പുറമ്പോക്കില്‍ നെഞ്ച് നെരിപ്പോടാക്കി അമ്മയും രണ്ട് പെണ്‍മക്കളും

പെരുമ്പിലാവ്: പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത കൂരകള്‍ക്കുള്ളില്‍ നെഞ്ച് നെരിപ്പോടാക്കി നേരം വെളുപ്പിക്കുകയാണ് പെരുമ്പിലാവിലെ പരേതനായ വട്ടപറമ്പില്‍ കുമാരന്‍െറ ഭാര്യ സുമതിയും രണ്ട് പെണ്‍മക്കളും. കൂലിപ്പണിക്കാരനായിരുന്ന കുമാരന്‍ മൂന്നുവര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതോടെയാണ് സുമതിയും മക്കളായ സുകന്യയും (14) സുഹാസിനിയും (12) തനിച്ചായത്. കടവല്ലൂര്‍ പഞ്ചായത്ത് ഓഫിസിന് തൊട്ടുപിറകിലെ പുറമ്പോക്കിലെ ഓലക്കുടിലിലാണ് ഇവര്‍ കഴിയുന്നത്. രണ്ടര പതിറ്റാണ്ട് മുമ്പാണ് ഈ കുടിലില്‍ സുമതി ഭര്‍ത്താവുമൊത്ത് താമസം തുടങ്ങിയത്. കുമാരന് എന്താണ് സംഭവിച്ചതെന്ന് സുമതിക്കറിയില്ല. നിര്‍മാണത്തിലിരുന്ന ഒരു വീട്ടിനുള്ളിലാണ് കുമാരന്‍െറ മൃതദേഹം കണ്ടത്തെിയത്. സ്വാഭാവിക മരണമായിരുന്നില്ളെന്ന് മാത്രം അറിയാം. എന്താണുണ്ടായതെന്ന് സുമതിക്ക് പറയാനാകുന്നില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വീട്ടിനുള്ളില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

 കുമാരന്‍െറ മരണത്തോടെ ജീവിതച്ചെലവ് കഴിഞ്ഞുപോകാന്‍ തൊഴിലുറപ്പ് പദ്ധതിയില്‍നിന്നുള്ള വേതനം മാത്രമായി ആശ്രയം. മൂന്ന് സെന്‍റ് പുറമ്പോക്കിലാണ്  കുടില്‍. പണിക്ക് പോകുമ്പോള്‍ പെണ്‍മക്കളെ സമീപവീടുകളില്‍ ആക്കും. അതൊരു ആധിയാണ്. രാത്രികളിലാകട്ടെ, പേടിക്കാതെ ഉറങ്ങാനാവില്ല. ചാരിവെച്ച് കെട്ടിയ വാതിലില്‍ അസമയങ്ങളില്‍ തട്ടുന്ന ശബ്ദം എത്രയോ വട്ടം ഇവരെ ഞെട്ടിച്ചുണര്‍ത്തിയിട്ടുണ്ട്.
പഞ്ചായത്തംഗമായിരുന്ന പി.എ. കമറുദ്ദീന്‍െറ ഇടപെടലിലൂടെ കുറച്ച് മുമ്പ് കുടിലിന് നമ്പര്‍ ലഭിച്ചു. അതുമായി പട്ടയം ലഭിക്കാന്‍ പലവട്ടം വില്ളേജിലും താലൂക്കിലും സുമതി കയറിയിറങ്ങി. പട്ടയം ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കില്ല.
 25 വര്‍ഷം മുമ്പ് 25,000 രൂപക്കാണ് ഈ സ്ഥലം കുമാരന്‍ വാങ്ങിയതെന്ന് സുമതി പറഞ്ഞുകേട്ടിട്ടുണ്ട്. പണം കൊടുത്തതിന്‍െറ രേഖ സുമതിയുടെ കൈവശമുണ്ടെങ്കിലും പണം വാങ്ങിയയാളെ ഇന്നേവരെ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. അടച്ചുറപ്പില്ലാത്ത കുടിലിനുള്ളിലെ ജീവിതം പറയുമ്പോള്‍ സുമതിയുടെ വാക്കുകള്‍ ഇടറിമുറിയും. മൂത്തമകള്‍ സുകന്യ പത്തിലേക്കും സുഹാസിനി എട്ടിലേക്കും ജയിച്ചു. അക്കിക്കാവ് ടി.എം.വി.എച്ച്.എസ് സ്കൂള്‍ വിദ്യാര്‍ഥിനികളാണ് ഇരുവരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.