മധ്യകേരളത്തില്‍ പലപ്രമുഖരും പ്രതിസന്ധിയില്‍

കോട്ടയം: കനത്ത മഴയിലും മധ്യകേരളത്തില്‍ കനത്ത പോളിങ്. മലയോര-ഗ്രാമ മേഖലകളിലാണ് ഇത്തവണ കനത്ത പോളിങ്. പോളിങ് വര്‍ധന കാര്‍ഷിക മേഖലയില്‍നിന്നുണ്ടായ ശക്തമായ പ്രതിഷേധത്തില്‍നിന്നാണെന്ന് പ്രാഥമിക വിലയിരുത്തല്‍. മലയോര കര്‍ഷകര്‍ കൂട്ടമായത്തെി വോട്ട് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കാര്‍ഷിക വിളകളുടെ വിലയിടിവും റബര്‍ കര്‍ഷകരുടെ രോഷവും ഇത്തവണ വോട്ടിലൂടെ പ്രതിഫലിച്ചുവെന്നാണ് ആദ്യ നിഗമനം. പുറമെ യുവ വോട്ടര്‍മാരുടെ സാന്നിധ്യവും ബി.ജെ.പിയുടെ പ്രചാരണവും തിരിച്ചടിക്ക് കാരണമാകുന്നതായി കരുതുന്നു. പല മണ്ഡലങ്ങളിലും ബി.ജെ.പി 10 മുതല്‍ 20 ശതമാനംവരെ വോട്ട് അധികമായി നേടുമെന്നാണ് സൂചന. ബി.ജെ.പി ലക്ഷ്യമിട്ടിരുന്നതും ഈ കണക്കാണ്.

പോളിങ് കൂടിയാല്‍ യു.ഡി.എഫിനെന്നും കുറഞ്ഞാല്‍ എല്‍.ഡി.എഫിനെന്നുമുള്ള കണക്ക് രാഷ്ട്രീയ നേതൃത്വം തള്ളുകയാണ്. എന്നാല്‍, 2011ലെക്കാള്‍ പോളിങ് ശതമാനത്തില്‍ ഉണ്ടായ വര്‍ധന ആര്‍ക്ക് അനുകൂലമാകുമെന്നതില്‍ മുന്നണികളും സ്ഥാനാര്‍ഥികളും കടുത്ത ആശങ്കയിലാണ്. മധ്യകേരളത്തില്‍ നിര്‍ണായക സ്വാധീനമുള്ള കേരള കോണ്‍ഗ്രസും കോണ്‍ഗ്രസിലെ ഏതാനും പ്രമുഖരും ഇത്തവണ കടുത്ത പ്രതിസന്ധിയിലാകുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.എം. മാണിയും ഇതെല്ലാം നിഷേധിക്കുന്നു.

കേരള കോണ്‍ഗ്രസ് പാര്‍ട്ടി ലീഡര്‍ കെ.എം. മാണിയുടെയും ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസിന്‍െറയും പുതുതായി ഉദയം ചെയ്ത ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍െറയും സ്ഥിതി ദയനീയമാകുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
തുശൂരില്‍ യു.ഡി.എഫിലെ പലപ്രമുഖരും ദയനീയമായി പരാജയപ്പെടുമെന്നാണ് സൂചന. ആകെയുള്ള 13 സീറ്റില്‍ ഭൂരിപക്ഷവും ഇടതിനൊപ്പമെന്നാണ് ഇന്‍റലജിന്‍സ് റിപ്പോര്‍ട്ട്. നിലവില്‍ ഏഴ് എല്‍.ഡി.എഫും ആറ് യു.ഡി.എഫുമാണ് ഉള്ളത്. ഇതില്‍ കാര്യമായ മാറ്റം വരുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങളും പറയുന്നു. ഇത്തവണ തൃശൂരില്‍ 75 ശതമാനത്തോളം പോളിങ് നടന്നതായാണ് പ്രാഥമിക കണക്ക്. അതിനാല്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ളെന്ന നിലപാടിലാണ് യു.ഡി.എഫ്.

പത്തനംതിട്ടയിലും പോളിങ് ശതമാനത്തില്‍ നേരിയ വര്‍ധനയാണ്. 70 ശതമാനം പോളിങ് നടന്നതായി കണക്കാക്കപ്പെടുന്നു. 2011ല്‍ 68 ശതമാനമായിരുന്നു പോളിങ്. പത്തനംതിട്ടയിലെ അഞ്ചു മണ്ഡലങ്ങളിലും പോളിങ് ഉയര്‍ന്നതില്‍ മുന്നണികളും സ്ഥാനാര്‍ഥികളും കടുത്ത ആശങ്കയിലാണ്. ഉയര്‍ന്ന പോളിങ് ആരെ തുണക്കുമെന്നതാണ് ഇവരെ അലട്ടുന്ന പ്രധാന പ്രശ്നം. കോന്നി, ആറന്മുള, തിരുവല്ല മണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ് നടന്നത്. ഇവിടെ കൂടുതല്‍ സീറ്റുകള്‍ ഇടതുമുന്നണി നേടുമെന്നാണ് എക്സിറ്റ് ഫലങ്ങള്‍ പുറത്തുവിട്ട കണക്കിലുള്ളത്.
ഇടുക്കിയിലും പോളിങ് ശതമാനത്തില്‍ നേരിയ വര്‍ധനയുണ്ട്. പ്രാഥമിക കണക്കനുസരിച്ച് പോളിങ് 70 ശതമാനത്തിനടുത്താണ്. ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട് മണ്ഡലങ്ങളില്‍ ഇടത് മുന്നേറ്റമെന്നാണ് എക്സിറ്റ് ഫലങ്ങള്‍. എറണാകുളത്തും പോളിങ് ശതമാനത്തില്‍ വര്‍ധനയാണുള്ളത്. മന്ത്രി കെ. ബാബു അടക്കമുള്ള പ്രമുഖര്‍ ഭീഷണിയിലാണെന്നാണ് റിപ്പോര്‍ട്ട്. ആകെയുള്ള 14 സീറ്റില്‍ ബഹുഭൂരിപക്ഷവും ഇടതിനൊപ്പമെന്നാണ് സൂചന. എന്നാല്‍, മികച്ച വിജയം ഉണ്ടാകുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.