത്തകരായ അഫ്സല്‍ ഓമശ്ശേരി, റഈസ് കുണ്ടുങ്ങല്‍, പി.പി. ഇല്യാസ്, ഷബീര്‍ കോട്ടപ്പള്ളി, ഷക്കീല്‍ കോട്ടപ്പള്ളി, മുഹമ്മദ് നുഅ്മാന്‍, ഹാമിന്‍ ആഖിഫ്, മുഹമ്മദ് മുജാഹിദ്, ഹഫീദ് ഓമശ്ശേരി, അമീന്‍ പുതിയങ്ങാടി, നസീഫ് പൈങ്ങോട്ടായി എന്നിവരാണ് റിമാന്‍ഡിലുള്ളത്. പൊലീസ് ലാത്തിയടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ടി.കെ. സയ്യാഫ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഷഹീന്‍ അബ്ദുല്ല ബീച്ച് ആശുപത്രിയിലും ചികിത്സയിലാണ്. ആശുപത്രിയില്‍ കഴിയുന്നവരും ജാമ്യം ലഭിച്ചവരും ഉള്‍പ്പെടെ മൊത്തം 25 പേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.
ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കോടതി നടപടി കഴിഞ്ഞ് കുട്ടികളായ പ്രവര്‍ത്തകര്‍ക്കും പെണ്‍കുട്ടികള്‍ക്കും പുറത്തിറങ്ങാനായത്. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നത് മനപ്പൂര്‍വം വൈകിപ്പിച്ചെന്ന് പരാതിയുണ്ട്. കസ്റ്റഡിയിലെടുത്തതിനുമുമ്പും ശേഷവും പൊലീസ് മര്‍ദിച്ചതായി വിദ്യാര്‍ഥിനികള്‍ മജിസ്ട്രേറ്റിന് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് സര്‍വകലാശാല വി.സി സ്ഥാനമൊഴിയുക, ജയിലിലടച്ച വിദ്യാര്‍ഥികളെ വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ശനിയാഴ്ചയാണ് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ മാനാഞ്ചിറക്കുസമീപത്തെ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് പ്രകടനം നടത്തിയത്. പ്രകടനം തുടങ്ങി മിനിറ്റുകള്‍ക്കകം പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എസ്.ഐ.ഒ പ്രവര്‍ത്തകരെ ജെ.എന്‍.യു വിദ്യാര്‍ഥിയൂനിയന്‍ വൈസ് പ്രസിഡന്‍റ് ഷെഹല റാഷിദ് ഷോറ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.