എസ്.ബി.ടി-എസ്.ബി.ഐ ലയനം നിര്‍ത്തലാക്കുന്ന ശാഖകളുടെ പട്ടിക തയാറാക്കല്‍ പുരോഗമിക്കുന്നു

കൊല്ലം: എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിന്‍െറ ഭാഗമായി നിര്‍ത്തലാക്കുന്ന ശാഖകളുടെ പട്ടിക തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. എസ്.ബി.ടിയുടെ സംസ്ഥാനത്തെ ആറ് സോണുകളിലും ഏതൊക്കെ ശാഖകള്‍  നിര്‍ത്തണമെന്നത് സംബന്ധിച്ച പട്ടികയാണ് തയാറാകുന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളുള്‍പ്പെടുന്ന കൊല്ലം സോണില്‍ നിര്‍ത്തലാക്കേണ്ട ശാഖകള്‍ സംബന്ധിച്ച് പ്രാഥമിക പട്ടികയായി.  എസ്.ബി.ടിയുടെയും എസ്.ബി.ഐയുടെയും 30 ലേറെ ശാഖകള്‍ ഇരുജില്ലകളിലുമായി നിര്‍ത്തലാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തരം ശാഖകള്‍ സംബന്ധിച്ച് ധാരണയായെങ്കിലും പ്രാദേശികമായി എതിര്‍പ്പുകളോ മറ്റ് പ്രത്യേകസാഹചര്യങ്ങളോ ഉണ്ടെങ്കില്‍ അതുകൂടി പരിഗണിച്ചാവും അന്തിമതീരുമാനം.

രണ്ട് ബാങ്കുകളുടെയും ശാഖകളുള്ളയിടങ്ങളില്‍ ഒന്ന് മതിയെന്ന നിലപാടാണ് എസ്.ബി.ഐക്ക്. കൊല്ലം സോണില്‍ നിര്‍ത്തലാക്കുന്നവയില്‍ മിക്ക ശാഖകളും ഗ്രാമീണ മേഖലയിലാണ്. എസ്.ബി.ടിയുടെ കൊട്ടിയം, ബീച്ച് റോഡ്, കണ്ണനല്ലൂര്‍, ഓച്ചിറ പി ആന്‍ഡ് എസ്.ബി, ആയൂര്‍, ഭരണിക്കാവ്, കുന്നിക്കോട്, കുണ്ടറ പി ആന്‍ഡ് എസ്.ബി, പുനലൂര്‍ പി ആന്‍ഡ് എസ്.ബി, ചേര്‍ത്തല ടൗണ്‍, കുത്തിയതോട്, കായംകുളം, കരുനാഗപ്പള്ളി പി ആന്‍ഡ് എസ്.ബി, ക്ളാപ്പന, കാഞ്ഞിരംകുഴി, ചേര്‍ത്തല പി ആന്‍ഡ് എസ്.ബി, എടത്വ, കൊല്ലം മെയിന്‍ ബ്രാഞ്ച്, വടൈകനാല്‍ എന്നിവയും എസ്.ബി.ഐയുടെ കൊല്ലം എന്‍.ആര്‍.ഐ മെയിന്‍, കടപ്പാക്കട, കൊല്ലം എം.എസ്.എം.ഇ, തേവള്ളി, ചവറ, പത്തനാപുരം, പുലമണ്‍, അമ്പലപ്പുഴ, ഹരിപ്പാട്, വെണ്‍മണി, കൊട്ടാരക്കര എന്നിവയുമാണ് നിര്‍ത്തലാക്കേണ്ട ശാഖകളുടെ പ്രാഥമികപട്ടികയിലുള്ളത്.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സോണുകളില്‍ നിര്‍ത്തലാക്കേണ്ട ശാഖകളുടെ പട്ടിക തയാറാക്കിവരുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂറിന്‍െറ ആലപ്പുഴ ശാഖയും എസ്.ബി.ഐ ലയനത്തോടെ നിര്‍ത്തലാക്കുമെന്നറിയുന്നു. നിലവില്‍ ഇരു ബാങ്കുകളുടെയും ശാഖകള്‍ ഒരേ സ്ഥലത്തുള്ളയിടങ്ങളിലടക്കം മികച്ച ബിസിനസാണ് ഉള്ളത്. ശാഖകളിലൊന്ന് നിര്‍ത്തുന്നതോടെ ശേഷിക്കുന്നതില്‍ ഇടപാടുകാരുടെ വലിയ തിരക്കുണ്ടാവുകയും വായ്പകളടക്കം സേവനങ്ങള്‍ യഥാസമയം ലഭിക്കാതാവുകയും ചെയ്യും. ഇത് ഫലത്തില്‍ ഗ്രാമീണമേഖലയിലടക്കം സ്വകാര്യബാങ്കുകളെ ആശ്രയിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കും. എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നത് സാധാരണ ഇടപാടുകാരെ ബാധിക്കില്ളെന്നാണ് മാനേജ്മെന്‍റ് വിശദീകരണം. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ലയനം വലിയൊരുവിഭാഗം ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരാകുമെന്ന സൂചനയാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.