കോഴിക്കോട്: പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ എസ്.ഐ.ഒ പ്രവര്‍ത്തകരെ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥിയൂനിയന്‍ വൈസ് പ്രസിഡന്‍റ് ഷെഹ്ല റാഷിദ് ഷോറയും മുന്‍ യൂനിയന്‍ പ്രസിഡന്‍റ് സുചേത ദേയും സന്ദര്‍ശിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കഴിയുന്ന ജില്ലാ പ്രസിഡന്‍റ് നഈം ഗഫൂര്‍, അബ്ദുല്‍ ബാസിത്ത്, നഈം ചേളന്നൂര്‍, ലബീബ് കുറ്റ്യാടി, ഷഹീന്‍ അബ്ദുല്ല എന്നിവരെയാണ് ഇവര്‍ സന്ദര്‍ശിച്ചത്.രാജ്യത്തെ വിവിധ കാമ്പസുകളില്‍ നടക്കുന്ന വിദ്യാര്‍ഥിപ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടനിലപാടുകളുടെ തുടര്‍ച്ചയാണിതെന്ന് ഷെഹ്ല റാഷിദ് പറഞ്ഞു. പൊലീസ് നടപടിക്കെതിരെ ജനകീയപ്രതിഷേധം ഉയരണം. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനായി രംഗത്തുവരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസീര്‍ ഇബ്രാഹീം, സെക്രട്ടറി അംജദ് അലി, സംസ്ഥാന സമിതിയംഗം മുജീബ് റഹ്മാന്‍ എന്നിവര്‍ ഇരുവരെയും സ്വീകരിച്ചു. ഹെഡ്പോസ്റ്റ് ഓഫിസ് മാര്‍ച്ചിലാണ് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.
വിദ്യാര്‍ഥികളെ ദേശവിരുദ്ധരാക്കാനുള്ള നീക്കം ചെറുക്കും –എസ്.ഐ.ഒ
കോഴിക്കോട്: ഹൈദരാബാദ് സര്‍വകലാശാലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരായ കേസ് ഗൂഢാലോചനയാണെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ്. വിദ്യാര്‍ഥികള്‍ വിളിച്ചിട്ടില്ലാത്ത മുദ്രാവാക്യങ്ങള്‍ എഫ്.ഐ.ആറില്‍ എഴുതിച്ചേര്‍ത്തത് മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയാണ് പൊലീസ് നടപ്പിലാക്കിയതെന്നതിന്‍െറ വ്യക്തമായ തെളിവാണ്.
‘ഡൗണ്‍ ഡൗണ്‍ ഹിന്ദുസ്ഥാന്‍’ എന്ന മുദ്രാവാക്യം വിളിച്ചതായാണ് എഫ്.ഐ.ആറില്‍ പൊലീസ് ചേര്‍ത്തിരിക്കുന്നത്. ബോധപൂര്‍വമായ നീക്കത്തിനുപിന്നില്‍ ആരുടെ താല്‍പര്യമാണെന്ന് പുറത്തുവരണം. പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിനും വ്യാജ കേസെടുത്തതിനുമെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. കേരള പൊലീസിന്‍െറ സംഘ്പരിവാര്‍ അനുകൂലനിലപാടിനെതിരെ ശക്തമായ ജനകീയപ്രക്ഷോഭത്തിന് തുടക്കംകുറിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.