വീഴ്ച വരുത്തിയത് താനല്ല, സർക്കാരും പൊലീസുമെന്ന് ജി. സുധാകരൻ

ആലപ്പുഴ: വി.എസ് വോട്ടു ചെയ്യുന്നത് താൻ എത്തിനോക്കിയിട്ടില്ലെന്ന് ജി.സുധാകരൻ. വി.എസിന്‍റെ വോട്ടിങ് നോക്കിനിന്നതിനെ ചൊല്ലിയുണ്ടായ വിവാദത്തിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. സംഭവത്തിൽ ചട്ടം ലംഘിച്ചത് താനോ വി.എസോ അരുൺകുമാറോ അല്ലെന്നും സർക്കാരും പൊലീസുമാണെന്നും അമ്പലപ്പുഴയിലെ സി.പി.എം സ്ഥാനാർഥി കൂടിയായ ജി.സുധാകരൻ പറഞ്ഞു.

സംഭവത്തിൽ മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പാർട്ടി പത്രം പോലും സംരക്ഷിച്ചില്ല. വി.എസും താനും തമ്മിൽ നല്ല ആത്ബന്ധമാണുള്ളത്. തനിക്ക് വോട്ട് ചെയ്യാൻ വേണ്ടിയാണ് വി.എസ്. മലമ്പുഴയിൽ നിന്ന് ഇവിടെയെത്തിയതെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വോട്ടര്‍ക്കല്ലാതെ മറ്റൊരാള്‍ക്കും കടന്നുചെല്ലാന്‍ വിലക്കുള്ള വോട്ടിങ് മെഷീന് അരികിലേക്ക് ചട്ടം ലംഘിച്ച് കടന്നുചെന്ന സുധാകരനെതിരെ നടപടി എടുക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ ആവശ്യപ്പെട്ടിരുന്നു. വി.എസിന്‍റെ മകനോടൊപ്പം വോട്ടുയന്ത്രത്തിന് അടുത്തുചെന്ന് രണ്ടാമത്തേതാണ് എന്‍റെ ചിഹ്നമെന്ന് പറയുകയും അതിനുശേഷം വി.എസ് വോട്ടുചെയ്യുന്നത് എത്തിനോക്കിയതും ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 128 പ്രകാരം ചട്ടലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത് ചൂണ്ടിക്കാട്ടി ജില്ലാ വരണാധികാരിക്കും സംസ്ഥാന വരണാധികാരിക്കും പരാതി നല്‍കിയതായും ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് സുധാകരനെ അയോഗ്യനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പരാതിയില്‍ പ്രിസൈഡിങ് ഓഫിസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ ആര്‍. ഗിരിജ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.