‘സോമാലിയ’ കത്തുന്നു; മോദിക്കെതിരെ ഒറ്റക്കെട്ട്

ന്യൂഡല്‍ഹി/കൊച്ചി: കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും ഒറ്റക്കെട്ടായി രംഗത്ത്. മോദിയുടെ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ആളുന്നതിനിടെയാണ് പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ മോദിക്കെതിരെ കടുത്ത വിമര്‍ശമഴിച്ചുവിട്ടത്. നിയമസഭാതെരഞ്ഞെടുപ്പിന് മുന്നുദിവസം മാത്രം അവശേഷിക്കേ സോമാലി വിവാദം ഇതുവരെയുള്ള പ്രചാരണവിഷയങ്ങളെ നിഷ്പ്രഭമാക്കി കത്തിപ്പടരുകയാണ്.

അതിനിടെ, തെറ്റ് തിരുത്താന്‍ തയാറാകാത്ത പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊച്ചിയില്‍ പറഞ്ഞു. ഇതിന്‍െറ നിയമവശങ്ങള്‍ ആരാഞ്ഞുവരുകയാണ്. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ ആധികാരികമായ ഏതെങ്കിലും രേഖയുടെ പിന്‍ബലം വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മോദി പറഞ്ഞത് അസംബന്ധവും അപമാനകരവുമാണെന്നും ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും സി.പി. എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രസ്താവന മോദിയുടെ നിലവാരത്തിന് ചേരുന്നതാണെങ്കിലും രാജ്യത്തിന് മൊത്തം നാണക്കേടായി മാറിയെന്ന് എ.ഐ.സി.സി വക്താവ്  ജയറാം രമേശ് പറഞ്ഞു.  

കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രിക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ച പരിഹാസം ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ്.  ഐക്യരാഷ്ട്രസഭപോലും അംഗീകരിച്ച കേരളത്തിന്‍െറ നേട്ടം മാതൃകയാക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടതെന്നും യെച്ചൂരി പറഞ്ഞു. നേരെ നോക്കി കള്ളം പറയുന്നയാളാണ് മോദിയെന്ന് വെളിപ്പെട്ട കാര്യമാണെന്ന് ജയറാം രമേശ് പറഞ്ഞു. എന്നാല്‍, കേരളത്തെ സോമാലിയയായി കണ്ടത് ‘അതിഭീകരം’ എന്നേ പറയാനുള്ളൂ. മോദി ഭരിച്ചു വികസിപ്പിച്ചുവെന്ന് പറയുന്ന ഗുജറാത്തിനെ അഫ്ഗാനിസ്ഥാനോടോ ബംഗ്ളാദേശിനോടോ മാത്രമേ ഉപമിക്കാനാകൂ. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ സാക്ഷരത, ആയുര്‍ദൈര്‍ഘ്യം എന്നിവയില്‍ കേരളം മോദിയുടെ സ്വന്തം ഗുജറാത്തിനേക്കാള്‍ എത്രയോ മുന്നിലാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

മോദി നടത്തിയത് മാപ്പര്‍ഹിക്കാത്ത പരാമര്‍ശമാണെന്ന് എ.കെ. ആന്‍റണി ആലപ്പുഴയില്‍ പറഞ്ഞു. കടല്‍ക്കൊള്ളക്കാരുടെയും ഭക്ഷണത്തിനുവേണ്ടി നിലവിളിക്കുന്ന പട്ടിണിപ്പാവങ്ങളുടെയും നാടിനോടാണ് മോദി കേരളത്തെ ഉപമിച്ചത്. സ്ഥാനത്തിന്‍െറ അന്തസ്സ് മനസ്സിലാക്കാതെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം ബി.ജെ.പിക്ക് കിട്ടുമായിരുന്ന വോട്ട് നഷ്ടപ്പെടുത്തുമെന്നും ആന്‍റണി പറഞ്ഞു.

പ്രധാനമന്ത്രി പറഞ്ഞതില്‍ തെറ്റില്ളെന്നും കേരളത്തില്‍ നിയമവാഴ്ചയില്ളെന്നും  ബി.ജെ.പിയുടെ രാജ്യസഭാംഗം സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. നിയമവാഴ്ച നിലവിലില്ലാത്ത നാടാണ് സോമാലിയ. കേരളത്തിലെ അവസ്ഥയും അതാണ്. അതുകൊണ്ടാണ് ഇറ്റലിയില്‍നിന്ന് കപ്പലില്‍ കേരളതീരത്തത്തെി രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊല്ലാന്‍ അവര്‍ക്ക് സാധിച്ചത്. ബി.ജെ.പി അധികാരത്തില്‍വരുന്നതിനുമുമ്പേ ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പ് നടന്നിരുന്നു. സോമാലിയക്കും കേരളത്തിനുമിടയിലെ ഇത്തരം പ്രത്യേകതയെക്കുറിച്ചാണ് മോദി പറഞ്ഞതെന്നും അത് ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും സ്വാമി  പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും ആദിവാസി മേഖലയിലെ ദുരവസ്ഥ ചൂണ്ടിക്കാണിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്നും കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു പറഞ്ഞു. ഇതുസംബന്ധിച്ച് നിയമനടപടി ഉണ്ടായാല്‍ നേരിടാന്‍ തയാറാണെന്ന് അദ്ദേഹം നെടുമ്പാശ്ശേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പദവിക്ക് നിരക്കാത്തതും നിലവാരമില്ലാത്തതുമായ പ്രസംഗമാണ് മോദി നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു. ഇന്ത്യ മുഴുക്കെ സോമാലിയയാക്കിയ നരേന്ദ്ര മോദി ഉളുപ്പില്ലാതെ ഇവിടെ വന്ന് ഉമ്മന്‍ ചാണ്ടിസര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നത് പെരുംമന്തന്‍ ഉണ്ണിമന്തനെ കുറ്റം പറയുന്നത് പോലെയാണെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.