ഇന്‍റര്‍നെറ്റില്‍ എഫ്.ബി.ഐയുടെ പേരിലും തട്ടിപ്പിന് നീക്കം

ആലപ്പുഴ: റിസര്‍വ്-വേള്‍ഡ് ബാങ്കുകളുടെയും ഐ.എം.എഫിന്‍െറയും മറവില്‍ നടത്തിയ തട്ടിപ്പ് മാതൃകയില്‍ അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍െറ (എഫ്.ബി.ഐ) പേര് ദുരുപയോഗം ചെയ്തും ഓണ്‍ലൈന്‍ ചൂഷണം. വാഷിങ്ടണ്‍ ഡി.സിയിലെ എഫ്.ബി.ഐ ആസ്ഥാനമായ ജെ.എഡ്ഗാര്‍ ഹൂവര്‍ ബില്‍ഡിങ്ങില്‍നിന്ന് അയച്ചെന്ന രീതിയിലെ ഇ-മെയില്‍ സന്ദേശം ചിലര്‍ക്ക് കഴിഞ്ഞദിവസങ്ങളില്‍ ലഭിച്ചു. എട്ടര ലക്ഷം ഡോളര്‍ നല്‍കാമെന്ന മോഹനവാഗ്ദാനവുമായാണ് ഇ-മെയില്‍ സന്ദേശം തുടങ്ങുന്നത്. പേരും വിലാസവും വീട്ടിലെ ഫോണ്‍നമ്പറും സെല്‍നമ്പറും തങ്ങളുടെ കറസ്പോണ്ടന്‍റും ഡെലിവറി ഓഫിസറുമായ ബാര്‍ ലോര്‍ഡ് റൂബന് നല്‍കണമെന്നാണ് നിര്‍ദേശം. ഇതിനായി barrjohnwilliams@qq.com എന്ന ഇ-മെയില്‍ ഐഡിയും നല്‍കിയിട്ടുണ്ട്. പണം ലഭിക്കാന്‍ പ്രതിദിനം  3000 ഡോളര്‍ പിന്‍വലിക്കാവുന്ന എ.ടി.എം കാര്‍ഡ് നല്‍കുമെന്ന  വാഗ്ദാനവുമുണ്ട്. എന്നാല്‍, കാര്‍ഡ് ലഭിക്കണമെങ്കില്‍ 310 ഡോളര്‍ നല്‍കണം.

600 ഡോളറിന് പ്രമുഖ കൊറിയര്‍ കമ്പനിയായ ഡി.എച്ച്.എല്‍  കാര്‍ഡ് എത്തിച്ചിരുന്നത് അവസാനിപ്പിച്ചെന്നും തങ്ങള്‍ പുതിയ കരാറില്‍ ഏര്‍പ്പെട്ട് അത് 310 ഡോളറായി ചുരുക്കിയെന്നുമുള്ള പരാമര്‍ശം വിശ്വാസ്യത നേടിയെടുക്കാനുള്ള തന്ത്രമാണ്. അത്യാവശ്യ പ്രതികരണം ആവശ്യമുള്ളതെന്ന് സബ്ജക്ടില്‍ രേഖപ്പെടുത്തിയാണ് മെയില്‍ സന്ദേശം. എഫ്.ബി.ഐയുടെ കൗണ്ടര്‍ ടെററിസം- സൈബര്‍ ക്രൈം ഡിവിഷനില്‍നിന്നാണെന്ന് തുടക്കത്തില്‍ പറയുന്നുണ്ട്. എന്നാല്‍, എഫ്.ബി.ഐക്ക് നിരവധി ഉപവിഭാഗങ്ങള്‍ ഉണ്ടെങ്കിലും ഇത് രണ്ടുമില്ല എന്നതാണ് കൗതുകകരം. ബാര്‍ ജോണ്‍ വില്യമിനെയല്ലാതെ മറ്റാരെയും ബന്ധപ്പെടരുതെന്നാണ് നിക്കോളാസ് സ്റ്റോറി എന്നയാളുടെ മെയിലില്‍ പറയുന്നത്. www.avast.com എന്ന മെയിലില്‍നിന്നാണ് സന്ദേശം അയക്കുന്നതെന്നും പറഞ്ഞാണ് മെയില്‍ അവസാനിക്കുന്നത്. തട്ടിപ്പറിയാതെ എ.ടി.എം കാര്‍ഡ് ലഭിക്കാന്‍ പണം അയക്കുന്നവര്‍ ചതിയില്‍പെടുമെന്ന കാര്യം ഉറപ്പാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.