ഉഭയസമ്മതപ്രകാരം നടന്ന യു.എ.ഇയിലെ വിവാഹമോചനം ഇന്ത്യയിലും സാധുവെന്ന് ഹൈകോടതി

കൊച്ചി: ഇന്ത്യയില്‍ വിവാഹിതരായ ക്രിസ്ത്യന്‍ ദമ്പതികള്‍ യു.എ.ഇയില്‍ ഉഭയസമ്മതപ്രകാരം വിവാഹമോചനം നേടിയത് ഇന്ത്യയിലും സാധുവാണെന്ന് ഹൈകോടതി. സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം പുനര്‍വിവാഹം നടത്താനുള്ള നോട്ടീസ് വിവാഹ രജിസ്ട്രേഷന്‍ ഓഫിസര്‍ നിരസിച്ചത് ചോദ്യംചെയ്ത് എറണാകുളം നോര്‍ത് പറവൂര്‍ സ്വദേശി അഗസ്റ്റിന്‍ കളത്തില്‍ മാത്യു നല്‍കിയ ഹരജിയിലാണ് സിംഗ്ള്‍ ബെഞ്ചിന്‍െറ ഉത്തരവ്. വിവാഹമോചനം അനുവദിച്ച യു.എ.ഇ കോടതിയുടെ സര്‍ട്ടിഫിക്കറ്റ് സാധുവല്ളെന്നും വിവാഹമോചനം നടന്നതിന് സാധുതയുള്ള രേഖകളില്ളെന്നും ചൂണ്ടിക്കാട്ടിയാണ് പുനര്‍വിവാഹത്തിനുള്ള നോട്ടീസ് രജിസ്ട്രാര്‍ തള്ളിയത്. ക്രിസ്തുമതാചാര പ്രകാരം ഇന്ത്യയിലാണ് വിവാഹിതരായതെങ്കിലും യു.എ.ഇ കോടതി മുഖേന മുസ്ലിം വ്യക്തിനിയമ പ്രകാരമായിരുന്നു വിവാഹമോചനം.

അതേസമയം, യു.എ.ഇയിലെ കോടതി ഇന്ത്യന്‍ വിവാഹ നിയമത്തിന്‍െറ അധികാരപരിധിയില്‍ വരുന്നതല്ളെന്നും ഇന്ത്യന്‍ ദമ്പതികളുടെ അവിടത്തെ വിവാഹമോചനം അംഗീകരിക്കാനാവില്ളെന്നും വിവാഹ രജിസ്ട്രേഷന്‍ ഓഫിസറായ സബ് രജിസ്ട്രാര്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, ദമ്പതികള്‍ ഉഭയകക്ഷി സമ്മതപ്രകാരം വിവാഹമോചനം തേടി വിദേശ കോടതിയെ സമീപിക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വിദേശ കോടതി വിവാഹമോചനം അനുവദിച്ചത്. ഉഭയകക്ഷി സമ്മതപ്രകാരമായതിനാല്‍, വിദേശ കോടതിയില്‍നിന്നുള്ള വിവാഹമോചന സര്‍ട്ടിഫിക്കറ്റ് സാധുവാണെന്ന് വിധിച്ച കോടതി, പുനര്‍വിവാഹത്തിന് അനുമതി നിഷേധിച്ച രജിസ്ട്രാറുടെ നടപടി റദ്ദാക്കി. പുനര്‍ വിവാഹത്തിന് നല്‍കിയ നോട്ടീസ് അനുവദിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കാന്‍ ഹൈകോടതി നിര്‍ദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.