കൊച്ചി: സരിത എസ്. നായര്‍ എഴുതിയ കത്തിലെ ഉള്ളടക്കം അത് പിടിച്ചെടുത്ത ജീവനക്കാര്‍ തന്നോട് പറഞ്ഞെന്ന മുന്‍ ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിന്‍െറ മൊഴി തെറ്റെന്ന് സോളാര്‍ കമീഷന്‍ മുമ്പാകെ സാക്ഷികള്‍. സരിതയുടെ ദേഹപരിശോധന നടത്തിയ രണ്ട് വനിതാ അസി. പ്രിസണ്‍ ഓഫിസര്‍മാരാണ് ഇക്കാര്യം സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷന്‍ മുമ്പാകെ വെളിപ്പെടുത്തിയത്.2013ല്‍ പത്തനംതിട്ട ജില്ലാ ജയില്‍ അസി. പ്രിസണ്‍ ഓഫിസര്‍മാരായിരുന്ന ടി. മണി, രമാദേവിയമ്മ എന്നിവരുടെ മൊഴിയാണ് കമീഷന്‍ ശേഖരിച്ചത്.
കത്തിനെക്കുറിച്ച് ഒരു വിവരവും ഡി.ജി.പിയോട് നേരിട്ടോ ഫോണിലൂടെയോ പറഞ്ഞില്ളെന്നും സരിതയുടെ കൈവശം കണ്ട കടലാസുകള്‍ ജയിലില്‍നിന്ന് കൊടുത്തതല്ളെന്നും ഇവര്‍ മൊഴി നല്‍കി.2013 ജൂലൈ 20ന് പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയുടെ കീഴില്‍ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞ് സരിതയെ തിരികെ പത്തനംതിട്ട ജില്ലാ ജയിലില്‍ കൊണ്ടുവന്നപ്പോള്‍ വനിതാ ബ്ളോക്കില്‍വെച്ച് മണിയും രമാദേവിയമ്മയുമാണ് ദേഹപരിശോധന നടത്തിയത്.പരിശോധനയില്‍ കണ്ടത്തെിയ കവറില്‍ ചെറുതായി മടക്കിവെച്ച കുറിപ്പുകള്‍ കണ്ടു.
കോടതി ആവശ്യത്തിന് അവരുടെ അഭിഭാഷകന് കൊടുക്കാന്‍ തയാറാക്കിയ കുറിപ്പുകളാണെന്നാണ് സരിത പറഞ്ഞത്. ഈ വിവരം ഹെഡ് വാര്‍ഡന്‍ അബ്ദുല്ലത്തീഫിനെ അറിയിച്ചു. അദ്ദേഹം ജയില്‍ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പിനോട് ഇക്കാര്യം പറഞ്ഞു. കുറിപ്പുകള്‍ സരിതയുടെ അഭിഭാഷകന് കൊടുക്കാനുള്ളതാണെങ്കില്‍ വായിച്ച് നോക്കാതെ സരിതക്ക് തിരിച്ചുനല്‍കാന്‍ വിശ്വനാഥക്കുറുപ്പാണ് പറഞ്ഞതെന്ന് ടി. മണി മൊഴിനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.