കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഭർത്താവിനെ ജയിപ്പിക്കാൻ തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന ചാനൽ ലേഖികയുടെ ടെലിഫോൺ സംഭാഷണം വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നു. സഹപ്രവർത്തകനെ നിരീക്ഷിക്കാനും പ്രാദേശിക ലേഖകർക്ക് പണം കൊടുത്ത് അനുകൂല വാർത്തകൾ വരുത്താനും നിർദേശിക്കുന്ന ഓഡിയോ മാധ്യമ സദാചാരത്തെ കാറ്റിൽ പറത്തുന്നതിനൊപ്പം രാഷ്ട്രീയത്തിലെ ചതിയും കുതികാൽവെട്ടുമൊക്കെ പരസ്യമാക്കുന്നു.
മാതൃഭൂമി ചാനലിന്റെ കൊച്ചിയിലെ സ്പെഷ്യൽ കറസ്പോണ്ടന്റ് ലേബി സജീന്ദ്രന്റെ ശബ്ദമാണ് ഓഡിയോ രൂപത്തിൽ വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്നത്. തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകർക്കാണ് ഇതു ആദ്യം അയച്ചു കിട്ടിയത്. ലേബി ഇതുവരെ വാർത്ത നിഷേധിക്കുകയോ ശബ്ദം തന്റേതു അല്ലെന്നു പറയുകയോ ചെയ്തിട്ടില്ല.
കുന്നത്ത്നാട് മണ്ഡലം സിറ്റിംഗ് എം.എൽ.എ വി.പി സജീന്ദ്രന്റെ ഭാര്യയാണ് ലേബി. കോൺഗ്രസ് ടിക്കറ്റിൽ ഇത്തവണ വീണ്ടും മത്സരിക്കുന്ന സജീന്ദ്രന് എതിരെ കോൺഗ്രസിൽ തന്നെ ചില രഹസ്യ നീക്കങ്ങൾ നടക്കുന്നുണ്ടത്രേ. ഇതു കണ്ടു പിടിക്കാൻ രഹസ്യമായി നിയോഗിച്ച ആളുമായി ലേബി സജീന്ദ്രൻ നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തു വന്നതെന്നാണ് സൂചന. ഞാൻ ലേബി എന്ന് പറഞ്ഞു തുടങ്ങുന്ന സംഭാഷണത്തിൽ പല പേരുകളും പരാമർശിക്കുന്നുണ്ട് . ജോസഫ് വാഴക്കൻ എം. എൽ.എ ക്ക് ഗൾഫിലും യു.കെയിലും വൻ നിക്ഷേപം ഉണ്ടെന്നും സൂക്ഷിച്ചു കളിക്കാൻ അറിയുന്ന ആളാണ് വാഴക്കനെന്നും പറയുന്നു.
തന്‍റെ സഹപ്രവർത്തകരെ പ്രത്യേകം നിരീക്ഷിക്കാൻ ആവശ്യപ്പെടുന്നുണ്ട്. മാതൃഭൂമി ചാനൽ കൊച്ചി ബ്യൂറോ ചീഫ് ബിജു പങ്കജിന്‍റെ പേര് പ്രത്യേകം എടുത്തു പറയുന്നു . കണ്ണാടി വെച്ച ആൾ. ഇടത്തോട്ട് മുടി ചീകുന്ന ആൾ. കൊച്ചി കലക്ടർ രാജമാണിക്യത്തെ പോലെ ഇരിക്കും എന്നിങ്ങനെ ബിജു പങ്കജിന്‍റെ രൂപ സാദൃശ്യം അറിയിച്ച് സജീന്ദ്രന് എതിരെ നീങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ആവശ്യപ്പെടുന്നു. താനും അയാളും തമ്മിൽ പണ്ടേ ഉടക്കാണെന്നും അയാൾ പാര വെക്കുമെന്നും പറയുന്നു.
അനുകൂല വാർത്ത വരുത്താൻ കോലഞ്ചേരിയിലെ പ്രാദേശിക ലേഖകർക്ക് 20000 രൂപ വീതം കൊടുക്കാൻ തയ്യാറാണെന്നാണ് ഓഡിയോയിലുള്ളത്. ബെന്നി ബഹനാനും അജയ് തറയിലിനും സരിതയുമായി നേരത്തെ ബന്ധമുള്ള കാര്യം തനിക്ക് അറിയാമായിരുന്നെന്നും സൂചിപ്പിക്കുന്നു. കോൺഗ്രസിനെ ഒന്നിനും കൊള്ളാത്ത പാർട്ടി എന്നാണ് ലേബി വിശേഷിപ്പിക്കുന്നത്.
ജോസ്തെറ്റയിൽ എം എൽ എ യുടെ ലൈംഗിക ദൃശ്യങ്ങൾ ചാനലിൽ കൊടുത്തത് മാതൃഭൂമി മാനേജ്മെന്റിന്റെ താല്പര്യപ്രകാരം ആണെന്നും വ്യക്തമാക്കുന്നു.
ലേബിയുടെ ഫേസ്ബുക്ക് പേജിൽ ഈ ഓഡിയോ സംഭാഷണം ചിലർ പോസ്റ്റ് ചെയ്തിട്ടും ഇതുവരെ അവർ അതെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.