ജയരാജനെതിരെ അന്വേഷണം ആകാമെന്ന് നിയമോപദേശം

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളില്‍ ബന്ധുക്കളെ കൂട്ടത്തോടെ നിയമിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി ഇ.പി. ജയരാജനെതിരെ പ്രാഥമിക അന്വേഷണം വേണമെന്ന് നിയമോപദേശം.
ഇതുസംബന്ധിച്ച നിയമോപദേശം വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി.സി. അഗസ്റ്റ്യന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് കൈമാറി.
 നിയമോപദേശം ചര്‍ച്ച ചെയ്യാന്‍ ജേക്കബ് തോമസ് വ്യാഴാഴ്ച രാവിലെ എ.ഡി.ജി.പിയും നിയമോപദേശകരും അടക്കമുള്ള വിജിലന്‍സ് ഉന്നതരുടെ യോഗം വിളിച്ചിട്ടുണ്ട്. നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തിലുള്ള തുടരന്വേഷണ കാര്യങ്ങളാകും ചര്‍ച്ച ചെയ്യുക.
പ്രാഥമിക അന്വേഷണം ആവശ്യമാണെന്ന നിയമോപദേശമാണ് നല്‍കിയിട്ടുള്ളതെങ്കിലും ഇതില്‍ ത്വരിതാന്വേഷണം നടത്തണോ അതോ മറ്റുതരത്തിലുള്ള അന്വേഷണം വേണമോ എന്ന കാര്യം വിജിലന്‍സ് ഡയറക്ടര്‍ക്ക് തീരുമാനിക്കാമെന്നും നിയമോപദേശത്തിലുണ്ട്. മുന്‍കാലങ്ങളില്‍ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്.
 മന്ത്രിക്കെതിരായ പരാതികളിലെ ആരോപണങ്ങള്‍ ഗൗരവ സ്വഭാവമുള്ളതിനാല്‍ വിജിലന്‍സിന് പ്രാഥമിക അന്വേഷണം ആകാമെന്നും അന്വേഷണം നടത്തിയില്ളെങ്കില്‍ ആരെങ്കിലും കോടതിയില്‍ ചോദ്യം ചെയ്താല്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് തള്ളിവിടുമെന്നും ഉപദേശമുണ്ട്.
1988ലെ അഴിമതി നിരോധ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പൊതുതാല്‍പര്യത്തിനെതിരായി അധികാര ദുര്‍വിനിയോഗത്തിലൂടെ സ്വജനപക്ഷപാതം കാണിക്കുന്നതും അഴിമതി തന്നെയെന്നാണ് വിജിലന്‍സിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
 പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി നേതാക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബന്ധുനിയമന വിഷയത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.