ആയുര്‍വേദ, ഹോമിയോ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്‍റും അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശ നടപടികള്‍ സങ്കീര്‍ണമായതോടെ ആയുര്‍വേദം, ഹോമിയോ ബിരുദ കോഴ്സുകളിലേക്കുള്ള സര്‍ക്കാര്‍ അലോട്ട്മെന്‍റും അനിശ്ചിതത്വത്തില്‍. സെപ്റ്റംബര്‍ 30ന് എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള പ്രവേശ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ബി.എ.എം.എസ്, ബി.എച്ച്.എം.എസ് കോഴ്സുകളിലേക്കുള്ള അലോട്ട്മെന്‍റ് നടപടികള്‍ തുടങ്ങാനായിരുന്നു പ്രവേശ പരീക്ഷാ കമീഷണറേറ്റിന്‍െറ തീരുമാനം. എന്നാല്‍, സംസ്ഥാനത്തെ പ്രവേശ നടപടി ഒക്ടോബര്‍ ഏഴുവരെ സുപ്രീം കോടതി നീട്ടിയതോടെ ഇത് പാളി. ഏഴിന് നടന്ന അവസാന കേന്ദ്രീകൃത പ്രവേശം പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ അട്ടിമറിച്ചതോടെ പ്രവേശ പരീക്ഷാ കമീഷണറേറ്റ് വീണ്ടും കുരുക്കിലായി. പ്രവേശ നടപടി അട്ടിമറിച്ചതുസംബന്ധിച്ച് കമീഷണര്‍ ഹൈകോടതിക്ക് വ്യാഴാഴ്ച റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.

ഈ റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും പ്രവേശം അട്ടിമറിക്കപ്പെട്ട കോളജുകളുടെ കാര്യത്തില്‍ കോടതി തീര്‍പ്പുകല്‍പിക്കുക. അപ്പോഴേക്കും ബി.എ.എം.എസ്, ബി.എച്ച്.എം.എസ് കോഴ്സുകളിലേക്കുള്ള പ്രവേശം വീണ്ടും വൈകും. ഒക്ടോബര്‍ 31നകം ഈ കോഴ്സുകളിലേക്കുള്ള പ്രവേശ നടപടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. 11 സ്വകാര്യ സ്വാശ്രയ ആയുര്‍വേദ കോളജുകള്‍ സര്‍ക്കാറുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. 50 മെറിറ്റ് സീറ്റില്‍ 75,000 രൂപയും 35 ശതമാനം മാനേജ്മെന്‍റ് ക്വോട്ട സീറ്റില്‍ രണ്ടുലക്ഷം രൂപയും 15 ശതമാനം എന്‍.ആര്‍.ഐ ക്വോട്ട സീറ്റില്‍ 2.5 ലക്ഷം രൂപയുമാണ് കരാര്‍ പ്രകാരമുള്ള ഫീസ്. പ്രവേശ നടപടികള്‍ അനിശ്ചിതമായി വൈകുന്നത് മുതലെടുത്ത് സ്വാശ്രയ ആയുര്‍വേദ കോളജുകള്‍ മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ ക്വോട്ട സീറ്റുകളില്‍ എട്ടുലക്ഷം മുതല്‍ തലവരിപ്പണമായി പിരിക്കുന്നതായും പരാതിയുണ്ട്.

11 സ്വാശ്രയ ആയുര്‍വേദ കോളജുകള്‍ക്ക് പുറമെ സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത ആയുര്‍വേദ കോളജുകളിലേക്കുമായി പ്രവേശ പരീക്ഷാ കമീഷണര്‍ നടത്തിയ മെഡിക്കല്‍ പ്രവേശ പരീക്ഷയുടെ പട്ടികയില്‍ നിന്നുമാണ് അലോട്ട്മെന്‍റ് നടത്തേണ്ടത്. ഈ കോഴ്സുകളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം പ്ളസ് ടു പഠനം കഴിഞ്ഞ വിദ്യാര്‍ഥികള്‍ എന്‍ജിനീയറിങ് പഠനം തുടങ്ങി രണ്ടുമാസം പിന്നിട്ടു.  

എം.ബി.ബി.എസിനും ക്ളാസുകള്‍ തുടങ്ങി. ആയുര്‍വേദം, ഹോമിയോ കോഴ്സുകളിലെ പ്രവേശനടപടി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രവേശ പരീക്ഷാ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രവേശ, ഫീസ് നിര്‍ണയ മേല്‍നോട്ട സമിതി ചെയര്‍മാനായ ജസ്റ്റിസ് ജെ.എം. ജയിംസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച് സമിതിയുടെ പ്രത്യേക യോഗം ഉടന്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ സ്വന്തം നിലക്ക് നടത്തിയ പ്രവേശത്തിന്‍െറ വിവരങ്ങള്‍ കേന്ദ്രീകൃത പ്രവേശത്തിന് ലഭ്യമാക്കാതിരുന്ന നടപടിയില്‍ ഹൈകോടതി നിര്‍ദേശം വന്ന ശേഷമായിരിക്കും ജസ്റ്റിസ് ജയിംസ് കമ്മിറ്റി ഇടപെടുക. രണ്ട് കോളജുകളും മതിയായ രേഖകള്‍ ഹാജരാക്കാതെ പ്രവേശ നടപടികള്‍ അട്ടിമറിച്ച സംഭവത്തില്‍ പ്രവേശ പരീക്ഷാ കമീഷണര്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് ജയിംസ് കമ്മിറ്റിക്കും ലഭ്യമാക്കിയേക്കും.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.