അസിസ്റ്റന്‍റ് നിയമനം: സര്‍വകലാശാലകള്‍ ഒഴിവുകള്‍ മറച്ചുവെക്കുന്നു

തിരുവനന്തപുരം: അസിസ്റ്റന്‍റ് തസ്തികയിലേക്ക് നൂറുകണക്കിന് ഒഴിവുണ്ടായിട്ടും റിപ്പോര്‍ട്ട്ചെയ്യാതെ സര്‍വകലാശാലകളുടെ ഒളിച്ചുകളി. സര്‍വകലാശാല അസിസ്റ്റന്‍റ് നിയമനത്തിനായി പി.എസ്.സി റാങ്ക്പട്ടിക നിലനില്‍ക്കെയാണ് ഒഴിവുകള്‍ മറച്ചുവെക്കല്‍. 610പേര്‍ക്ക് മാത്രമാണ് ഇതുവരെ പി.എസ്.സി അഡൈ്വസ് അയച്ചത്. ഉദ്യോഗാര്‍ഥികള്‍ നിരന്തരം കയറിയിറങ്ങിയതോടെ 105 ഒഴിവുകള്‍കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വിവരാവകാശനിയമപ്രകാരം ശേഖരിച്ച കണക്കുകള്‍ പ്രകാരം അഞ്ച് സര്‍വകലാശാലകളിലായി ഇനിയും റിപ്പോര്‍ട്ട് ചെയ്യാത്ത 510 ഒഴിവുകളുണ്ട്. കേരള സര്‍വകലാശാലയിലാണ് കൂടുതല്‍. 360 ഒഴിവുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യാത്തത്.

കാര്‍ഷികസര്‍വകലാശാലയില്‍ 102ഉം കാലടി ശ്രീശങ്കര സര്‍വകലാശാലയില്‍ പത്തും കുസാറ്റില്‍ 23ഉം കണ്ണൂര്‍ സര്‍വകലാശാലയില്‍ 15ഉം ഒഴിവുണ്ട്. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനും ബൈട്രാന്‍സ്ഫറിനും വേണ്ടി ഈ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പൂഴ്ത്തിവെച്ചിരിക്കുകയാണെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്.

 ഇതിനകം അഡൈ്വസ് അയച്ചതില്‍ കൂടുതല്‍ കേരള സര്‍വകലാശാലയിലേക്കാണ്. 232പേര്‍ക്കാണ് ഇവിടെ അഡൈ്വസ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ 71ഉം എം.ജിയില്‍ 118ഉം വെറ്ററിനറി സര്‍വകലാശാലയില്‍ 90ഉം ആരോഗ്യസര്‍വകലാശാലയില്‍ 40ഉം കാലിക്കറ്റില്‍ 20ഉം ഫിഷറീസ് സര്‍വകലാശാലയില്‍ ഒമ്പതും പേര്‍ക്കാണ് അഡൈ്വസ് ആയത്.

പുതുതായി റിപ്പോര്‍ട്ട് ചെയ്ത 105 ഒഴിവുകളില്‍ 103ഉം കാര്‍ഷിക സര്‍വകലാശാലയിലാണ്; രണ്ട് ഒഴിവുകള്‍ നുവാല്‍സിലും. കഴിഞ്ഞ മാര്‍ച്ചില്‍ വിജ്ഞാപനമിറക്കി മേയിലാണ് സര്‍വകലാശാല അസിസ്റ്റന്‍റ് തസ്തികയിലേക്ക് പി.എസ്.സി പരീക്ഷ നടത്തിയത്. ആഗസ്റ്റ് 14ന് റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു.
 പി.എസ്.സിയുടെ സമീപകാലചരിത്രത്തില്‍ വേഗത്തില്‍ പരീക്ഷ നടത്തി റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചിട്ടും സര്‍വകലാശാലകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ഉദ്യോഗാര്‍ഥികളില്‍ ആശങ്ക പരത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.