കൊച്ചി: ജിഷ കൊലപാതക കേസിൽ ഇപ്പോൾ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈകോടതി. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥയുടെ മേൽനോട്ടത്തിൽ അന്വേഷണം നടന്നുവരുന്ന സാഹചര്യത്തിൽ കേസ് സി.ബി.ഐക്ക് വിടുന്നത് ഉചിതമാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, അനു ശിവരാമൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേസ് അന്വേഷണം ശരിയായ രീതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട ജിഷയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം പൊലീസിന്‍റെ പക്കലുണ്ട്. അന്വേഷണം തുടങ്ങി ഒരുമാസം ആയ ഈ ഘട്ടത്തിൽ കേസ് സി.ബി.ഐക്ക് വിടേണ്ടതില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ കോപ്പി കക്ഷികൾക്ക് നൽകേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഇരയുടെ പേര് പത്ര-മാധ്യമങ്ങളിൽ നിരന്തരം വരുന്നതിലും കോടതി ഉത്കണ്ഠ രേഖപ്പെടുത്തി.
ജിഷ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകയായ ടി.ബി മിനിയും നിയമവിദ്യാർഥിയായ അജേഷുമാണ് ഹരജി നൽകിയത്. കേസ് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിലെ വീഴ്ചയും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതും ചൂണ്ടിക്കാണിച്ചാണ് ഇവർ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.
അതേസമയം, കേസ് അന്വേഷണത്തിന്‍റെ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറിൽ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മഹിപാൽ യാദവ് നേരിട്ടെത്തിയാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.