350 കോടി ജനങ്ങളുടെ സ്വത്ത് 80 ശതകോടീശ്വരന്‍മാരുടെ കൈകളിലായി –ആനത്തലവട്ടം

നിലമ്പൂര്‍: കേരളജനതയെ ഭിന്നിപ്പിച്ച് ഭരണനേട്ടം കൊയ്യാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോഹം യാഥാര്‍ഥ്യമാകാന്‍ തൊഴിലാളിവര്‍ഗം സമ്മതിക്കില്ളെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍. നിലമ്പൂരില്‍ കേരള ആര്‍ട്ടിസാന്‍സ് യൂനിയന്‍ (സി.ഐ.ടി.യു) സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളിവര്‍ഗ ഐക്യം അവരുടെ ക്ഷേമത്തിന് മാത്രമായുള്ളതല്ല, മതസൗഹാര്‍ദം നിലനിര്‍ത്താന്‍ കൂടിയുള്ളതാണ്. ആഗോളവത്കരണം ജോലിസ്ഥിരതയാണില്ലാതാക്കിയത്. ഉല്‍പാദനമൂല്യം 30 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറഞ്ഞപ്പോള്‍ തൊഴില്‍ മേഖലയെ കാര്യമായി ബാധിച്ചു. ഉടമയുടെ ലാഭം പത്ത് ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയര്‍ന്നു. യൂറോപ്പിലെ വന്‍കിട കമ്പനികളടക്കം തൊഴിലാളികളെ പിരിച്ചുവിടുകയാണ്.

350 കോടി ജനങ്ങളുടെ കൈകളിലെത്തേണ്ട സ്വത്ത് 80 ശതകോടീശ്വരന്‍മാരുടെ കൈകളിലായി. രാജ്യത്ത് സ്ഥിരം ജോലിയുള്ള തൊഴിലാളികളുടെ എണ്ണം 25 ശതമാനമായി കുറഞ്ഞു. 75 ശതമാനം പേരും ദിവസവേതനക്കാരും കരാര്‍ ജോലിക്കാരുമായി മാറിയെന്നും ആനത്തലവട്ടം പറഞ്ഞു.
ആര്‍ട്ടിസാന്‍സ് യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നെടുവത്തൂര്‍ സുന്ദരന്‍, ട്രഷറര്‍ ഡി. വിജയന്‍, കാട്ടാക്കട ശശി, കൂട്ടായി ബഷീര്‍, വി. ശശികുമാര്‍, സി.വി ജോയി, കെ.കെ. ഹരിക്കുട്ടന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍, വി.പി. സക്കറിയ, ഇ. പത്മാക്ഷന്‍, ജോര്‍ജ് കെ. ആന്‍റണി, എം. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. കെ.ടി. ജലീല്‍, എം.എല്‍.എമാരായ വീണാ ജോര്‍ജ്, പി.വി അന്‍വര്‍ എന്നിവര്‍ പങ്കെടുക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.