സ്ഥാനാര്‍ഥികളുടെ ‘മുഖ്യ എതിരാളി പ്രകൃതി’

കൊച്ചി: ഒരല്‍പം മഴയും തണുപ്പും പ്രതീക്ഷിച്ച രണ്ടുമാസത്തെ പ്രചാരണകാലത്ത് സ്ഥാനാര്‍ഥികളെ പ്രകൃതി പൊരിവെയിലില്‍ വറുത്തെടുത്തു. പോസ്റ്ററില്‍ വെളുത്തുതുടുത്തുനിന്ന മിക്കവരും യഥാര്‍ഥത്തില്‍ കറുത്ത് കരുവാളിച്ചു. എന്നാല്‍, വെയില്‍ ഉണ്ടാകണമെന്ന് ആഗ്രഹിച്ച ദിവസം കനത്ത മഴയും. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രകൃതി അക്ഷരാര്‍ഥത്തില്‍ വട്ടം കറക്കുകയായിരുന്നു. വെയിലിന്‍െറ ചൂടുമൂക്കും മുമ്പ് വോട്ടര്‍മാര്‍ കൂട്ടംകൂട്ടമായി പോളിങ് ബൂത്തിലേക്ക് എത്തുന്നത് കാത്തുനിന്ന് സ്ഥാനാര്‍ഥികളുടെ നെഞ്ചില്‍ തീയെരിയിച്ചുകൊണ്ട് മധ്യകേരളത്തില്‍ പോളിങ് ദിവസം അതിരാവിലെ കനത്ത മഴ. അതും; പോളിങ് തുടങ്ങുന്ന കൃത്യം ഏഴുമണിക്ക്. ആ മഴ പത്തുമണിയോളം നീണ്ടു. അതോടെ രാവിലെയുള്ള വോട്ടെടുപ്പ് മന്ദഗതിയിലായി. അപ്പോഴും പക്ഷേ, സ്ഥാനാര്‍ഥികള്‍ ആശ്വസിച്ചു; ഉച്ചയോടെ അന്തരീക്ഷം തെളിയുമെന്നും വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടമായി എത്തുമെന്നും. എന്നാല്‍,  സ്ഥാനാര്‍ഥികളുടെ മനസ്സുപോലെ അന്തരീക്ഷവും വിങ്ങിക്കെട്ടി നിന്നു.

വോട്ടെടുപ്പ് തുടങ്ങി ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ അഞ്ചുശതമാനത്തിന്‍െറ ചുറ്റുവട്ടത്ത് നിന്നിരുന്ന പോളിങ് ശതമാനം രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍  11 ശതമാനത്തിലേക്കും പത്തുമണിയായപ്പോള്‍ 20 ശതമാനത്തിലേക്കും മാത്രമാണ് ഉയര്‍ന്നത്. അപ്പോഴും സ്ഥാനാര്‍ഥികളുടെ നെഞ്ചിടിപ്പ് മാറിയിരുന്നില്ല. 11 മണിയായപ്പോള്‍ 28.04 ശതമാനമായും 12 മണിക്ക് അത് 38 ശതമാനമായും ഉയര്‍ന്നു. ഉച്ചയായതോടെ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഒഴുക്ക് നിലച്ചു. ഊണൊരുക്കലും മറ്റുമായി അവര്‍ വീടുകളില്‍ ഒതുങ്ങിക്കൂടി. അതോടെ പോളിങ് മന്ദഗതിയിലായി. ഒരുമണിയായിട്ടും ചില മണ്ഡലങ്ങളില്‍ പോളിങ് ശതമാനം 40ല്‍ താഴെ എന്ന നിലയില്‍ തുടരുകയായിരുന്നു.

11 മണിക്കൂര്‍ നീളുന്ന വോട്ടെടുപ്പിന്‍െറ പകുതി സമയം പിന്നിട്ടിട്ടും വോട്ടിങ് ശതമാനം അമ്പതില്‍താഴെയായതോടെ ഉദ്യോഗസ്ഥരും രംഗത്തിറങ്ങി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ നിര്‍ദേശപ്രകാരം തഹസില്‍ദാര്‍മാര്‍ പോളിങ് ശതമാനം കുറഞ്ഞ ബൂത്തുകളിലത്തെി വോട്ടിങ് കുറവിന്‍െറ കാരണമാരാഞ്ഞ് തുടങ്ങി. ഈ സമയത്ത്, സ്ഥാനാര്‍ഥികളും ബൂത്ത് ഏജന്‍റുമാരും അതിനേക്കാള്‍ തിരക്കിലായിരുന്നു.
ഇനിയും വോട്ട് രേഖപ്പെടുത്താന്‍ എത്താത്തവരുടെ വീടുകള്‍ തേടി അവര്‍ പാഞ്ഞുനടന്നു.

കിട്ടാവുന്നവരെയെല്ലാം സ്ഥാനാര്‍ഥികളും ഫോണില്‍ വിളിച്ചു. മഴയുടെ തണുപ്പില്‍ വീട്ടില്‍ ചടഞ്ഞിരിക്കാതെ എല്ലാവരും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ഥികള്‍ ഫേസ് ബുക്കിലും വാട്സ് ആപ്പിലുമെല്ലാം പ്രത്യേക സന്ദേശങ്ങളുമായി രംഗത്തിറങ്ങുകയും ചെയ്തു.
മൂന്നുദിവസത്തെ അവധി മുതലെടുത്ത് കുടുംബവുമായി യാത്രപോയവരെ ഫോണില്‍ വിളിച്ച് ഓരോ വോട്ടും പ്രധാനപ്പെട്ടതാണെന്ന് ഓര്‍മിപ്പിക്കാനും മറന്നില്ല. അതിനിടെ,മാറിനിന്ന മഴ വീണ്ടും പതുക്കെപ്പതുക്കെ തിരിച്ചുവന്ന് തുടങ്ങി.
 

രാവിലെ മടിപിടിച്ചിരുന്നവര്‍ ഉച്ചയോടെ പോളിങ് ബൂത്തിലത്തെുമെന്ന പ്രതീക്ഷയും ഇതോടെ മങ്ങി. പോളിങ് അവസാനിക്കാന്‍ ഒരുമണിക്കൂര്‍ ബാക്കി നില്‍ക്കുമ്പോള്‍ ശരാശരി പോളിങ് 71.81 ശതമാനത്തിലത്തെി നില്‍ക്കുകയായിരുന്നു. അതിനിടെ, വോട്ടര്‍പട്ടിക അരിച്ചുപെറുക്കി വോട്ടര്‍മാരെ പോളിങ് സമയം തീരുന്നതിന് മുമ്പ് ബൂത്തിലത്തെിക്കാനുള്ള നെട്ടോട്ടമായിരുന്നു.  പ്രായമായവര്‍ രാവിലെതന്നെ ബൂത്തിലത്തെി കൃത്യമായി വോട്ട് ചെയ്ത് മടങ്ങിയപ്പോള്‍ ‘ന്യൂ ജെന്‍’ വോട്ടര്‍മാരാണ് പോളിങ് ഏജന്‍റുമാര്‍ വന്ന് നിര്‍ബന്ധിക്കാന്‍ കാത്തിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.