കൽപറ്റ: വയനാട് ജില്ല മുൻ ബി.ജെ.പി പ്രസിഡന്റ് കെ.പി. മധു കോൺഗ്രസിലേക്ക്. എം.എൽ.എമാരായ ടി. സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ എന്നിവരുമായി കെ.പി. മധു ഇതുസംബന്ധിച്ച് ചർച്ച നടത്തി. പ്രിയങ്ക ഗാന്ധി ഈ മാസം 30ന് ജില്ലയിലെത്തുമ്പോൾ കോൺഗ്രസിൽ അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.
കെ.പി. മധുവിനെ കോൺഗ്രസിലേക്ക് എത്തിക്കാൻ സന്ദീപ് വാര്യരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് നീക്കം നടത്തിയത്. സന്ദീപ് വാര്യർ ബുധനാഴ്ച മധുവുമായി ചർച്ച നടത്തി. കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ആലോചിച്ച് അറിയിക്കാമെന്ന് മറുപടി നൽകിയതായും മധു പറഞ്ഞു. കോൺഗ്രസിലേക്ക് വന്നാൽ ആരും അനാഥരാകില്ലെന്നും വെറുപ്പിന്റെ പ്രത്യയശാസ്ത്രം വെടിയുന്നവർക്ക് കോൺഗ്രസിൽ എത്താമെന്നും സന്ദീപ് വാര്യർ പ്രതികരിച്ചിരുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് പിന്നാലെയാണ് കെ.പി. മധുവാണ് പാര്‍ട്ടി വിട്ടത്. കഴിഞ്ഞ ഫെബ്രുവരിവരെ ജില്ല അധ്യക്ഷനായിരുന്ന മധുവിനെ ജില്ലയിലെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭത്തിനിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് സ്ഥാനത്തുനിന്ന് നീക്കിയത്.
ഗ്രൂപ് കളിക്കാനും തമ്മിലടിക്കാനുമാണെങ്കില്‍ ബി.ജെ.പി വേണമെന്ന് നിര്‍ബന്ധമില്ലല്ലോ എന്നായിരുന്നു രാജി പ്രഖ്യാപനത്തിന് പിന്നാലെ കെ.പി. മധു ഒരു വാർത്ത ചാനലിനോട് പറഞ്ഞത്. ‘ഗ്രൂപ്പ് കളിക്കാനോ തമ്മിലടിക്കാനോ ഗുസ്തി കളിക്കാനോ അല്ല, ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടിയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പാലക്കാടുണ്ടായ വിഷയങ്ങള്‍ പോലും ഗ്രൂപ്പുകളിയുടെ ഭാഗമായാണ്. പാലക്കാട് സ്ഥാനാര്‍ഥിത്വവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഞങ്ങള്‍ നോക്കിക്കോളാം, വയനാട്ടിലെ കാര്യങ്ങള്‍ നിങ്ങള്‍ നോക്കിക്കോളൂ എന്നുപറഞ്ഞ് രണ്ട് ഗ്രൂപ്പിന് വീതംവെച്ച് കൊടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ ആരോപണ-പ്രത്യാരോപണങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇങ്ങനെ ഗുസ്തി കളിക്കാനാണെങ്കിൽ എന്തിനാണ് ബി.ജെ.പി.യില്‍ നില്‍ക്കുന്നത്’- കെ.പി. മധുവിന്റെ പ്രതികരണം ഇതായിരുന്നു.
കേവലം ഒരു പ്രസ്താവനയുടെ പേരില്‍ മാറ്റിനിര്‍ത്തിയ തന്നെ സംസ്ഥാന അധ്യക്ഷന്‍ അതിനു ശേഷം ഇതുവരെ വിളിച്ചിട്ടില്ലെന്നാണ് മധു വെളിപ്പെടുത്തിയത്. സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ തന്നെ പൂര്‍ണമായും അവഗണിച്ചുവെന്നും മധു കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.