രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും; ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് ചെയര്‍മാന്‍

തിരുവനന്തപുരം: രമേശ് ചെന്നിത്തല കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവാകും. സ്വാഭാവികമായും പ്രതിപക്ഷനേതാവും അദ്ദേഹമായിരിക്കും. ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരും. കെ.സി. ജോസഫായിരിക്കും നിയമസഭാകക്ഷി ഉപനേതാവ്. കെ.പി.സി.സി ആസ്ഥാനത്ത് പാര്‍ട്ടിയിലെ മൂന്ന് പ്രമുഖ നേതാക്കളും ചര്‍ച്ചനടത്തിയാണ് ധാരണയിലത്തെിയത്. ഞായറാഴ്ച നിയമസഭാകക്ഷിയോഗം ചേരുന്ന സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വി.എം. സുധീരനും ഇന്നലെ അനൗപചാരികമായി യോഗം ചേര്‍ന്ന് ധാരണ ഉണ്ടാക്കിയത്.

തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പാര്‍ട്ടി നിയമസഭാകക്ഷി നേതാവാകാന്‍ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തയാറല്ല. ഇക്കാര്യം അദ്ദേഹം ഹൈകമാന്‍ഡിനെയും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പേര് നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നത്. സ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹം സന്നദ്ധനുമാണ്. മാത്രമല്ല, പുതിയ കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഭൂരിഭാഗവും ചെന്നിത്തല നേതൃത്വം നല്‍കുന്ന ഐ പക്ഷക്കാരാണ്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പുതിയൊരു നേതൃനിര വേണമെന്ന ആവശ്യം ചില കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു. കെ. മുരളീധരന്‍, വി.ഡി. സതീശന്‍ എന്നിവരുടെ പേരുകളാണ് ചിലര്‍ ഉയര്‍ത്തിക്കാട്ടിയത്. ഉമ്മന്‍ ചാണ്ടി തന്നെ പ്രതിപക്ഷനേതാവാകണമെന്ന വികാരവും ശക്തമായി ഉയര്‍ന്നു.

പുതിയ നേതാവിനെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് മൂന്ന് നേതാക്കള്‍ അനൗപചാരികമായി ചര്‍ച്ച നടത്തി ധാരണയിലത്തെിയത്. തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ നിയമസഭാകക്ഷിയോഗത്തില്‍ പുതിയ നേതാവിനെ നിശ്ചയിക്കുന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായാല്‍ പാര്‍ട്ടിയെ അത് കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന തിരിച്ചറിവും സമവായത്തിന് കാരണമായി. ഹൈകമാന്‍ഡ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം. നിയമസഭാകക്ഷി ഉപനേതാവിനെയും യോഗത്തില്‍ തെരഞ്ഞെടുക്കും. മറ്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പിന്നീടാണ്.

മുന്നണിയെ നയിക്കുന്ന കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന്‍െറ നിയമസഭാകക്ഷി നേതാവാണ് യു.ഡി.എഫ് ചെയര്‍മാന്‍ ആകാറുള്ളത്. ഈ കീഴ്വഴക്കത്തിനാണ് ഇത്തവണ മാറ്റംവരുന്നത്. ഉമ്മന്‍ ചാണ്ടിയെ യു.ഡി.എഫ് ചെയര്‍മാനാക്കുന്ന കാര്യത്തില്‍ ഞായറാഴ്ചത്തെ യോഗത്തില്‍ ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാവില്ല. എട്ടിന് ചേരുന്ന മുന്നണിയോഗത്തിലാകും പ്രഖ്യാപനമെന്ന് അറിയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.