മന്ത്രിമാരുടെ പട്ടിക പിണറായി ഗവർണർക്ക് കൈമാറി

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരുടെ പട്ടിക ഗവർണർ പി. സദാശിവത്തിന് കൈമാറി. രാവിലെ ഒമ്പതരയോടെ രാജ് ഭവനിലെത്തിയ പിണറായി മന്ത്രിമാരുടെ വിശദാംശങ്ങള്‍ അടങ്ങിയ കത്താണ് കൈമാറിയത്. പുതിയതായി നിയമിച്ച സെക്രട്ടറി ശിവശങ്കർ ഐ.എ.എസും പിണറായിയുടെ ഒപ്പമുണ്ടായിരുന്നു.

എൽ.ഡി.എഫ് സർക്കാറിൽ വലിയ പ്രതീക്ഷയാണ് ജനങ്ങൾക്കുള്ളതെന്നും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ സർക്കാർ ശ്രമിക്കുമെന്നും കൂടിക്കാഴ്ചക്ക് ശേഷം പുറത്തുവന്ന പിണറായി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരുടെ വകുപ്പുകളെ കുറിച്ച് ഘടകകക്ഷി നേതാക്കളുമായി നടത്തുന്ന ചർച്ചയിൽ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈകിട്ട് നാലിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി അടക്കം 19 പേരാണ് സത്യപ്രതിജ്ഞ ചെയ്യുക. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഡോ. തോമസ് ഐസക്, ഇ.പി. ജയരാജന്‍, ജി. സുധാകരന്‍, എ.കെ. ബാലന്‍, ജെ. മെഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണന്‍, എ.സി. മൊയ്തീന്‍, പ്രഫ. സി. രവീന്ദ്രനാഥ്, ഡോ. കെ.ടി. ജലീല്‍ (എല്ലാവരും സി.പി.എം), ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍കുമാര്‍, കെ. രാജു, പി. തിലോത്തമന്‍ (എല്ലാവരും സി.പി.ഐ), മാത്യു ടി. തോമസ് (ജെ.ഡി.എസ്), എ.കെ. ശശീന്ദ്രന്‍ (എന്‍.സി.പി), കടന്നപ്പളളി രാമചന്ദ്രൻ ‍(കോണ്‍ഗ്രസ്-എസ്) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഘടകകക്ഷി നേതാക്കളുമായുള്ള ചർച്ചകൾ ഉച്ചയോടെ പൂർത്തിയാകും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.