കൊച്ചി: റിപ്പര്‍ മോഡലില്‍ ഒമ്പതുപേരെ കൊലപ്പെടുത്തിയയാള്‍ കൊച്ചിയില്‍ അറസ്റ്റില്‍. തേവര മമ്മാഞ്ഞിമുക്ക് കിണറ്റിങ്കല്‍ വീട്ടില്‍ പണിക്കര് കുഞ്ഞുമോന്‍ എന്ന സേവ്യറാണ് (42) എറണാകുളം ടൗണ്‍ നോര്‍ത് പൊലീസിന്‍െറ പിടിയിലായത്. ഞായറാഴ്ച വൈകീട്ട് ഏഴോടെ നോര്‍ത് ഓവര്‍ബ്രിഡ്ജിന് സമീപത്തുനിന്നായിരുന്നു അറസ്റ്റ്. നോര്‍ത് റെയില്‍വേ സ്റ്റേഷന് സമീപം ഉണ്ണി എന്നയാള്‍ കല്ലുകൊണ്ട് ഇടിയേറ്റ് മരിച്ച സംഭവത്തിലാണ് സേവ്യര്‍ അറസ്റ്റിലാകുന്നത്. വഴിയരികിലും റെയില്‍വേ പരിസരങ്ങളിലും കിടന്നുറങ്ങിയ എട്ടുപേരെ കൂടി സമാന രീതിയില്‍ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതായി ഡി.സി.പി അരുള്‍ ആര്‍.ബി കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈമാസം ഒമ്പതിന് നോര്‍ത് റെയില്‍വേ സ്റ്റേഷന് സമീപം ഇ.എസ്.ഐ ആശുപത്രിക്ക് എതിര്‍വശമുള്ള ഓല ഷെഡിലാണ് ഉണ്ണി കല്ലുകൊണ്ടുള്ള മര്‍ദനത്തിന് ഇരയായത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഉണ്ണി മരിച്ചത്. അബോധാവസ്ഥയിലായതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കേരളത്തില്‍ കല്ല് കൊണ്ടിടിച്ചുള്ള കൊലക്കേസുകളില്‍ പ്രതികളായവരെ നിരീക്ഷിച്ചെങ്കിലും തുമ്പുണ്ടായില്ല. അതിനിടെ ഉണ്ണിക്കൊപ്പം സേവ്യര്‍ മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ എന്ന സഹോദരന്‍െറ മൊഴി വഴിത്തിരിവായി. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഉണ്ണിയെ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് സേവ്യര്‍ മൊഴി നല്‍കി. ഉണ്ണിയുടെ പോക്കറ്റില്‍നിന്ന് പണം കവരാനുള്ള ശ്രമമാണ് തര്‍ക്കത്തില്‍ കലാശിച്ചത്. 2007-2016 കാലയളവില്‍ കൊച്ചിയിലും പരിസരത്തും നടന്ന എട്ട് കൊലപാതകങ്ങളാണ് സേവ്യര്‍ സമ്മതിച്ചത്. 2007ല്‍ തൃക്കാക്കരയില്‍ 75 വയസ്സുള്ള വൃദ്ധന്‍, 40 വയസ്സുള്ള മധ്യവയസ്കന്‍, കളമശ്ശേരിയില്‍ അബ്ദുഖാദര്‍ (70), 2008ല്‍ പറവൂര്‍ ചെറിയപിള്ളിക്ക് സമീപം പ്രതാപചന്ദ്രന്‍ (72), 2009ല്‍ ബ്രോഡ്വേയില്‍ ചെകിടന്‍ എന്ന സന്താനം (60), ബേസിന്‍ റോഡില്‍ തകര (60), 2014ല്‍ ആസാദ് റോഡില്‍ പരമേശ്വരന്‍, 2015ല്‍ നോര്‍ത് റെയില്‍വേ മേല്‍പാലത്തിനു താഴെവെച്ച് സെല്‍വം (28) എന്നിവരാണ് കൊല്ലപ്പെട്ടത്. എല്ലാവരെയും വഴിയരികില്‍ കിടന്നുറങ്ങുന്നതിനിടെ കല്ലുകൊണ്ട് ഇടിച്ചുകൊല്ലുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. പെയിന്‍റിങ് തൊഴിലാളിയായ സേവ്യര്‍ നേരത്തേ മണപ്പാട്ടിപറമ്പിലായിരുന്നു താമസം. ഇവിടത്തെ വീടും സ്ഥലവും വിറ്റതിനത്തെുടര്‍ന്ന് കുറച്ചുനാള്‍ തേവരയില്‍ വാടകക്ക് താമസിച്ചു. നിലവില്‍ തേവക്കലുള്ള പെങ്ങളുടെ വീട്ടിലാണ് താമസം. ഡി.സി.പി അരുള്‍ ആര്‍.ബി. കൃഷ്ണ, എ.സി.പി കെ.വി. വിജയന്‍, സെന്‍ട്രല്‍ സി.ഐ വൈ. നിസാമുദ്ദീന്‍, എസ്.ഐ ജയപ്രകാശ്, സിറ്റി സ്നൈപ്പേഴ്സ് അംഗങ്ങളായ എ.എസ്.ഐ ബോസ്, മോഹന്‍, സി.പി.ഒമാരായ അനില്‍, ദിനേശ് കുമാര്‍, കിഷോര്‍, ഹരീഷ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സേവ്യര്‍ ജോലി ചെയ്തിരുന്ന അടൂര്‍, ലഹരി മോചന ചികിത്സ നടത്തിയ പീച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഡി.സി.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.