സര്‍ക്കാര്‍ ഫീസില്‍ പഠിപ്പിക്കാത്ത സ്വാശ്രയ സ്ഥാപനങ്ങള്‍ പൂട്ടണം –മന്ത്രി ജി. സുധാകരന്‍

ചാരുംമൂട് (ആലപ്പുഴ): സംസ്ഥാനത്ത് സര്‍ക്കാര്‍ ഫീസില്‍ പഠിപ്പിക്കാന്‍ തയാറാവാത്ത മുഴുവന്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്നാണ് തന്‍െറ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി ജി. സുധാകരന്‍. ചാരുംമൂട്ടില്‍ വ്യാപാരി വ്യവസായി സമിതി ഏരിയാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് 50 ശതമാനം സീറ്റ് വിറ്റ് കാശാക്കാന്‍ കരാര്‍ ഒപ്പിട്ട് നല്‍കിയ മുന്‍ മുഖ്യമന്ത്രി എ.കെ. ആന്‍റണിയുടെ തെറ്റായ നിലപാടാണ് ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. രണ്ടുതരം നീതിയും രണ്ടുതരം ഫീസും നടപ്പാക്കുന്ന ഒരു സ്വാശ്രയ സ്ഥാപനവും ഇവിടെ ആവശ്യമില്ല. സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് അമിത ഫീസും തലവരിയും വാങ്ങാത്ത സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ അവ നിലനില്‍ക്കട്ടെ. നൂറുശതമാനം നീതി പുലര്‍ത്തുന്ന പ്രഫഷനല്‍ കാഴ്ചപ്പാടുള്ള മുഖ്യമന്ത്രിയാണ് പിണറായി. നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന അദ്ദേഹത്തെ ആര് തടയാന്‍ ശ്രമിച്ചാലും വിജയിക്കില്ല.
സോപ്പിടല്‍ രാഷ്ട്രീയത്തിന് അദ്ദേഹം നില്‍ക്കില്ല. നിശ്ചയദാര്‍ഢ്യത്തോടെയുള്ള നിലപാടുകളില്‍ അനാവശ്യ വിട്ടുവീഴ്ച വേണമെന്ന് ഉപദേശിക്കുന്നവര്‍ക്ക് പത്തുപൈസയുടെ വിലയില്ളെന്നും സുധാകരന്‍ പറഞ്ഞു.

ബുദ്ധിജീവികള്‍ക്ക് വേണ്ടത് അവാര്‍ഡും ഏതെങ്കിലും അക്കാദമിയുടെ തലപ്പത്തെ സ്ഥാനവുമാണ്. സുകുമാര്‍ അഴീക്കോട് മാഷ് ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു പ്രതികരണമെന്ന് ഓര്‍ക്കുകയാണ്. സമൂഹത്തെ സാംസ്കാരികമായി ശുദ്ധീകരിക്കാതെ കേരളം മുന്നോട്ട് പോയാല്‍ വലിയ അപകടം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കെ. സഞ്ജു അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.