ലിബിയയിലെ ആശുപത്രിയില്‍ കുടുങ്ങിയ മലയാളികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കോട്ടയം: ലിബിയയില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട വെളിയന്നൂര്‍ വന്ദേമാതരം സ്കൂളിന് സമീപം തുളസീഭവനം ഡി. വിപിന്‍ കുമാറിന്‍െറ ഭാര്യ സുനു (29), മകന്‍ പ്രണവ് (രണ്ട്) എന്നിവരുടെ മൃതദേഹങ്ങള്‍ നാട്ടിലത്തൊന്‍ വൈകും. നഴ്സായ സുനു ജോലി ചെയ്തിരുന്ന സബ്രാത്തയിലെ സാവിയ മെഡിക്കല്‍ സെന്‍റര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ തിങ്കളാഴ്ച ആഭ്യന്തര വിമാന സര്‍വിസ് നടത്തുന്ന സുവാര എയര്‍പോര്‍ട്ടിലേക്ക് എത്തിക്കും. അവിടെനിന്ന് വിമാനമാര്‍ഗം തലസ്ഥാനമായ ട്രിപളിയിലേക്ക് എത്തിച്ച് പോസ്റ്റ്മോര്‍ട്ട ം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാന്‍ ഒരാഴ്ചയോളമെടുക്കുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
അതേസമയം, ആക്രമണത്തെ തുടര്‍ന്ന് സാവിയ മെഡിക്കല്‍ സെന്‍ററില്‍ കുടുങ്ങിയ കുട്ടികളടക്കം 33 മലയാളികളെ 12 കി.മീ. അകലെയുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി ആശുപത്രിയില്‍ ജോലി ചെയ്യുന്ന കോട്ടയം പാമ്പാടി സ്വദേശി എബ്രഹാം സാമുവല്‍ ഫോണിലൂടെ ‘മാധ്യമ’ത്തോട് പറഞ്ഞു.
ആഭ്യന്തരപ്രശ്നങ്ങള്‍ താരതമേന്യ കുറവായ പ്രദേശമാണ് സബ്രാത്ത. സാവിയ ആശുപത്രി കോമ്പൗണ്ടിലെ താമസസ്ഥലത്ത് ആദ്യമായാണ് ആക്രമണമുണ്ടാകുന്നത്. കാര്യമെന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ളെന്നാണ് എബ്രഹാം പറയുന്നത്. ലിബിയന്‍ പൗരന്‍െറ സഹായത്തോടെയാണ് ആശുപത്രി കോമ്പൗണ്ടില്‍ ഒറ്റപ്പെട്ട കുടുംബങ്ങളടക്കമുള്ളവരെ മാറ്റിപാര്‍പ്പിച്ചത്.  
മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതടക്കമുള്ള രേഖകള്‍ ശരിയാക്കുന്നതിന് അടച്ചുപൂട്ടിയ ആശുപത്രി പരിസരത്ത് നില്‍ക്കുമ്പോഴും പുറത്ത് ചെറിയ തോതില്‍ വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ടെന്ന് എബ്രഹാം പറഞ്ഞു.ലിബിയയില്‍ ജോലി ചെയ്യുന്ന സുനുവിന്‍െറ ബന്ധുക്കളായ വെളിയന്നൂര്‍ സ്വദേശികളാണ് മരണവിവരം ആദ്യം നാട്ടിലറിയിച്ചതെന്ന് വിപിന്‍െറ സഹോദരന്‍ തുളസീധരന്‍നായര്‍ പറഞ്ഞു.
വിപിനും കുടുംബവും താമസിച്ച മുറിയിലേക്ക് ജനല്‍വഴി സ്ഫോടകവസ്തു വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ കെട്ടിടത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. അടുത്തമുറിയില്‍ താമസിക്കുന്ന മലയാളികളുമായി സംസാരിക്കാന്‍ പുറത്തിറങ്ങിയതിനാല്‍ വിപിന്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.  സംഭവം നടന്ന വെള്ളിയാഴ്ച രാത്രിയില്‍ രണ്ടു തവണ വിപിന്‍ ബന്ധുക്കളെ വിളിക്കുകയും വാട്സ്ആപ്പിലൂടെ സന്ദേശം അയക്കുകയും ചെയ്തിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് കാത്തിരുന്ന തുളസീഭവനത്തിലേക്ക് ഞായറാഴ്ച രാവിലെ 11നും വൈകീട്ട് 6.30നും വിപിന്‍െറ വിളിയത്തെിയിരുന്നു. സുനുവിന്‍െറയും പ്രണവിന്‍െറയും മൃതദേഹം നാട്ടിലത്തെിക്കുന്നതിന് ആവശ്യമായ ആശുപത്രി രേഖകള്‍ ശരിയായെന്നും തിങ്കളാഴ്ച റോഡ് മാര്‍ഗം സുവാര വിമാനത്താവളത്തിലേക്ക് പോകുമെന്നും വിപിന്‍ ബന്ധുക്കളെ അറിയിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.