ഐ.എസ് ബന്ധം: കോയമ്പത്തൂരിലെ മൂന്ന് യുവാക്കളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചു

കോയമ്പത്തൂര്‍: ഐ.എസ് ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) മൂന്ന് യുവാക്കളെ കൊച്ചിയിലേക്ക് വിളിപ്പിച്ചു. കോയമ്പത്തൂര്‍ ഉക്കടം ജി.എം നഗര്‍ നവാസ്, നിവാസ്, സഫിയുല്ല എന്നിവരെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ഇതിനായി മൂവരും ബുധനാഴ്ച ഉച്ചക്ക് കോയമ്പത്തൂരില്‍നിന്ന് ട്രെയിനില്‍ എറണാകുളത്തേക്ക് പുറപ്പെട്ടു.
കണ്ണൂര്‍ കനകമലയില്‍ പിടിയിലായ കോയമ്പത്തൂര്‍ സ്വദേശി അബുബഷീര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ സംഘം 10 ദിവസം മുമ്പ് ഉക്കടം ജി.എം നഗറിലെ മൂന്ന് വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് നഗരത്തിലെ 16 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇവരില്‍ നവാസ്, നിവാസ്, സഫിയുല്ല എന്നിവര്‍ ഈയിടെ പാസ്പോര്‍ട്ടിനും തുര്‍ക്കി ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലേക്ക് വിസക്കും അപേക്ഷിച്ചിരുന്നു.
ഐ.എസിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്ന അബുബഷീറിന്‍െറ ഫേസ്ബുക് പേജ് ഇവര്‍ ലൈക് ചെയ്തിരുന്നു. ഫേസ്ബുക് പേജില്‍ ലൈക് ചെയ്തവരെയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരെയുമാണ് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപുകള്‍ തുടങ്ങിയവയും പരിശോധനക്ക് വിധേയമാക്കി.
അതേസമയം, ഐ.എസ് ബന്ധമാരോപിച്ച് കോയമ്പത്തൂര്‍ മേഖലയിലെ മുസ്ലിം യുവാക്കളെ വേട്ടയാടുന്ന എന്‍.ഐ.എ നടപടി അപലപനീയമാണെന്ന് എ. ഷാഹുല്‍ ഹമീദ് (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ), എസ്.എം. മുജീബ്റഹ്മാന്‍ (ജംഇയ്യത്ത് അഹ്ലുല്‍ ഖുര്‍ആന്‍ വല്‍ ഹദീസ്), എ.എ. അബ്ദുല്‍ ഖാദര്‍ (എസ്.ഡി.പി.ഐ) എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.