രസതന്ത്രത്തില്‍നിന്ന് ഭരണതന്ത്രത്തിലേക്ക്

ആമ്പല്ലൂര്‍: ഒരു ജനപ്രതിനിധി എന്തായിരിക്കണം എന്നത് പ്രവൃത്തിയിലൂടെ തെളിയിച്ച പ്രഫ. സി. രവീന്ദ്രനാഥിനെ തേടി മന്ത്രി സ്ഥാനമത്തെുമ്പോള്‍ അത് പുതുക്കാട്ടുകാര്‍ക്ക് ഒരിക്കലും അപ്രതീക്ഷിത വാര്‍ത്തയാകുന്നില്ല.
കെ.പി വിശ്വനാഥനിലൂടെ യു.ഡി.എഫ് കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം 2006 ല്‍ പ്രഫ.സി.രവീന്ദ്രനാഥ് എന്ന പുതുമുഖത്തെ ഇറക്കി തിരിച്ചുപിടിച്ചതിനുശേഷം ഇടതുമുന്നണിക്ക് പിന്നീടുവന്ന നിയമസഭാതെരഞ്ഞെടുപ്പുകള്‍ ചങ്കിടിപ്പിന്‍െറതായിരുന്നില്ല. 2011 ലും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും രവീന്ദ്രനാഥിന്‍െറ ഭൂരിപക്ഷം എത്രവര്‍ധിക്കും എന്നാണ് ഇടതുമുന്നണിയോടൊപ്പം യു.ഡി.എഫും ഉറ്റുനോക്കികൊണ്ടിരുന്നത്. ജനപ്രതിനിധിയെന്ന നിലയില്‍ പുതുമുഖമായിരുന്ന ഈ മുന്‍ രസതന്ത്ര അധ്യാപകന്‍ പുതുക്കാട് മണ്ഡലത്തില്‍ നടപ്പാക്കിയ വികസനം കേരളത്തിനുതന്നെ മാതൃകയായി ഉയര്‍ത്തികാണിക്കപ്പെട്ടു. കാര്‍ഷികരംഗത്ത് ഉല്‍പാദന വരുമാന വര്‍ധനവ്, സമ്പത്തിന്‍െറ നീതി പൂര്‍വമായ വിതരണം, പാരിസ്ഥിതിക സന്തുലനം, സാമൂഹികമായ സ്വസ്ഥത എന്നിവ യാന്ത്രികമായി ഉരുവിടുകയല്ല, അവ ജനങ്ങള്‍ക്ക് അനുഭവഭേദ്യമാക്കുകയായിരുന്നു രവീന്ദ്രനാഥ്. അത് പൊതുപ്രവര്‍ത്തനത്തില്‍വേറിട്ടൊരു പ്രതീകമായി.
ജനപ്രതിനിധിയും ജനങ്ങളും ഒരേ ചരടില്‍ കോര്‍ത്ത മുത്തുകളാണെന്ന് പുതുക്കാട് മണ്ഡലം സാക്ഷ്യപ്പെടുത്തുന്നു. കൂട്ടുകൃഷി അധിഷ്ഠിതമായ ചെലവുകുറഞ്ഞ ഗാലസ, കേര ക്ളസ്റ്റര്‍, ഗുരുവായൂര്‍ അമ്പലത്തിലേക്കായി കുടുംബശ്രീ യൂനിറ്റുകളുടെ കദളിവാഴ കൃഷി, ജൈവപച്ചക്കറി, കൃത്യത കൃഷി, ടിഷ്യൂ കള്‍ച്ചര്‍ വാഴകള്‍, മാവിന്‍തൈകള്‍, കശുമാവിന്‍തൈ, ആടുഗ്രാമങ്ങള്‍, നേച്ചര്‍ഫ്രഷ് മില്‍ക്ക്, ജൈവവൈവിധ്യപാര്‍ക്ക് തുടങ്ങിയവ പുതുക്കാട് മണ്ഡലത്തിന്‍െറ യശസ് ഉയര്‍ത്തിയ പദ്ധതികളാണ്. മണ്ഡലത്തിന്‍െറ സമഗ്രവികസനത്തിനായി രൂപംനല്‍കിയ സുസ്ഥിര പുതുക്കാട് വികസന പദ്ധതിയില്‍പ്പെടുത്തിയാണ് വിഭവങ്ങളുടെ പരിമിതികള്‍ക്കിടയിലും വന്‍വികസനത്തിന്‍െറ നേര്‍ക്കാഴ്ചയാകുന്ന ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ രവീന്ദ്രനാഥിന് കഴിഞ്ഞത്.
കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍, എം.പി, എം.എല്‍.എ ഫണ്ടുകള്‍ ത്രിതല പഞ്ചായത്ത് ഫണ്ടുകള്‍, വിവിധ ഏജന്‍സികള്‍ വഴി ലഭിക്കുന്ന ഫണ്ടുകള്‍ എന്നിവസംയോജിപ്പിക്കുന്ന സുസ്ഥിര പുതുക്കാട് വികസന പദ്ധതിയിലൂടെ പത്തുവര്‍ഷത്തിനിടയില്‍ 600 കോടിയുടെ പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പാക്കി ഒരു ജനപ്രതിനിധിക്ക് എന്തെല്ലാം തന്‍െറ മണ്ഡലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് പ്രഫ.സി.രവീന്ദ്രനാഥ് തെളിയിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.