പറമ്പിക്കുളം–ആളിയാര്‍: ചിറ്റൂര്‍ പുഴയിലേക്ക് 300 ഘനയടി വെള്ളം

ചിറ്റൂര്‍: പറമ്പിക്കുളം-ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് പൊള്ളാച്ചിയില്‍ നടന്ന കേരള-തമിഴ്നാട് ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ ചിറ്റൂര്‍ പുഴയിലേക്ക് സെക്കന്‍ഡില്‍ 300 ഘനയടി വെള്ളം (ക്യൂസെക്സ്) തുറന്നുവിടാന്‍ ധാരണയായി. ഇതുപ്രകാരമുള്ള വെള്ളം ചൊവ്വാഴ്ച വിട്ടുനല്‍കിത്തുടങ്ങി.
സംയുക്ത ജലക്രമീകരണ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. സുധീറിന്‍െറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് തമിഴ്നാട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്. കരാര്‍ പ്രകാരം ചിറ്റൂര്‍ പുഴയിലേക്ക് ഒക്ടോബര്‍ 15 വരെ നല്‍കേണ്ട 700 ദശലക്ഷം ഘനയടി വെള്ളം നല്‍കാന്‍ തമിഴ്നാട് തയാറായിട്ടില്ല. ഇക്കാലയളവില്‍ ഇതുവരെ ലഭ്യമായത് 150 ദശലക്ഷം ഘനയടി വെള്ളം മാത്രമാണ്. ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ഒന്നാംവിള നെല്‍കൃഷി വിളവെടുപ്പ് പൂര്‍ത്തിയായിട്ടില്ല. ഇപ്പോള്‍തന്നെ ജലദൗര്‍ലഭ്യം രൂക്ഷമായ ചിറ്റൂരിലെ 20,000 ഹെക്ടര്‍ രണ്ടാംവിള നെല്‍കൃഷി രൂക്ഷമായ പ്രതിസന്ധിയിലാണ്. ജലദൗര്‍ലഭ്യം നേരിടുന്ന ചിറ്റൂരിലെ കര്‍ഷകര്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ് തമിഴ്നാടിന്‍െറ പുതിയ തീരുമാനമെങ്കിലും തുലാവര്‍ഷം ചതിച്ചാല്‍ രണ്ടാം വിള നെല്‍കൃഷി അപ്രാപ്യമാവും.

കരാര്‍ പ്രകാരം കേരളത്തിന് നല്‍കേണ്ട വെള്ളത്തിന്‍െറ അഞ്ചിലൊരു ഭാഗം മാത്രമാണ് സര്‍ക്കാര്‍ നല്‍കാന്‍ തയാറായിരിക്കുന്നത്. ഒക്ടോബര്‍ അവസാനിക്കുന്നതിന് മുമ്പ് സംയുക്ത ജലക്രമീകരണ യോഗം വിളിച്ചുചേര്‍ക്കണമെന്ന് കേരളത്തിന്‍െറ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വീണ്ടും ആവശ്യപ്പെട്ടു. ആളിയാര്‍ ഡാമില്‍ വെള്ളം കുറവാണെങ്കിലും പറമ്പിക്കുളം അണക്കെട്ടില്‍നിന്ന് വെള്ളമത്തെിച്ച് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതം നല്‍കണമെന്നാണ് കേരളത്തിന്‍െറ നിലപാട്. ഇതിന് തയാറാവാത്ത തമിഴ്നാട് പറമ്പിക്കുളത്തെ വെള്ളം വൈദ്യുതി ഉല്‍പാദിപ്പിച്ച ശേഷം തിരുമൂര്‍ത്തി അണക്കെട്ടിലത്തെിച്ച് അവിടെനിന്ന് കോണ്ടൂര്‍ കനാര്‍ വഴി മധുര, കോയമ്പത്തൂര്‍ ജില്ലകളിലേക്ക് കാര്‍ഷിക ആവശ്യത്തിന് തിരിച്ചുവിടുകയാണ് ചെയ്യുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.