യു.ഡി.എഫ് നേതാക്കളെ വീഴ്ത്തിയത് എന്‍.ഡി.എ വോട്ട്

തിരുവനന്തപുരം: മന്ത്രിമാരുള്‍പ്പെടെ യു.ഡി.എഫ് സിറ്റിങ് എം.എല്‍.എമാരെ വീഴ്ത്തിയത് എന്‍.ഡി.എക്ക് ലഭിച്ച വോട്ട്. തൃപ്പൂണിത്തുറ, നെടുമങ്ങാട് അടക്കമുള്ള മണ്ഡലങ്ങളിലെ കണക്കുകള്‍ ഇത് ശരിവെക്കുന്നതാണ്. തൃപ്പൂണിത്തുറയില്‍ ഉറച്ച വിജയപ്രതീക്ഷയുണ്ടായിരുന്ന കെ. ബാബുവിനെ പരാജയപ്പെടുത്തിയത് എന്‍.ഡി.എക്ക് ലഭിച്ച വോട്ടുകളാണ്. 2011ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 4942 വോട്ടാണ് ലഭിച്ചത്. പോള്‍ ചെയ്ത വോട്ടില്‍ കോണ്‍ഗ്രസിന് 53.36വും സി.പി.എമ്മിന് 41.31 ശതമാനം വോട്ടും ലഭിച്ചു. ഈ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ 29843 വോട്ട് നേടി. നാലുശതമാനത്തില്‍നിന്ന് എന്‍.ഡി.എയുടെ വോട്ടുവിഹിതം 19 ശതമാനമായി ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് വിഹിതം 37.8 ശതമാനമായി കുറഞ്ഞു.  

ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിക്ക് നെടുമങ്ങാട്ടുള്ള ജനസ്വാധീനം വിജയം ഉറപ്പാക്കുമെന്നായിരുന്നു യു.ഡി.എഫ് പ്രതീക്ഷ. ഇവിടെ പാലോട് രവിയെ വീഴ്ത്തിയതും എന്‍.ഡി.എക്ക് ലഭിച്ച വോട്ടുകളാണ്. 2011ല്‍ പാലോട് രവിക്ക് 59789വും സി.പി.ഐയിലെ പി. രാമചന്ദ്രന്‍നായര്‍ക്ക് 54759വും വോട്ട് ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി കെ.എസ്. അഞ്ജനക്ക് ലഭിച്ചത് 5971ആയിരുന്നു. വോട്ടിന്‍െറ ശതമാനം പരിശോധിച്ചാല്‍ രവിക്ക് 47.87വും പി.രാമചന്ദ്രന്‍നായര്‍ക്ക് 43.84വും ബി.ജെപിക്ക് 4.7 ശതമാനവുമായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി വി.വി. രാജേഷിന്‍െറ വോട്ട് 23.42 ശതമാനമാണ്(35139). 18 ശതമാനമാണ് വര്‍ധന. 2011നെ അപേക്ഷിച്ച് പാലോട് രവിയുടെ വോട്ട് 36 ശതമാനവും സി. ദിവാകരന്‍േറത് 38 ശതമാനവുമായി. യു.ഡി.എഫിന് നഷ്ടപ്പെട്ടത് 12ശതമാനം വോട്ടാണ്. എല്‍.ഡി.എഫിന് അഞ്ചുശതമാനം വോട്ടേ നഷ്ടമായുള്ളൂ.

അതേസമയം, ഹരിപ്പാട് മണ്ഡലത്തില്‍ സംഭവിച്ചത് മറിച്ചാണ്. 2011 ല്‍ കോണ്‍ഗ്രസിന് 50.03വും സി.പി.ഐക്ക് 45.93 വും ശതമാനം വോട്ട് ലഭിച്ചു. ഈ തെരഞ്ഞെടുപ്പിലാകട്ടെ യു.ഡി.എഫിന്‍െറ വോട്ട് 51 ശതമാനമായി ഉയര്‍ന്നു. ബി.ജെ.പിയുടെ വോട്ട് രണ്ടില്‍നിന്ന് എട്ടുശതമാനമായി ഉയര്‍ന്നപ്പോള്‍ എല്‍.ഡി.എഫിലാണ് ചോര്‍ച്ചയുണ്ടായത്. ചെങ്ങന്നൂരില്‍ 2011ല്‍ ബി.ജെ.പിക്ക് 4.8 ശതമാനം വോട്ടു ലഭിച്ചിടത്ത് ഇത്തവണ അഡ്വ .പി.എസ് ശ്രീധരന്‍പിള്ളക്ക് 29 ശതമാനം ലഭിച്ചപ്പോള്‍ പി.സി. വിഷ്ണുനാഥിന് അടിപതറി. 2011ല്‍ 51ശതമാനം വോട്ടുലഭിച്ച വിഷ്ണുനാഥിന് ഇത്തവണ ലഭിച്ചത് 30 ശതമാനമാണ്.

സ്വതന്ത്രയായി മത്സരിച്ച കോണ്‍ഗ്രസ് നേതാവ് ശോഭനാ ജോര്‍ജിന് ലഭിച്ച മൂന്നുശതമാനം കൂടി കൂട്ടിയാലും 18 ശതമാനം വോട്ട് ചോര്‍ന്നു. സംസ്ഥാനത്ത് 30 ഓളം മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് 30000 ത്തിലധികവും മറ്റ് 30ലേറെ മണ്ഡലങ്ങളില്‍ 20000മുതല്‍ 30000വരെയും വോട്ടു ലഭിച്ചു. പാലക്കാട്, കോവളം തുടങ്ങി ചില മണ്ഡലങ്ങളില്‍ മാത്രമാണ് എന്‍.ഡി.എ വോട്ട് ഇടതിന് തിരിച്ചടിയായത്.

മൂന്നാം കക്ഷിയാകാനായെന്ന് ബി.ജെ.പി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ കേരളത്തിലെ മൂന്നാമത് കക്ഷിയായി മാറാന്‍ എന്‍.ഡി.എ സഖ്യത്തിനായെന്ന് ബി.ജെ.പി കോര്‍ കമ്മിറ്റി വിലയിരുത്തല്‍. സി.പി.എമ്മിന് 58.70 ലക്ഷവും കോണ്‍ഗ്രസിന് 48.39 ലക്ഷവും വോട്ടുകള്‍ ലഭിച്ചപ്പോള്‍ 30.20 ലക്ഷം വോട്ടുകളാണ് ബി.ജെ.പി സഖ്യം നേടിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ ഒമ്പത്  ശതമാനം വോട്ട് വിഹിതവും 20 ലക്ഷം വോട്ടും എന്‍.ഡി.എ സഖ്യത്തിന് അധികം നേടാനായി. അതേസമയം എല്‍.ഡി.എഫിന് കഴിഞ്ഞ  തെരഞ്ഞെടുപ്പിനെക്കാള്‍ 8.9 ലക്ഷം വോട്ടുകള്‍ മാത്രമാണ് കൂടിയത്. രണ്ടു വര്‍ഷം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 12 ലക്ഷം വോട്ടുകളാണ് എന്‍.ഡി.എ അധികമായി നേടിയത്.

മൂന്ന് മണ്ഡലങ്ങളില്‍ അരലക്ഷത്തിലധികം വോട്ടുകള്‍ ബി.ജെ.പിക്ക് നേടാനായി. ഇത് ആദ്യമാണ്. എട്ട് മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിന്‍െറ മൂന്നിലൊന്ന് വോട്ടുകള്‍ നേടാനും ഏഴിടങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താനുമായി. ഇവിടെ വിജയിക്കാതിരുന്നത് ഇരുമുന്നണികളുടെയും ഒത്തുകളി മൂലമാണ്. മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ഇത് ഏറ്റവും പ്രകടമായതെന്ന് കോര്‍ കമ്മിറ്റി വിലയിരുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.