തിരുവനന്തപുരം: ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് ജഡ്ജി എ. ബദറുദ്ദീന്‍ ഉത്തരവിട്ടു. നവംബര്‍ ഏഴിന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
മുംബൈയിലെ കോഹിനൂര്‍ ഫേസ് 3 അപ്പാര്‍ട്ട്മെന്‍റില്‍ 1.10 കോടി വിലവരുന്ന ആഡംബര ഫ്ളാറ്റിനും (പ്രതിമാസം 84,000 രൂപ) തിരുവനന്തപുരം തൈക്കാടിലെ മില്ളേനിയം അപ്പാര്‍ട്ട്മെന്‍റിലെ ഫ്ളാറ്റിനും വായ്പ തിരിച്ചടവുള്ളതായി ചീഫ് സെക്രട്ടറിക്ക് കെ.എം. എബ്രഹാം വര്‍ഷം തോറും നല്‍കുന്ന ആസ്തി വിവര പത്രികയില്‍ സമ്മതിക്കുന്നുണ്ട്. ഇത്രയും ഭീമമായ വായ്പാ തിരിച്ചടവിനുശേഷം പ്രതിദിന ചെലവിനായി തുക അവശേഷിക്കില്ളെന്ന് ചൂണ്ടിക്കാട്ടി ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് ഉത്തരവ്.
ഇതിനു പുറമെ കൊല്ലം ജില്ലയില്‍ കടപ്പാക്കടയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്നുനില ഷോപ്പിങ് കോംപ്ളക്സിന്‍െറ നിര്‍മാണച്ചെലവ് കണക്ക് ചീഫ് സെക്രട്ടറിക്ക് നല്‍കിയ ആസ്തി വിവര പത്രികയില്‍ ഉള്‍പ്പെടുത്താത്തത് അഴിമതിയാണെന്നാണ് ഹരജിയിലെ ആരോപണം. സിവില്‍ സര്‍വിസിലെ പെരുമാറ്റച്ചട്ട പ്രകാരം 15,000 രൂപയില്‍ കൂടുതലായുള്ള ആശ്രിതരുടെ ആസ്തി വിവരം ചീഫ് സെക്രട്ടറിക്ക് വര്‍ഷം തോറും നല്‍കണമെന്ന നിയമം നിലനില്‍ക്കെ, കെ.എം. എബ്രഹാമിന്‍െറ ഭാര്യയുടെയും ഏകമകളുടെയും ആസ്തി വിവരം 33 വര്‍ഷത്തെ സര്‍വിസിനിടെ ഒരിക്കല്‍ പോലും നല്‍കിയിട്ടില്ളെന്ന് വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. എന്നിട്ടും ഗുരുതര കൃത്യവിലോപവും വീഴ്ചയും വരുത്തിയ കെ.എം. എബ്രഹാമിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ളെന്ന് ഹരജിയില്‍ ആരോപിക്കുന്നു. 1988 മുതല്‍ 2004 വരെയുള്ള ആറുവര്‍ഷം ആസ്തിവിവര പത്രിക കെ.എം. എബ്രഹാം സമര്‍പ്പിച്ചിട്ടില്ളെന്ന സര്‍ക്കാറിന്‍െറ തന്നെ മറുപടി കൂടി കണക്കിലെടുത്താണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.