ഉയര്‍ന്ന വായ്പകള്‍ നല്‍കുന്നതിന് എസ്.ബി.ടിക്ക് എസ്.ബി.ഐയുടെ നിയന്ത്രണം

കൊല്ലം: ലയന നടപടികളുടെ ഭാഗമായി ഉയര്‍ന്നതുകക്കുള്ള വായ്പകള്‍ നല്‍കുന്നതിന് എസ്.ബി.ടിക്ക് മേല്‍ എസ്.ബി.ഐയുടെ നിയന്ത്രണം. അഞ്ചുകോടിക്ക് മുകളിലുള്ള വായ്പാ അപേക്ഷകളില്‍ എസ്.ബി.ഐയുടെ അനുമതി നിര്‍ബന്ധമാക്കി. എന്നാല്‍, ഇത്തരം വായ്പകള്‍ സംബന്ധിച്ച നിരവധി അപേക്ഷകള്‍ യഥാസമയം തീര്‍പ്പാക്കാന്‍ എസ്.ബി.ഐ തയാറാവുന്നുമില്ല. ഇതുമൂലം എസ്.ബി.ടിയെ വായ്പക്കായി സമീപിച്ചിരുന്നവര്‍ പലരും മറ്റ് ബാങ്കുകള്‍ തേടുന്ന സ്ഥിതിയാണ്. സംസ്ഥാനത്തെ വ്യാപാര-വാണിജ്യമേഖലകളിലുള്ളവരടക്കം നല്ളൊരു ശതമാനവും വിവിധ സംരംഭങ്ങള്‍ക്ക് വായ്പക്കായി എസ്.ബി.ടിയെയാണ് ആശ്രയിക്കുന്നത്. ഇത്തരത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം നല്‍കിയ അപേക്ഷകളില്‍ പലതിലും എസ്.ബി.ഐയുടെ അനുമതി ലഭിക്കാത്തതിനാല്‍ തുടര്‍നടപടി വൈകുന്നു. ലയന നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതിനാല്‍ ഉയര്‍ന്ന തുകക്കുള്ള വായ്പകള്‍ എസ്.ബി.ടി നല്‍കേണ്ടതില്ളെന്ന നിലപടാണ് എസ്.ബി.ഐക്കുള്ളതത്രെ.

കെ.എസ്.ആര്‍.ടി.സിയിലെ ഇപ്പോഴത്തെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ എസ്.ബി.ടി പണം അനുവദിച്ചതിനോട് എസ്.ബി.ഐക്ക് താല്‍പര്യമുണ്ടായിരുന്നില്ല. സര്‍ക്കാറിന്‍െറ ശക്തമായ സമ്മര്‍ദത്തെതുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സിക്ക് പണം കൈമാറിയത്. അതേസമയം, ലയനശേഷം അടച്ചുപൂട്ടേണ്ട ശാഖകള്‍ സംബന്ധിച്ച പ്രാഥമിക പട്ടിക ഇതിനകം തയാറായിട്ടുണ്ട്. സംസ്ഥാനത്താകെ ഇരു ബാങ്കിന്‍േറതുമായി 208ലധികം ശാഖകള്‍ നിര്‍ത്തലാക്കാണ് ലക്ഷ്യമിടുന്നത്.

ഓരോ ജില്ലയിലും നിര്‍ത്തലാക്കേണ്ട ശാഖകളുടെ കണക്കെടുപ്പ് നേരത്തേതന്നെ നടത്തിയിരുന്നു. എസ്.ബി.ടിയുടേതും എസ്.ബി.ഐയുടേതും ശാഖകളുള്ളയിടങ്ങളില്‍ ഇവയിലൊന്ന് മാത്രമാവും തുടര്‍ന്ന് പ്രവര്‍ത്തിക്കുക. നിര്‍ത്തലാക്കുന്നയിടത്തെ സേവനങ്ങള്‍ അവിടെ പ്രവര്‍ത്തനം തുടരുന്ന ശാഖയിലേക്ക് മാറ്റും. ജീവനക്കാരെയും ഇത്തരത്തില്‍ പുനര്‍വിന്യസിക്കുമെന്നാണ് സൂചനയെങ്കിലും അത് എത്രമാത്രം പ്രാവര്‍ത്തികമാവുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

ശാഖകള്‍ കുറക്കുന്നതോടെ ജീവനക്കാര്‍ അധികമാവുമെന്നാണ് ഇതിനകം പുറത്തുവന്ന കണക്കുകള്‍ നല്‍കുന്ന സൂചന. അധികമുള്ള ജീവനക്കാര്‍ക്ക് തുടര്‍ന്ന് എന്തു ചുമതലയാണ് നല്‍കുന്നതെന്നടക്കമുള്ള വിശദാംശങ്ങള്‍ അധികൃതര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. അതിനിടെ ഓഫിസര്‍ തസ്തികയിലുള്ളവരില്‍നിന്ന് സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ച് എസ്.ബി.ടി വെബ്സൈറ്റ് വഴി എസ്.ബി.ഐ അറിയിപ്പ് നല്‍കിയിട്ടുണ്ട്. കോടതിയില്‍ കേസ് നിലവിലുള്ളതിനാല്‍ ലയനവുമായി ബന്ധപ്പെട്ട പ്രധാനപ്രവര്‍ത്തനങ്ങള്‍ എസ്.ബി.ഐ ഇപ്പോള്‍ മന്ദഗതിയിലാക്കിയിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.