വ്യാജ സത്യവാങ്മൂലം: ഷാജിക്കെതിരെ കോടതിയില്‍ ഹരജി

കണ്ണൂര്‍: അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം. ഷാജിക്കെതിരെ കോടതിയില്‍ ഹരജി. നാമനിര്‍ദേശപത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തുവിവരം, പാന്‍കാര്‍ഡ് നമ്പര്‍, വിദ്യാഭ്യാസ യോഗ്യത  എന്നിവ സംബന്ധിച്ച് നല്‍കിയ വിവരങ്ങള്‍ വ്യാജമാണെന്ന് കാണിച്ച് അഴീക്കോട് ‘അഖി നിവാസി’ല്‍ പി.വി. വിജയനാണ്  കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്)യില്‍ പരാതി നല്‍കിയത്.
മജിസ്ട്രേറ്റ് കെ. കൃഷ്ണകുമാര്‍ ഹരജി പരിഗണിക്കുന്നത് മേയ് 27ലേക്ക് മാറ്റി. സ്വത്തു സംബന്ധിച്ച് 2011ലെ സത്യവാങ്മൂലത്തില്‍ കണിയാമ്പറ്റയില്‍ ഷാജിയുടെ രണ്ടു വസ്തുവിന് മതിപ്പുവില 26 ലക്ഷം രൂപ കാണിച്ചിരുന്നു. എന്നാല്‍, ഇത്തവണത്തെ സത്യവാങ്മൂലത്തില്‍ ഇതേ വസ്തുക്കള്‍ക്ക് മൂന്നുലക്ഷം മാത്രമാണ് കാണിച്ചത്. ധനവിനിയോഗം സംബന്ധിച്ച ആധികാരിക രേഖയായ പാന്‍കാര്‍ഡ് ഒരാള്‍ക്ക് ഒരെണ്ണമേ പാടുള്ളൂവെങ്കിലും ഷാജിക്ക് രണ്ടു പാന്‍കാര്‍ഡുകളുണ്ടെന്ന് ഹരജിയില്‍ പറഞ്ഞു. നാമനിര്‍ദേശപത്രികയില്‍ പാന്‍കാര്‍ഡ് നമ്പര്‍ EDWPK6273A ആണ് രേഖപ്പെടുത്തിയത്. ഇതിനുപുറമെ APQPK1630A എന്ന നമ്പറിലുള്ള പാന്‍കാര്‍ഡ് കൂടി ഷാജിക്കുണ്ട്.  
വിദ്യാഭ്യാസ യോഗ്യതയും പരസ്പര വിരുദ്ധമായാണ് രേഖപ്പെടുത്തിയത്. ഒരിടത്ത് ബി.ബി.എ (നോട്ട് കംപ്ളീറ്റഡ്) എന്നും മറ്റൊരിടത്ത് ബി.ബി.എം (നോട്ട് കംപ്ളീറ്റഡ്) എന്നുമാണുള്ളത്.
വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാഭ്യാസ യോഗ്യതയേ രേഖപ്പെടുത്താന്‍ പാടുള്ളൂ. ഷാജിയുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്രീഡിഗ്രിയാണ്. ഇത് നാമനിര്‍ദേശ പത്രികയില്‍ മറച്ചുവെച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.