എസ്.ബി.ടി ലയനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം: എസ്.ബി.ടി ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിനെതിരെ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍ (എ.ഐ.ബി.ഇ.എ) കേരള ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. എസ്.ബി.ടി 56ാമത് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനത്തെിയ എസ്.ബി.ഐ പ്രതിനിധികള്‍ക്കുമുന്നില്‍ കറുത്തബാഡ്ജ് ധരിച്ചത്തെിയ ജീവനക്കാര്‍ പ്രതിഷേധമറിയിച്ചു.
 ലയനത്തില്‍നിന്ന്  പിന്മാറാത്തപക്ഷം പ്രക്ഷോഭം ശക്തമാക്കുമെന്ന ഉറച്ചനിലപാടിലാണ് എ.ഐ.ബി.ഇ.എ നേതൃത്വം. എ.കെ.ജി ഹാളിനുമുന്നില്‍ നടന്ന പ്രതിഷേധപ്രകടനം സി.പി.ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിക്കുന്നത് കോര്‍പറേറ്റ് കുത്തകകള്‍ക്ക് ഒത്താശ ചെയ്യാനാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള സാമ്പത്തികമാന്ദ്യം ഉണ്ടായപ്പോള്‍ ഇന്ത്യ പിടിച്ചുനിന്നത് ഇവിടത്തെ പൊതുമേഖലാ ബാങ്കുകളുടെ കാര്യക്ഷമത കൊണ്ടാണ്. ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായതുകൊണ്ടാണ് മാന്ദ്യം നമ്മളെ ബാധിക്കാത്തത്. എന്നാല്‍ ആഗോള മാന്ദ്യത്തിന്‍െറ പാഠങ്ങള്‍ ഉള്‍ക്കൊള്ളാതെ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനായിരുന്നു രണ്ടാം യു.പി.എ സര്‍ക്കാറിന്‍െറ നീക്കം. ബാങ്കിങ് മേഖലയെ കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്നതിനുള്ള വലിയ നീക്കങ്ങള്‍ അന്നേ നടന്നിരുന്നു. ഇപ്പോള്‍ എന്‍.ഡി.എ സര്‍ക്കാറും ഇതുതന്നെ തുടരുന്നു. കോര്‍പറേറ്റുകളുടെ ലക്ഷക്കണക്കിന് കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളുന്നു. അതേ സമയം കാര്‍ഷിക വായ്പെയെടുത്ത പാവങ്ങളെ ജയിലിലടയ്ക്കുകയാണെന്നും മൊകേരി ആരോപിച്ചു. സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.എസ്. കൃഷ്ണ, തുടങ്ങിയവര്‍ സംസാരിച്ചു.
അതേസമയം, പ്രതിഷേധങ്ങളെ അവഗണിച്ച് എസ്.ബി.ഐ ഗ്രൂപ് ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വി.ജി. കണ്ണന്‍ തുടങ്ങിയവരുടെ അധ്യക്ഷതയില്‍ ഓഹരി ഉടമകളുടെ യോഗം സംഘടിപ്പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.