ഡാമുകള്‍ വറ്റുന്നു; കരുതല്‍ ജലശേഖരം കുറയും

തൊടുപുഴ: സംസ്ഥാനത്തിന്‍െറ ഊര്‍ജോല്‍പാദന കേന്ദ്രമായ ഇടുക്കിയില്‍ മഴ ഗണ്യമായി കുറയുന്നതും ഡാമുകള്‍ വറ്റുന്നതും വൈദ്യുതി മേഖലയില്‍ കനത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സൂചന. വേനല്‍ക്കാലത്തേക്കുള്ള കരുതല്‍ ജലശേഖരത്തെ മഴക്കുറവ് ഗുരുതരമായി ബാധിക്കും. വരുന്ന മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ കൂടിയ വിലയ്ക്ക് വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിവിശേഷമാകും ഇതിലൂടെ സംജാതമാകുക. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലുമായി മഴ സമൃദ്ധമായി ലഭിക്കുന്ന ജൂണ്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31വരെ കാലയളവില്‍ ഇടുക്കിയില്‍ ഉല്‍പാദനം പരമാവധി കുറച്ച് വേനല്‍ക്കാലത്തെ വൈദ്യുതി ഉല്‍പാദനത്തിനായി ഡാമുകളില്‍ ശേഖരിക്കുകയാണ് മുന്‍ വര്‍ഷങ്ങളിലെ പതിവ്. ഈസമയം യൂനിറ്റിന് പരമാവധി അഞ്ചുരൂപയേ ഉള്ളൂ എന്നതിനാല്‍ പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങി സംസ്ഥാനത്തിന്‍െറ കുറവ് പരിഹരിക്കും.

എന്നാല്‍, വേനല്‍ക്കാലത്ത് യൂനിറ്റിന് 20രൂപ വരെ നല്‍കേണ്ടിവരും. ഈസമയത്ത് അണക്കെട്ടുകളില്‍ നേരത്തേ ശേഖരിച്ച ജലം ഉപയോഗിച്ച് സംസ്ഥാനത്തുതന്നെ പരമാവധി ഉല്‍പാദിപ്പിക്കും. എന്നാല്‍, ഇത്തവണ ഇടുക്കി ജില്ലയില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം മഴ 39 ശതമാനം കുറവാണ്. അതിനാല്‍, ഡാമുകളിലെല്ലാം മുന്‍വര്‍ഷം ഇതേസമയത്തെ അപേക്ഷിച്ച് ജലനിരപ്പ് വളരെ താഴെയാണ്. ഇടുക്കി ഡാമില്‍ ഇന്നലെ 2349.44 അടിയാണ് ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇതേസമയത്തേക്കാള്‍ 13 അടി കുറവ്. ഇത് സംഭരണശേഷിയുടെ 45.39 ശതമാനമേയുള്ളൂ.

മുന്‍ വര്‍ഷങ്ങളില്‍ ഇതേസമയം 75 ശതമാനം വരെ ഉണ്ടാകുമായിരുന്നു. മൂലമറ്റത്ത് വൈദ്യുതോല്‍പാദനം പരമാവധി കുറച്ച് ഇടുക്കിയിലുള്ള വെള്ളം വേനല്‍ക്കാലത്തേക്ക് സംഭരിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ബുധനാഴ്ച 2.883 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു മൂലമറ്റത്ത് ഉല്‍പാദനം. മഴക്കുറവുമൂലം മുന്‍വര്‍ഷങ്ങളിലേതുപോലെ ഡാമുകളില്‍ കരുതല്‍ ജലം ശേഖരിക്കാന്‍ കഴിയാത്തതിനാല്‍ വരുന്ന വേനല്‍ക്കാലത്ത് കൂടുതല്‍ വൈദ്യുതി അമിതവിലയ്ക്ക് വാങ്ങേണ്ടിവരും. ചൊവ്വാഴ്ച 62.6228 ദശലക്ഷം യൂനിറ്റാണ് സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപഭോഗം. സംസ്ഥാനത്ത് ആകെ ഉല്‍പാദിപ്പിച്ചത് 8.1794 ദശലക്ഷം യൂനിറ്റും. 54.4435 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് വാങ്ങുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.