കൊച്ചി: സര്‍ക്കാറും സി.പി.എമ്മും ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണെന്ന പ്രതിപക്ഷത്തിന്റെ നിലപാട് ശരിവയ്ക്കുന്നതാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ ഹൈകോടതിയില്‍ നല്‍കിയ അപേക്ഷയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അന്വേഷണം പ്രഹസനമാണെന്നാണ് അവര്‍ ആരോപിക്കുന്നത്. ഒരു ഉത്തരവ് പോലും ഇല്ലാതെയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തി തീര്‍ക്കാനാണ് പൊലീസും ശ്രമിക്കുന്നത്. കൈക്കൂലി ചോദിച്ചെന്ന് ആരോപിച്ച് വ്യാജരേഖ ഉണ്ടാക്കിയതു സംബന്ധിച്ച് ഒരു അന്വേഷണവുമില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
“നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി കുടുംബത്തിനൊപ്പമാണെന്നു പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തന്നെയാണ് പ്രതിയായ പി.പി ദിവ്യ ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ സ്വന്തം ഭാര്യയെ അയച്ചത്. ഇത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ്. അഴിമതിക്കാരനാണെന്നു വരുത്തി തീര്‍ത്ത് പ്രതിയെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. ഇതൊരു കൊലപാതകമാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. പ്രതികളെ രക്ഷപ്പെടുത്താനുള്ള കള്ളക്കളി അവസാനിപ്പിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ കുടുംബം ആവശ്യപ്പെടുന്നതു പോലെ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിക്കണം. ഇത്തരം വിഷയങ്ങളില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സി.ബി.ഐ അന്വേഷണത്തിന് സമ്മതിക്കുന്നതായിരുന്നു പതിവ്.
കേരള മനസാക്ഷിയെ ഞെട്ടിച്ച മരണമുണ്ടായിട്ടും പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നവീന്‍ ബാബു കേസിന് പിന്നില്‍ വലിയ ദുരൂഹതകളുണ്ട്. പമ്പ് തുടങ്ങുന്ന സ്ഥലവും പമ്പും ആരുടേതാണ്? കോടിക്കണക്കിന് രൂപ മുടക്കി പമ്പ് തുടങ്ങാനുള്ള സാമ്പത്തികശേഷി പ്രശാന്തനില്ല. പ്രശാന്തന്‍ ആരുടെ ബിനാമിയാണ്? സത്യസന്ധമായ അന്വേഷണം നടന്നാല്‍ ബിനാമി ഇടപാട് ഉള്‍പ്പെടെയുള്ളവ പുറത്തുവരും. വന്‍ സാമ്പത്തിക ഇടപാടാണ് നടന്നിരിക്കുന്നത്. പ്രധാനപ്പെട്ട ഒരാളുടെ ബിനാമിയായാണ് പ്രശാന്തന്‍ പ്രവര്‍ത്തിക്കുന്നത്.
നിവൃത്തികേട് കൊണ്ടാണ് ദിവ്യയെ അറസറ്റു ചെയ്യേണ്ടി വന്നത്. ദിവ്യയെ പ്രീതിപ്പെടുത്താനാണ് പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ സ്വീകരിക്കാന്‍ പോയത്. ദിവ്യക്ക് അറിയാവുന്ന രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന പേടി സി.പി.എം നേതാക്കള്‍ക്കുണ്ട്. സി.പി.എം നേരിടുന്ന ജീര്‍ണതയാണിത്. സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ നീതി നിഷേധിക്കുന്നുവെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്. പി.പി. ദിവ്യ നവീന്‍ ബാബുവിനെ അപമാനിക്കാന്‍ ശ്രമിച്ചത് ആര്‍ക്കു വേണ്ടിയാണെന്നും അന്വേഷിക്കണം. ഒരുപാട് ദുരൂഹതകളുള്ള ഈ കേസ് സി.ബി.ഐ അന്വേഷിക്കണം.
ബന്ധുക്കള്‍ എത്തുന്നതിനും മുമ്പേ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. പി.പി. ദിവ്യയുടെ ഭര്‍ത്താവും പ്രശാന്തനും ജോലി ചെയ്യുന്ന പരിയാരം മെഡിക്കല്‍ കോളജില്‍ ഓട്ടോപ്‌സി ചെയ്യരുതെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ ആവശ്യപ്പെട്ടിട്ടും അവിടെതന്നെ ഓട്ടോപ്‌സി ചെയ്തു. നവീന്‍ ബാബു റെയില്‍വേ സ്റ്റേഷനില്‍ വന്നുപോയെന്ന് പറയുന്നുണ്ടെങ്കിലും ഒരു സി.സി ടി.വി ദൃശ്യം പോലും അന്വേഷണ സംഘം പരിശോധിച്ചിട്ടില്ല. കലക്ടറുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണം” -പ്രതിപക്ഷ നേതാവ് പറഞ്ഞു.
നവീൻ ബാബുവിന്റെ മരണം നടന്ന് ഒന്നരമാസം തികയാനിരിക്കെയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈകോടതിയെ സമീപിച്ചത്. കുറ്റപത്രത്തിൽ വരുന്നത് തെറ്റായ തെളിവുകളാകരുതെന്ന് കുടുംബം ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിൽ ഡിസംബർ ഒമ്പതിന് വിശദമായ വാദം നടക്കും. ഹരജിയിൽ സര്‍ക്കാരിനോടും സി.ബി.ഐയോടും ഹൈകോടതി നിലപാട് തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.